ADVERTISEMENT

ക്രൈസ്റ്റ്ചർച്ച് ∙ 112 മത്സരങ്ങൾ നീളുന്ന ടെസ്റ്റ് കരിയറിൽ 100 പന്തുകൾ തികച്ചെറിയാൻ റോസ് ടെയ്‍ലറിന് സാധിച്ചില്ല. എങ്കിലും വിരമിക്കൽ ടെസ്റ്റിൽ എറിഞ്ഞ അവസാന പന്തിൽ വിക്കറ്റെടുത്ത് ബംഗ്ലദേശിനെതിരെ ന്യൂസീലൻഡിന് ഇന്നിങ്സ് വിജയവും സമ്മാനിച്ച് ടെയ്‌ലർ രാജ്യാന്തര ക്രിക്കറ്റിന്റെ പടിയിറങ്ങി. ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ടെസ്റ്റ് കരിയറിൽ എറിഞ്ഞ 99–ാം പന്തിൽ കരിയറിലെ മൂന്നാമത്തെ മാത്രം വിക്കറ്റ് സ്വന്തമാക്കിയാണ് ടെയ്‍ലർ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്.

ബംഗ്ലദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡ് ഇന്നിങ്സ് വിജയം ആഘോഷിക്കുമ്പോൾ, ബംഗ്ലദേശിനെ തോൽവിയിലേക്കു തള്ളിയിട്ട അവസാന വിക്കറ്റ് വിരമിക്കൽ മത്സരം കളിച്ച റോസ് ടെയ്‍ലറിന്. രണ്ടാം ഇന്നിങ്സിൽ ബംഗ്ലദേശ് താരം എബാദത്ത് ഹുസൈനെ പുറത്താക്കിയാണ് ടെയ്‍ലർ ന്യൂസീലൻഡിന് ഇന്നിങ്സ് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ടെയ്‍ലറിന്റെ ആദ്യ ഓവറിലെ മൂന്നാം പന്തിലാണ് ഹുസൈൻ പുറത്തായത്. ബാറ്റുകൊണ്ട് ഒന്നര പതിറ്റാണ്ടു കാലം ന്യൂസീലൻഡ് ടീമിനെ താങ്ങിനിർത്തിയ ടെയ്‌ലറിന്, രാജ്യാന്തര കരിയറിൽ എറിഞ്ഞ അവസാന പന്തിൽ വിക്കറ്റ് വീഴ്ത്തി പടിയിറക്കം.

ആദ്യ ടെസ്റ്റിൽ ബംഗ്ലദേശിനോടു തോറ്റ് നാണംകെട്ട ന്യൂസീലൻഡ്, രണ്ടാം ടെസ്റ്റിൽ ഇന്നിങ്സിനും 117 റൺസിനുമാണ് ജയിച്ചത്. ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 521 റൺസെടുത്ത ന്യൂസീലൻഡിനെതിരെ വെറും 126 റൺസിന് പുറത്തായി ബംഗ്ലദേശ് ഫോളോഓൺ ചെയ്തപ്പോൾത്തന്നെ ടെസ്റ്റിന്റെ വിധി വ്യക്തമായിരുന്നു. രണ്ടാം ഇന്നിങ്സിൽ ലിറ്റൻ ദാസ് നേടിയ സെഞ്ചുറിക്കും (102) ബംഗ്ലദേശിന്റെ ഒന്നാം ഇന്നിങ്സ് കടം വീട്ടാനാകാതെ പോയതോടെ, അവർ 278 റൺസിന് പുറത്തായി. കിവീസ് വിജയം ഇന്നിങ്സിനും 117 റൺസിനും. ഇരട്ടസെഞ്ചുറി നേടിയ ടോം ലാതമാണ് കളിയിലെ കേമൻ. ഡിവോൺ കോൺവേ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ross-taylor-1

