ADVERTISEMENT

ജൊഹാനാസ്ബർഗ്∙ ഇന്ത്യൻ നായകൻ വിരാട് കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനു മുൻപേ പരുക്കു ഭേദമായി ടീമിൽ തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് താൽക്കാലിക നായകൻ കെ.എൽ. രാഹുൽ. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് ഏഴു വിക്കറ്റ് തോൽവി വഴങ്ങിയതിനു പിന്നാലെ സംസാരിക്കുമ്പോഴാണ് കോലി മൂന്നാം ടെസ്റ്റിൽ കളിക്കുമെന്ന് രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അതേസമയം, രണ്ടാം ടെസ്റ്റിനിടെ പരുക്കേറ്റ മുഹമ്മദ് സിറാജ് മൂന്നാം ടെസ്റ്റിൽ കളിക്കുന്ന കാര്യം സംശയമാണെന്നും രാഹുൽ പറഞ്ഞു.

പുറത്തിനേറ്റ പരുക്കുമൂലം രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിനു തൊട്ടുമുൻപാണ് കോലി ടീമിനു പുറത്തായത്. തുടർന്ന് കെ.എൽ. രാഹുലിനെ ക്യാപ്റ്റനായും ജസ്പ്രീത് ബുമ്രയെ വൈസ് ക്യാപ്റ്റനായും പ്രഖ്യാപിക്കുകയായിരുന്നു.

‘കോലിയുടെ അവസ്ഥ വളരെയധികം ഭേദപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നെറ്റ്സിൽ പരിശീലിക്കുന്നുമുണ്ട്. ഫീൽഡിങ് പരിശീലനവും ഓട്ടവുമൊക്കെയായി അദ്ദേഹം കളത്തിലിറങ്ങുന്നുണ്ട്. മൂന്നാം ടെസ്റ്റിൽ കളിക്കാൻ കോലിയുണ്ടാകുമെന്നാണ് പ്രതീക്ഷ’ – രാഹുൽ പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 240 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ നായകൻ ഡീൻ എൽഗാറിന്റെ അർധസെഞ്ചുറി പ്രകടനമാണ് വിജയത്തിലേക്കു നയിച്ചത്. 188 പന്തിൽ 96 റൺസുമായി പുറത്താകാതെ നിന്ന എൽഗാറിന്റെ മികവിൽ ദക്ഷിണാഫ്രിക്ക കുറിച്ചത് ഏഴു വിക്കറ്റ് വിജയം. ഇതോടെ മൂന്നു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കൊപ്പമെത്തുകയും ചെയ്തു.

കോലി മടങ്ങിവരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും രണ്ടാം ടെസ്റ്റിനിടെ പരുക്കേറ്റ മുഹമ്മദ് സിറാജ് മൂന്നാം ടെസ്റ്റിൽ കളിക്കുന്ന കാര്യം സംശയമാണെന്നും രാഹുൽ പറഞ്ഞു.

‘സിറാജിന്റെ പരുക്ക് നിരീക്ഷിക്കേണ്ടതുണ്ട്. കൈക്കുഴയ്ക്കു പരുക്കേറ്റാൽ അതു ഭേദമായി തിരിച്ചെത്താൻ സമയമെടുക്കും. പക്ഷേ, ഉമേഷ് യാദവും ഇഷാന്ത് ശർമയും പകരക്കാരനായി കളിക്കാനുള്ളതിനാൽ ആശങ്കപ്പെടാനില്ല. ടെസ്റ്റ് പരമ്പരയ്ക്കായി ഇവിടെ എത്തിയപ്പോൾത്തന്നെ ഇത്തരം പരുക്കുകൾ നമ്മൾ പ്രതീക്ഷിച്ചതാണ്’ – രാഹുൽ പറഞ്ഞു.

English Summary: Virat Kohli should be fine to play 3rd Test, has been batting and fielding in the nets, says KL Rahul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com