കൃഷിക്കാരോടും തോറ്റു; പിന്നീടു ലോകകപ്പ്: കപിലിന്റെ ചെകുത്താൻമാർ സ്റ്റാർട്ടപ്പുകളെ പഠിപ്പിക്കുന്നത്!

kapil-dev
1983 ലോകകപ്പ് കിരീടം ഏറ്റുവാങ്ങുന്ന ഇന്ത്യൻ നായകൻ കപിൽ ദേവ്.
SHARE

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന‍ിനാണ് 1983 ജൂൺ 25ന് ലോർഡ്സ് മൈതാനം സാക്ഷ്യം വഹിച്ചത്. ക്രിക്കറ്റ് പണ്ഡിതൻമാരുടെയും ആരാധകരുടെയും കണക്കുകൂട്ടൽ അന്നു വിൻഡീസ് നായകൻ‌ ക്ലൈവ് ലോയ്ഡ് കപ്പുയർത്തുമെന്നായിരുന്നു. ഒരു ആഗോള കുത്തക കമ്പനിയെപ്പോലെ കരീബിയൻ കരുത്ത് ലോകക്രിക്കറ്റിനെ അടക്കിഭരിച്ചിരുന്നു. തുടർച്ചയായ മൂന്നാംലോക കിരീടം അവർ നേടുമെന്നതിൽ കാര്യമായ സംശയവുമുണ്ടായിരുന്നില്ല. 

ഇനി വിൻഡീസ് തോൽക്കുകയാണെങ്കിൽതന്നെ ഇന്ത്യ കപ്പടിക്കുമെന്ന് ആരും കരുതിയിരുന്നില്ല. വിൻഡീസിനെയും ഓസീസിനെയും ആതിഥേയരായ ഇംഗ്ലണ്ടിനെയുമൊക്കെ വച്ചു നോക്കുമ്പോൾ വെറുമൊരു സ്റ്റാർട്ടപ് ടീമായിരുന്നു കപിലിന്റെ ‘ചെകുത്താൻമാർ’. ലോകജേതാക്കളാകാനുള്ള കെൽപ്പോ കോപ്പോ അവർക്കുണ്ടെന്ന് ആരും കരുതിയിരുന്നില്ല. സ്റ്റാർട്ടപ്പുകളുടെ കാര്യവും അങ്ങനെത്തന്നെ. ഗൂഗിളും ആമസോണുമൊക്കെ തുടങ്ങുമ്പോൾ സെർജി ബ്രിന്നോ ലാറി പേജോ ജെഫ് ബെസോസോ പോലും കരുതിയിട്ടുണ്ടാവില്ല, അവർ സാധ്യമാക്കാൻ പോകുന്ന അട്ടിമറിയെക്കുറിച്ച്. 

കൃഷിക്കാരോടു വരെ തോറ്റു!

സുനിൽ ഗാവസ്കറിനെപ്പോലുള്ള തലമുതിർന്ന താരങ്ങളുള്ള ഇന്ത്യൻ ടീമിനെ നയിച്ചത് കപിൽ ദേവ് നിഖഞ്ജായിരുന്നു. വെറും 24 വയസ്സുള്ള ചെറുപ്പക്കാരൻ. ഇപ്പോൾ ചെറുപ്പക്കാർ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്ന പ്രായം. ടീമിലെ മുതിർന്ന അംഗങ്ങൾ പോലും സ്വപ്നം കാണാത്തത് കപിലെന്ന ക്യാപ്റ്റൻ കണ്ടു. ഏതു കരുത്തുറ്റ ടീമായാലും നമ്മൾ നിർഭയരായി കളിക്കും, ആരെയും കൂസില്ല എന്നതായിരുന്നു ആ ലോകകപ്പിൽ ഉടനീളം കപിലിന്റെ നയം. ഒരു സന്നാഹ മൽസരത്തിൽ കൃഷിക്കാരും പ്ലമ്മർമാരും അടങ്ങുന്ന ടീമിനോടു വരെ ഇന്ത്യ തോറ്റു. 