114 പന്തുകൾ നേരിട്ട ലിറ്റൻ ദാസ് 14 ഫോറും ഒരു സിക്സും സഹിതമാണ് 102 റൺസെടുത്തത്. ക്യാപ്റ്റൻ മോമിനുൽ ഹഖ് (37), നൂറുൽ ഹസൻ (36), ഷദ്മാൻ ഇസ്‌ലാം (21), മുഹമ്മദ് നയിം (24), നജ്മുൽ ഹുസൈൻ ഷാന്റോ (29) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 18 ഓവറിൽ 82 റൺസ് വഴങ്ങഇ നാലു വിക്കറ്റ് പിഴുത കൈൽ ജയ്മിസനാണ് ബംഗ്ലദേശിനെ തകർത്തത്. നീൽ വാഗ്‌നർ മൂന്നും ടിം സൗത്തി, ഡാരിൽ മിച്ചൽ, റോസ് ടെയ്‍ലർ എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു. ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റുമായി വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയ ട്രെന്റ് ബോള്‍ട്ടിന് രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് ലഭിച്ചില്ല.

∙ ചരിത്രം ‘തുന്നി’ ടെയ്‌ലർ മടങ്ങി

ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും 100 മത്സരം പൂർത്തിയാക്കുന്ന ആദ്യ രാജ്യാന്തര താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ ടെയ്‌ലർ ഒന്നരപ്പതിറ്റാണ്ട് നീളുന്ന രാജ്യാന്തര ക്രിക്കറ്റിൽനിന്ന് പാഡഴിച്ചതോടെ അഴിഞ്ഞുവീഴുന്നത് ന്യൂസീലൻഡ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഒരു ഭാഗം കൂടിയാണ്. ന്യൂസീലൻഡിനായി ബാറ്റെടുത്തതിൽ ഏറ്റവും മികച്ചവരിലൊരാളായി, ഇതിഹാസ താരമായാണ് പടിയിറക്കം. കിവീസിനായി 2006ൽ അരങ്ങേറ്റം നടത്തിയ താരം മുപ്പത്തെട്ടാം വയസ്സിൽ കളി നിർത്തുമ്പോൾ സ്വന്തം രാജ്യത്തിനായി ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന ഖ്യാതിയും കൂടെക്കൂട്ടുന്നു.

ടെസ്റ്റ് കരിയറിലെ അവസാന പന്തിൽ വിക്കറ്റെടുത്ത റോസ് ടെയ്‌ലറിന്റെ ആഹ്ലാദം (ട്വിറ്റർ ചിത്രം)
ടെസ്റ്റ് കരിയറിലെ അവസാന പന്തിൽ വിക്കറ്റെടുത്ത റോസ് ടെയ്‌ലറിന്റെ ആഹ്ലാദം (ട്വിറ്റർ ചിത്രം)

112 ടെസ്റ്റുകളിൽനിന്ന് 44.16 ശരാശരിയിൽ 7684 റൺസാണ് ടെയ്‍ലറിന്റെ സമ്പാദ്യം. ഇതിൽ 19 സെഞ്ചുറികളും 35 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. മൂന്നെണ്ണം ഇരട്ടസെഞ്ചുറികളാണ്. 290 റൺസാണ് ഉയർന്ന സ്കോർ. ടെസ്റ്റിൽ മൂന്നു വിക്കറ്റുകളും 163 ക്യാച്ചുകളും സ്വന്തമാക്കി.

233 ഏകദിനങ്ങളിൽനിന്ന് 48.20 ശരാശരിയിൽ 8581 റൺസ് നേടി. ഇതിൽ 21 സെഞ്ചുറികളും 51 അർധസെഞ്ചുറികവും ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 181 റൺസാണ് ഉയർന്ന സ്കോർ. 139 ക്യാച്ചുകളും ടെയ്‍ലറിന്റെ പേരിലുണ്ട്.

102 ട്വന്റി20 മത്സരങ്ങളിൽനിന്ന് 26.15 ശരാശരിയിൽ 1909 റൺസ് നേടി. ഇതിൽ ഏഴ് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 63 റൺസാണ് ഉയർന്ന സ്കോർ. 46 ക്യാച്ചുകളും ടെയ്‍‌ലറിന്റെ പേരിലുണ്ട്.

English Summary: Ross Taylor Bids Adieu To Test Cricket In Style

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com