കോലിക്ക് (79) സെഞ്ചുറി നഷ്ടം; ഇന്ത്യ 223ന് പുറത്ത്: ദക്ഷിണാഫ്രിക്ക 17-1: എൽഗാർ (3) പുറത്ത്

kohli-vs-sa
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബൗണ്ടറി നേടി അക്കൗണ്ട് തുറക്കുന്ന ഇന്ത്യൻ നായകൻ വിരാട് കോലി (ട്വിറ്റർ ചിത്രം)
SHARE

കേപ് ടൗൺ ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 223 റൺസിനു പുറത്ത്. ക്യാപ്റ്റൻ വിരാട് കോലിയാണ് (201 പന്തിൽ 12 ഫോറും ഒരു സിക്സും അടക്കം 79), ടോപ് സ്കോറർ. കോലിയെക്കൂടാതെ ചേതേശ്വർ പൂജാര മാത്രമാണു (77 പന്തിൽ 7 ഫോർ അടക്കം 43) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മറുപടി ബാറ്റിങ്ങിൽ ഒരു വിക്കറ്റിന് 17 റൺസ് എന്ന സ്കോറില്‍ ദക്ഷിണാഫ്രിക്ക ആദ്യ ദിവസത്തെ കളി അവസാനിപ്പിച്ചു. ക്യാപ്റ്റൻ ഡീൻ എൽഗാറിനെ ജസ്പ്രീത് ബുമ്ര പുറത്താക്കി. ഏയ്ഡൻ മാർക്രം (8), നൈറ്റ് വാച്ച്മാൻ കേശവ് മഹാരാജ് (6) എന്നിവരാണു ക്രീസിൽ. ഇന്ത്യയെക്കാൾ 206 റൺസിനു പിന്നിലാണു ദക്ഷിണാഫ്രിക്ക. 

കെ.എൽ. രാഹുൽ (12), മയാങ്ക് അഗർവാൾ (15), അജിൻക്യ രഹാനെ (9), ഋഷഭ് പന്ത് (27), രവിചന്ദ്രൻ അശ്വിൻ (2), ഷാർദൂൽ ഠാക്കൂർ (12), ജസ്പ്രീത് ബുമ്ര (0), ഉമേഷ് യാദവ് (4 നോട്ടൗട്ട്), മുഹമ്മദ് ഷമി (7) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാദ 73 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്തു. 55 റൺസിനു 3 വിക്കറ്റെടുത്ത മാർക്കോ ജാൻസനും മികച്ച പ്രകടനമാണു പുറത്തെടുത്തത്. ഡ്യുവാൻ ഒലിവിയർ, ലുങ്കി എൻഗിഡി, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഇന്ത്യയ്ക്കായി മൂന്നാം വിക്കറ്റിൽ പൂജാര – കോലി സഖ്യം 62 റൺസ് കൂട്ടിച്ചേർത്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി ഓപ്പണർമാരായ രാഹുലും മയാങ്കും മികച്ച തുടക്കമിട്ടെങ്കിലും, രണ്ടു റൺസിന്റെ ഇടവേളയിൽ ഇരുവരും പുറത്തായതാണ് തിരിച്ചടിയായത്. 35 പന്തിൽ ഒരു ഫോർ സഹിതം 12 റൺസെടുത്ത രാഹുലിനെ പുറത്താക്കി ഡ്യുവാൻ ഒലിവിയറാണ് ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പർ കൈൽ വെരെയ്ൻ ക്യാച്ചെടുത്തു.

രണ്ടു റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും മയാങ്ക് അഗർവാളും പുറത്തായി. 35 പന്തിൽ മൂന്നു ഫോറുകൾ സഹിതം 15 റൺസെടുത്ത മയാങ്കിനെ കഗീസോ റബാദയാണ് പുറത്താക്കിയത്. എയ്ഡൻ മർക്രം ക്യാച്ചെടുത്തു.

മൂന്നാം വിക്കറ്റിൽ പൂജാരയും വിരാട് കോലിയും ഒത്തുചേർന്നതോടെ ഇന്ത്യ നിലയുറപ്പിച്ചു. ഇരുവരും മികച്ച പ്രതിരോധത്തിനൊപ്പം ഇടയ്ക്കിടെ ബൗണ്ടറികളും കണ്ടെത്തിയതോടെ ഇന്ത്യ മുന്നേറി. ഇതിനിടെ, സ്കോർ 95ൽ നിൽക്കെ പൂജാരയെ മാർക്കോ ജെൻസൻ വീഴ്ത്തി. 77 പന്തിൽ ഏഴു ഫോറുകൾ സഹിതം 43 റൺസെടുത്ത പൂജാരയെ വിക്കറ്റ് കീപ്പർ കൈൽ വെരെയ്ൻ പിടികൂടി. കോലി പിടിച്ചുനിന്നെങ്കിലും രഹാനെയുടെയും പന്തിന്റെയും ആയുസ്സ് അധികം നീണ്ടില്ല. അർധ സെഞ്ചുറിക്കു ശേഷം അതിവേഗം സ്കോർ ചെയ്ത കോലിയെ ഒടുവിൽ സെഞ്ചുറിക്ക് 21 റൺസ് അകലെ റബാദയാണു വീഴ്ത്തിയത്. വാലറ്റത്തിന്റെ ചെറുത്തുനിൽപ്പും അധികം നീണ്ടില്ല. 

∙ ഇന്ത്യയ്ക്ക് ടോസ്, ബാറ്റിങ്

നേരത്തെ, ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന വിരാട് കോലി ടീമിൽ തിരിച്ചെത്തി. പൊതുവെ കോലിയോടു മുഖം തിരിക്കാറുള്ള ടോസ് ഇത്തവണ അനുകൂലമായത് പരമ്പര വിജയികളെ നിർണയിക്കുന്ന ടെസ്റ്റിൽ നിർണായകമായേക്കും. കോലി ടീമിൽ തിരിച്ചെത്തിയതോടെ ഹനുമ വിഹാരി പുറത്തായി. പരുക്കേറ്റ മുഹമ്മദ് സിറാജിനു പകരം ഉമേഷ് യാദവും ടീമിൽ ഇടംപിടിച്ചു. രണ്ടാം ടെസ്റ്റിൽ ജയിച്ച ദക്ഷിണാഫ്രിക്കൻ നിരയിൽ മാറ്റങ്ങളില്ല. ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച ഇരു ടീമുകളും 1–1ന് സമനിലയിൽ ആയതിനാൽ ഈ മത്സരം ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.

ഇന്ത്യ ഇലവൻ: കെ.എൽ. രാഹുൽ, മയാങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, ഷാർദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഉമേഷ് യാദവ്

ദക്ഷിണാഫ്രിക്ക ഇലവൻ: ഡീൻ എൽഗാർ (ക്യാപ്റ്റൻ), എയ്ഡൻ മർക്രം, കീഗൻ പീറ്റേഴ്സൻ, റാസ്സി വാൻഡർ ദസ്സൻ, തെംബ ബാവു, കൈൽ വെരെയ്ൻ (വിക്കറ്റ് കീപ്പർ), മാർക്കോ ജെൻസൻ, കഗീസോ റബാദ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, ഡ്യുവാൻ ഒലിവിയർ

English Summary: South Africa vs India, 3rd Test, Day 1 - Live Cricket Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA