ADVERTISEMENT

ജൊഹാനാസ്ബർഗ്∙ ഐപിഎൽ താരലേല ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായ ക്രിസ് മോറിസ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ക്രിക്കറ്റിന്റെ എല്ലാവിധ രൂപങ്ങളിൽനിന്നും വിരമിക്കുന്നതായി ക്രിസ് മോറിസ് പ്രഖ്യാപിച്ചു. രാജ്യാന്തര തലത്തിൽ ദക്ഷിണാഫ്രിക്കയ്ക്കായി 42 ഏകദിനങ്ങളും 23 ട്വന്റി20 മത്സരങ്ങളും നാലു ടെസ്റ്റുകളും കളിച്ചിട്ടുള്ള താരമാണ് മുപ്പത്തിനാലുകാരനായ മോറിസ്. ഇനി ദക്ഷിണാഫ്രിക്കൻ ടീമായ ടൈറ്റൻസിന്റെ പരിശീലക റോളിലുണ്ടാകുമെന്നും വിരമിക്കൽ പ്രഖ്യാപനത്തിൽ മോറിസ് വ്യക്തമാക്കി. ഒരു പതിറ്റാണ്ടു പിന്നിട്ട കരിയറിനാണ് മോറിസ് തിരശീലയിട്ടത്.

‘ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽനിന്നും ഞാനിന്ന് വിരമിക്കുകയാണ്. എന്റെ ക്രിക്കറ്റ് ജീവിതത്തിൽ ഇതുവരെ ചെറുതും വലുതുമായ സംഭാവനകൾ നൽകിയ എല്ലാവരെയും ഓർക്കുന്നു. രസകരമായൊരു യാത്രയായിരുന്നു അത്. ടൈറ്റൻസിന്റെ പരിശീലക ജോലി ഏറ്റെടുക്കുന്നതിന്റെ സന്തോഷവും പങ്കുവയ്ക്കുന്നു’ – മോറിസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കായി എല്ലാ ഫോർമാറ്റിലുമായി 69 മത്സരങ്ങളാണ് മോറിസ് കളിച്ചിട്ടുള്ളത്. ആകെ 94 വിക്കറ്റുകളും വീഴ്ത്തി. 2019ലെ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചു. ആൻറിച് നോർട്യയ്ക്ക് പരുക്കേറ്റതിനെ തുടർന്ന് അവസാന നിമിഷമാണ് ടീമിലേക്കു വിളിയെത്തിയതെങ്കിലും ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കയുടെ ഒന്നാം നമ്പർ വിക്കറ്റ് വേട്ടക്കാരനായി.

ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ട്വന്റി20 ലീഗുകളിലും സജീവമായിരുന്നു. ഐപിഎൽ 14–ാം സീസണിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു. 

ഐപിഎൽ താരലേലത്തിന്റെ ചരിത്രത്തിൽ ഇതുവരെയുള്ള ഏറ്റവും വിലകൂടിയ താരമെന്ന റെക്കോർഡുമായാണ് മോറിസ് കളി നിർത്തുന്നത്. ഐപിഎൽ 14–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ 16.25 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് മോറിസിനെ സ്വന്തമാക്കിയത്. ഒരേയൊരു രാജ്യാന്തര ട്വന്റി20 മത്സരത്തിന്റെ മാത്രം പരിചയസമ്പത്തുണ്ടായിരുന്ന സമയത്താണ് 2013ലെ ഐപിഎൽ താരലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് മോറിസിനെ ആദ്യമായി സ്വന്തമാക്കുന്നത്. അന്ന് അടിസ്ഥാന വിലയുടെ 31 ഇരട്ടി തുകയ്ക്ക് നാലു കോടിയിലധികം രൂപ നൽകിയാണ് ചെന്നൈ മോറിസിനെ സ്വന്തമാക്കിയത്. പിന്നീട് 2016ലെ താരലേലത്തിൽ ഡൽഹി ഡെയർഡെവിൾസ് ഏഴു കോടി രൂപയ്ക്ക് മോറിസിനെ സ്വന്തമാക്കി. 2020 ഐപിഎൽ താരലേലത്തിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് 10 കോടി രൂപയ്ക്കാണ് താരത്തെ കൂടാരത്തിലെത്തിച്ചത്.

ഇതിനു പിന്നാലെയാണ് ഐപിഎൽ താരലേല ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമെന്ന റെക്കോർഡുമായി 2021ൽ രാജസ്ഥാൻ റോയൽസ് മോറിസിനെ 16.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. അതേസമയം, ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ താരം മോറിസല്ല. 2018–2021 കാലഘട്ടത്തിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ആർസിബി നൽകിയിരുന്ന പ്രതിഫലം 17 കോടി രൂപയാണ്.

ബിഗ് ഹിറ്റുകൾക്കുള്ള ശേഷിയും നിർണായക സമയത്തു വിക്കറ്റുകൾ സ്വന്തമാക്കാനുള്ള കഴിവുമാണ് മോറിസിനെ ടീമുകൾക്ക് പ്രിയപ്പെട്ടവനാക്കിയത്. അതേസമയം, കായികക്ഷമതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിമിത്തം രാജ്യാന്തര കരിയറിൽ വേണ്ടത്ര ശോഭിക്കാന‍് താരത്തിന് സാധിച്ചില്ല.

English Summary: Chris Morris, IPL's most expensive player, announces retirement from all forms of the game

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com