ADVERTISEMENT

മുംബൈ∙ കോവിഡ് വ്യാപനം ഒരിക്കൽക്കൂടി രാജ്യത്താകമാനം ഭീഷണി ഉയർത്തവെ, ഈ വർഷത്തെ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ പൂർണമായും മഹാരാഷ്ട്രയിൽ നടത്തുന്ന കാര്യം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) പരിഗണനയിൽ. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയം, പുണെയ്ക്കു സമീപമുള്ള മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നിവിടങ്ങളിലായി ഇത്തവണ ടൂർണമെന്റ് നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. കോവിഡ് വ്യാപനം കൈവിട്ടുപോയാൽ മുൻകരുതലെന്ന നിലയിൽ ‘പ്ലാൻ ബി’ ആയിട്ടാണ് ഇക്കാര്യം ബിസിസിഐ പരിഗണിക്കുന്നത്.

‘മുംബൈയിലെ സ്റ്റേഡിയങ്ങളുടെ ലഭ്യത സംബന്ധിച്ച് ബിസിസിഐ സിഇഒ ഹേമങ് അമിൻ കഴിഞ്ഞ ദിവസം മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് വിജയ് പാട്ടീലിനെ ബന്ധപ്പെട്ടിരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ യോഗം നടക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. പിന്നീട് അമിനും പാട്ടീലും ചേർന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ കണ്ട് അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞു. അദ്ദേഹം ബിസിസിഐ നിർദ്ദേശം അംഗീകരിച്ചിട്ടുണ്ട്’ – നീക്കങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.

‘ഏതാനും ദിവസങ്ങൾക്കുള്ളിൽ ഹേമങ് അമിനും വിജയ് പാട്ടീലും ചേർന്ന് ഇതേ ആവശ്യത്തിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ചീഫ് സെക്രട്ടറി ദേബാശിഷ് ചക്രവർത്തി എന്നിവരെ കാണും. കടുത്ത ബയോ സെക്യുർ ബബ്ൾ നിയന്ത്രണങ്ങളോടെ ആരാധകരെ ഉൾപ്പെടുത്താതെ നടത്തുന്ന മത്സരങ്ങളായതിനാൽ സർക്കാരിന്റെ അനുമതി ലഭിക്കാൻ പ്രയാസമുണ്ടാകില്ലെന്നാണ് കരുതുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന കളിക്കാരേയും ഒഫീഷ്യൽസിനെയും സ്ഥിരമായി കോവിഡ് പരിശോധനയ്ക്കും വിധേയരാക്കും’ – റിപ്പോർട്ടിൽ പറയുന്നു.

മഹാരാഷ്ട്രയിൽ പ്രത്യേകിച്ചും മുംബൈയിൽ കോവിഡ് കേസുകളിൽ വൻ വർധനവുണ്ടെങ്കിലും, കായിക മത്സരങ്ങൾ ചില ഉപാധികളോടെ നടത്തുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഐപിഎൽ പൂർണമായും ഇവിടെ നടത്താനുള്ള ആലോചന. വനിതകളുടെ എഎഫ്സി ഏഷ്യാകപ്പ് മുംബൈയിൽ നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതും അടുത്തിടെയാണ്.

സാധാരണ ഗതിയിൽ ഹോം, എവേ മത്സരങ്ങളായാണ് ഐപിഎൽ ടൂർണമെന്റ് സംഘടിപ്പിക്കാറെങ്കിലും, കോവിഡ് കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിലാണ് വേദികളുടെ എണ്ണം പത്തിൽനിന്ന് നാലായി ചുരുക്കാൻ ബിസിസിഐ ആലോചിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകൾ മാറ്റിവച്ചതായി ജനുവരി അഞ്ചിന് ബിസിസിഐ അറിയിച്ചിരുന്നു.

മത്സരങ്ങൾ മുംബൈയിലെ മൂന്നും പുണെയിലെ ഒന്നും വേദികളിലേക്കു ചുരുക്കുമ്പോൾ, ടീമുകളുടെ യാത്ര നിയന്ത്രിക്കാമെന്നതാണ് ഏറ്റവും വലിയ ഗുണം. മുൻപ് കടുത്ത ബയോ സെക്യുർ ബബ്ൾ നിയന്ത്രണങ്ങൾക്കിടയിലും ടീമംഗങ്ങൾക്കിടയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ വ്യാപകമായ യാത്രകളും കാരണമായതായി വിലയിരുത്തലുണ്ടായിരുന്നു.

English Summary: BCCI looking to stage entire IPL in Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com