ADVERTISEMENT

മുംബൈ∙ വർഷം ആറു കഴിഞ്ഞെങ്കിലും 2015ലെ ഏകദിന ലോകകപ്പ് ടീമിൽ അവസരം ലഭിക്കാത്തതിലുള്ള അരിശം ഹർഭജൻ സിങ്ങിനെ വിട്ടുമാറുന്നില്ല. സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചതിനു പിന്നാലെയാണ് 2015 ഏകദിന ലോകകപ്പിനുള്ള ടീമിൽനിന്ന് പുറത്താക്കിയതിലുള്ള അതൃപ്തി ഒരിക്കൽക്കൂടി ഹർഭജൻ പരസ്യമാക്കിയത്. ടീമിൽനിന്ന് പുറത്താക്കാനുള്ള കാരണം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വെളിപ്പെടുത്തണമെന്നും ഹർഭജൻ സിങ് ആവശ്യപ്പെട്ടു. ഇന്ത്യ കിരീടം ചൂടിയ 2007ലെ ട്വന്റി20, 2011ലെ ഏകദിന ലോകകപ്പ് ടീമുകളിൽ ഹർഭജൻ അംഗമായിരുന്നു.

2011 ഏകദിന ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട യുവരാജ് സിങ്, കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയ സഹീർ ഖാൻ, ഓപ്പണർമാരായ വീരേന്ദർ സേവാഗ്, ഗൗതം ഗംഭീർ എന്നിവർക്കൊപ്പം ഒരു ലോകകപ്പിൽ കൂടി കളിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു താനെന്ന് ഹർഭജൻ പറഞ്ഞു.

‘യുവരാജും സേവാഗും ഉൾപ്പെടെയുള്ള സുഹൃത്തുക്കൾക്കൊപ്പം ഒരു ലോകകപ്പ് കൂടി കളിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. ടെസ്റ്റിൽ 400 വിക്കറ്റ് തികയ്ക്കുമ്പോൾ എനിക്ക് 31 വയസ് മാത്രമായിരുന്നു പ്രായം. 2011ൽ എനിക്ക് ആ പ്രായമേയുള്ളൂ. അന്ന് കളത്തിൽ സജീവമായിരുന്ന പലരേക്കാളും മികവോടെയാണ് ഞാൻ കളിച്ചിരുന്നത്’ – ഹർഭജൻ പറഞ്ഞു.

‘പക്ഷേ, അതിനുശേഷം എല്ലാം എന്റെ കൈവിട്ടുപോയി. ഒന്നും വിചാരിച്ചതുപോലെ നടന്നില്ല. എന്താണ് സംഭവിച്ചതെന്നോ ആരാണ് അതിനു പിന്നിലെന്നോ എനിക്കറിയില്ല. നടന്നത് നടന്നു. അതേക്കുറിച്ച് ഇനിയും പറഞ്ഞിട്ട് കാര്യമില്ല’ – ഹർഭജൻ ചൂണ്ടിക്കാട്ടി.

‘എങ്കിലും യുവരാജ്, വീരു, ഗംഭീർ തുടങ്ങിയവർക്കൊപ്പം ഒരു ലോകകപ്പ് കൂടി കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്നത് വാസ്തവമാണ്. 2015ലെ ഏകദിന ലോകകപ്പ് ടീമിൽ ഇടംപിടിക്കാനുള്ള മികവ് ഞങ്ങൾക്കുണ്ടായിരുന്നു. നിർഭാഗ്യവശാൽ അങ്ങനെ സംഭവിച്ചില്ല. ഇതൊന്നും നമ്മുടെ കൈകളിലല്ലല്ലോ. ഒറ്റക്കാര്യമേ എനിക്കു പറയാനുള്ളൂ. അവസരം കിട്ടിയപ്പോഴെല്ലാം ഇന്ത്യൻ ക്രിക്കറ്റിനായി കഴിവിന്റെ പരമാവധി നൽകാൻ ശ്രമിച്ചിട്ടുണ്ട്’ – ഹർഭജൻ വിശദീകരിച്ചു.

‘ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അവസരം നൽകിയ ബിസിസിഐയോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. പക്ഷേ 2011 ലോകകപ്പ് ഇന്ത്യയ്ക്ക് സമ്മാനിച്ച ടീമിലെ ഞാനുൾപ്പെടെയുള്ള താരങ്ങൾക്ക് 2012, 2013, 2014 വർഷങ്ങളിൽ ടീമിൽ അവസരം കിട്ടാത്തതെന്ത് എന്ന് ആരാധകർ ഞങ്ങളോട് ചോദിച്ചിരുന്നു. അതിനുള്ള ഉത്തരം ഞങ്ങൾക്ക് അറിയുമായിരുന്നില്ല. അതിന്റെ ഉത്തരം നിങ്ങൾക്കുമറിയില്ല. ആർക്കാണ് ഇതിന്റെ ഉത്തരം നൽകാനാകുക എന്ന് എനിക്ക് അറിയില്ല’ – ഹർഭജൻ പറഞ്ഞു.

‘ഒരുപക്ഷേ, ബിസിസിഐയോടു അന്വേഷിച്ചാൽ ഉത്തരം കിട്ടുമായിരിക്കും. 2011 ലോകകപ്പ് നേടിയ ടീമംഗങ്ങൾക്ക് പിന്നീട് അവസരം നൽകാത്തത് എന്തെന്ന് അവരോടു ചോദിക്കൂ. അന്ന് ഞങ്ങളാരും പ്രായമേറിയവരായിരുന്നില്ല. ഞങ്ങൾ മുപ്പതുകളിലേക്കു കടന്നതേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് 31 വയസ്, വീരുവിന് 31–32, യുവരാജിന് 29–30 എന്നിങ്ങനെയായിരുന്നു പ്രായം. എന്നിട്ടും ഞങ്ങളിലാർക്കും മറ്റൊരു ലോകകപ്പ് കളിക്കാൻ അവസരം തന്നില്ല’ – ഹർഭജൻ പറഞ്ഞു.

English Summary: Harbhajan rues missing chance of playing 'another World Cup with Viru, Yuvi'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com