ADVERTISEMENT

ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ കിവീസ് താരം വിൽ യങ് നൽകിയ ഉറച്ച ക്യാച്ച് കൈവിട്ടതിനു പിന്നാലെ അതേ പന്തിൽ ഏഴു റൺസ് ‘സംഭാവന’യും നൽകി ബംഗ്ലദേശ് താരങ്ങളുടെ വിശാല മനസ്കത. നിയമാനുസൃതമായ പന്തിൽ‌ ബാറ്റ്സ്മാന് അടിച്ചെടുക്കാവുന്ന പരമാവധി റൺസ് ആറു റൺസ് ആണെന്നിരിക്കെയാണ് ഏഴു റൺസ് സംഭാവന നൽകി ബംഗ്ലദേശ് താരങ്ങൾ ആതിഥേയ ടീമിനോടുള്ള ‘സ്നേഹം’ പ്രകടമാക്കിയത്. ന്യൂസീലൻഡ് താരം വിൽ യങ് നൽകിയ ക്യാച്ച് കൈവിട്ട ശേഷമായിരുന്നു ബംഗ്ലദേശ് താരങ്ങൾ അധിക റൺസും വഴങ്ങിയത്.

മത്സരത്തിന്റെ ആദ്യ ദിനമായ ഞായറാഴ്ച ലഞ്ചിനു ശേഷമുള്ള ആദ്യ ഓവറിലാണ് സംഭവം. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലദേശ് ന്യൂസീലൻഡിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഒന്നാം ദിനം ആദ്യ സെഷനിൽ ന്യൂസീലൻഡ് ഓപ്പണർമാർ ക്രീസിൽ ഉറച്ചുനിന്നതോടെ സ്കോർ ബോർഡിൽ എത്തിയത് വിക്കറ്റ് നഷ്ടം കൂടാതെ 92 റൺസ്.

ഉച്ചഭക്ഷണത്തിനുശേഷം ആദ്യ ഓവർ എറിയാനെത്തിയത് എബാദത്ത് ഹുസൈൻ. ഈ ഓവറിലെ അവസാന പന്തിൽ ബാറ്റുവച്ച കിവീസ് ഓപ്പണർ വിൽ യങ്ങിനു പിഴച്ചു. പന്ത് ബാറ്റിന്റെ അരികിൽത്തട്ടി നേരെ സ്ലിപ്പിലേക്ക്. എന്നാൽ, പന്തിനായി ഡൈവ് ചെയ്ത ബംഗ്ലാ താരത്തിന് അത് കയ്യിലൊതുക്കാനായില്ല. ഇതോടെ കയ്യിൽത്തട്ടി ഗതിമാറിയ പന്ത് ബൗണ്ടറിയിലേക്ക് നീങ്ങി.

ഇതിനിടെ ന്യൂസീലൻഡ് ഓപ്പണർമാരായ വിൽ യങ്ങും ടോം ലാതവും മൂന്നു റൺസ് ഓടിയെടുത്തു. ബൗണ്ടറിക്കരികെ പന്ത് ഫീൽഡ് ചെയ്ത ബംഗ്ലാ താരം അത് വിക്കറ്റ് കീപ്പർ നൂറുൽ ഹസ്സന്റെ കൈകളിലേക്ക് എറിഞ്ഞുകൊടുത്തു. മൂന്നാം റണ്ണിനായി ഓടിക്കൊണ്ടിരുന്ന വിൽ യങ്ങിനെ റണ്ണൗട്ടാക്കുന്നതിന് നോണ്‍ സ്ട്രൈക്കേഴ്സ് എൻഡിലേക്ക് ഹസൻ‌ എറിഞ്ഞുകൊടുത്ത പന്ത് സ്റ്റംപിനെ തൊട്ടില്ലെന്നു മാത്രമല്ല, പിടിച്ചെടുക്കാൻ ആർക്കുമായതുമില്ല. ഫലം, ഓടിയെത്തിയ എബാദത്ത് ഹുസൈനു പിടികൊടുക്കാതെ പന്ത് ബൗണ്ടറി കടന്നു.

ഫലത്തിൽ കിവീസ് താരം വിൽ യങ് ക്യാച്ചിൽനിന്ന് രക്ഷപ്പെട്ട ആ പന്തിൽ ന്യൂസീലൻഡിന് ലഭിച്ചത് ഓടിയെടുത്ത മൂന്നു റൺസിനു പുറമേ ഓവർത്രോയായി നാലു റൺസ് കൂടി. ആകെ ലഭിച്ചത് ഏഴു റൺസ്! ടെസ്റ്റിന്റെ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 349 റൺസുമായി ശക്തമായ നിലയിലാണ് ന്യൂസീലൻഡ്. ക്യാപ്റ്റൻ കൂടിയായി ഓപ്പണർ ടോം ലാതം 186 റൺസോടെയും ഡിവോൺ കോൺവേ 99 റൺസോടെയും ക്രീസിൽ. 54 റൺസെടുത്ത വിൽ യങ് മാത്രമാണ് പുറത്തായത്. ഷോറിഫുൽ ഇസ്‌ലാമിനാണ് വിക്കറ്റ്.

English Summary: Comedy of errors as NZ's Young scores 7 runs in 1 ball against Bangladesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com