തുടക്കത്തിലേയുള്ള ഇത്തരം തിരിച്ചടികൾ ഏതു സ്റ്റാർട്ടപ്പുകളുടെയും വിധിയാണ്. അവിടെ മനസ്സു തകർന്നാൽ തീർന്നു. എന്നാൽ അതിദയനീയമായ ആ പരാജയത്തിലും കപിൽ പതറിയില്ല. സന്നാഹമൽസരങ്ങള‍ിൽ പരാജയപ്പെട്ടപ്പോൾ പോലും ടീമിലേക്കു നിരാശ കടന്നുവരാൻ  അനുവദിച്ചില്ല. ക്രിസ് ശ്രീകാന്തും കീർത്തി ആസാദുമൊക്കെ നിരന്തരം പൊട്ടിച്ചിര‍ിപ്പെട്ടി തുറന്നു. ക്യാപ്റ്റന്റെ ലക്കും ലഗാനുമില്ലാത്ത ഇംഗ്ലിഷിനെ വരെ അവർ കണക്കിനു പരിഹസിച്ചു. കപിൽ അതിനെ സ്പോർട്സ്മാൻ സ്പിരിറ്റിലേ എടുത്തുള്ളൂ. 

‘ക്യാപ്റ്റനാക്കിയത് ക്രിക്കറ്റ് കളിക്കാനാണ്, അല്ലാതെ ഓക്സ്ഫഡ് സർവകലാശാലയിൽ പോയി ഇംഗ്ലിഷിൽ പ്രസംഗിക്കാനല്ല’ എന്നായിരുന്നു കപിലിന്റെ പ്രഖ്യാപനം. പേയ്ടിഎമ്മിന്റെ വിജയ് ശേഖർ ശർമയെപ്പോലുള്ളവർ സ്റ്റാർട്ടപ് തുടങ്ങുമ്പോൾ നിക്ഷേപകരോടു സംസാരിച്ചു കാര്യം സാധിക്കാനുള്ള ഇംഗ്ലിഷ് പോലും കയ്യിലുണ്ടായിരുന്നില്ല. പക്ഷേ ആത്മവിശ്വാസവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ഭാവി സാധ്യതകളെ തിരിച്ചറിയാനുള്ള ശേഷിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹം ഇംഗ്ലിഷും സംസാരിക്കുന്നു.

‘കാശില്ലാത്ത’ ഇന്ത്യൻ ടീം!

ലോകകപ്പിന് ഇംഗ്ലണ്ടിലേക്കു പോകുമ്പോൾ ക്രിക്കറ്റ് കിറ്റുകളും ബാഗുകളും അനുവദനീയമായതിലും കൂടുതലാണെന്നു പറഞ്ഞ് വിമാനത്തിൽ കയറ്റാൻ വിമാനക്കമ്പനി തയാറായില്ല. കൂടുതൽ പണമടയ്ക്കാനുള്ള ശേഷിയുമുണ്ടായിരുന്നില്ല. 24 മണിക്കൂറിനുള്ളിൽ ക്രിക്കറ്റ് ബോർഡ് പണമടയ്ക്കുമെന്നൊരു സത്യവാങ്മൂലം ടീം മാനേജരായ പി.ആർ. മാൻസിങ് ഒപ്പിട്ടുകൊടുത്തതിനു ശേഷമാണ് വിമാനക്കമ്പനി വഴങ്ങിയത്. ഇന്ത്യൻ ടീമിനു കിട്ടിയ ബത്ത കേട്ടാൽ ചിരിവരും. അത്ര ചെറിയ സംഖ്യയായിരുന്നു അത്. 

മുണ്ടുമുറുക്കി ഉടുക്കുന്നതിന്റെ സ്റ്റാർട്ടപ് പാഠമായിരുന്നു അത്. സിറോദ പോലെ ഒരു സ്റ്റാർട്ടപ് ശതകോടികളുടെ മൂല്യത്തിലേക്ക് ഉയർന്നത് ഒരു പരസ്യവുമില്ലാതെയാണ്. കാമത്ത് സഹോദരൻമാർ സീറോയിൽനിന്നാണ് അതിനെ പടുത്തുയർത്തിയത്. ലോകകപ്പ് ടീമിലെ പല അംഗങ്ങൾക്കും ഇന്ത്യ വിജയിക്കുമെന്നൊരു വിദൂരപ്രതീക്ഷ പോലുമില്ലായിരുന്നു. ലോകകപ്പിൽനിന്ന് ഇന്ത്യ വേഗം പുറത്താകുമെന്നും അതിനു ശേഷം യുഎസിൽ പോയി പ്രദർശന മൽസരം കളിച്ചു കാശുണ്ടാക്കാമെന്നും ടീമിലെ പല താരങ്ങളും കണക്കുകൂട്ടിയിരുന്നു. 

ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദിക്കാൻ വിളിച്ച കപിൽദേവിനോട് കീർത്തി ആസാദ് പറഞ്ഞത് ‘സൗജന്യ അവധിക്കാലത്തിന് നന്ദി’ എന്നാണ്. രണ്ടാമതൊരു മധുവിധു ആഘോഷ‍ിക്കാൻ അവസരമായല്ലോ എന്നാണ് ക്രിസ് ശ്രീകാന്തിനോട് ഗാവസ്കർ പറഞ്ഞത്. അവധിക്കാലം ആഘോഷിക്കാനുള്ള മനസ്സുമായി പോയ ഒരു ടീമിനെ ലോകജേതാക്കളാക്കിയത് കപിലിന്റെ ലക്ഷ്യബോധവും ഏതു തിരിച്ചടിയിലും പതറാത്ത ചങ്കൂറ്റവുമായിരുന്നു. സ്റ്റാർട്ടപ്പുകൾ തുടങ്ങുമ്പോൾ ടീമിലെ എല്ലാവരും ഒരേ ലക്ഷ്യത്തോടെ, അർപ്പണത്തോടെ അധ്വാനിക്കുന്നവരാകണമെന്നു നമുക്കു വാശിപിടിക്കാനാവില്ല. എന്നാൽ അതിന്റെ കപ്പിത്താൻ ലക്ഷ്യബോധമുള്ളയാളും നേതൃശേഷിയുള്ളയാളുമാണെങ്കിൽ ഏത് അലസമായ ടീമിനെയും ഊർജസ്വലമാക്കാനാകും. 

‘ജയിക്കാൻ കളിക്കുക’

ലോകകപ്പിനിടെ രണ്ടു വലിയ പ്രതിസന്ധികളിലൂടെ ടീം കടന്നുപോയപ്പോൾ രക്ഷകനായി അവതരിച്ചത് നായകനായ കപിൽ ദേവ് തന്നെയായിരുന്നു. സിംബാബ‌്‌വേയ്ക്ക് എതിരായ മൽസരത്തിൽ 17 റൺസ് എടുക്കുമ്പോഴേക്കും അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് നാണംകെട്ട പരാജയത്തിലേക്കു കൂപ്പുകുത്തുകയായിരുന്ന ടീമിനെ ഐതിഹാസികമായ ഒരു ഇന്നിങ്സിലൂടെ കപിൽ തിരിച്ചുകൊണ്ടുവന്നു. 175 റൺസ് അടിച്ചുകൂട്ടിയ അതിമാരകമായ ആ പ്രകടനമാണ് എതിരാളികളെ സ്തബ്ധരാക്കിയത്. 

kapil-dev
കപിൽ ദേവ്.

മറ്റൊന്ന് ഫൈനലിൽ വിവ് റിച്ചഡ്സ് അടിച്ചുതകർക്കാൻ തുടങ്ങിയ സമയമായിരുന്നു. 183 എന്ന ചെറിയ സ്കോറായിരുന്നു ഇന്ത്യ ഉയർത്തിയത്. ഫോമിലേക്ക് എത്തിയാൽ റിച്ചഡ്സിന് ആ സ്കോർ കപ്പലണ്ടി കൊറിക്കുന്നതു പോലെ നിസ്സാരം. കിങ് റിച്ചഡ്സിന്റെ കയ്യിൽനിന്നു തല്ലുവാങ്ങിയിട്ടും അയാളെ പുറത്താക്കാൻ തനിക്കാകും എന്ന ആത്മവിശ്വാസത്തിൽ ക്യാപ്റ്റനോട് ഒരു ഓവർ കൂടി ചോദിച്ച മദൻലാലിനെയും അതനുവദിച്ച ക്യാപ്റ്റന്റെ മനസ്സിനെയും സ്റ്റാർട്ടപ് സംരംഭകർക്കു മനസ്സിൽ വയ്ക്കാം. 

റിച്ചഡ്സ് ഉയർത്തിയടിച്ച പന്ത് കയ്യിലൊതുക്കാൻ കപിൽ 20 വാര പുറകോട്ട് ഓടിയെത്തുകയായിരുന്നു. ഒരു അത്‌ലീറ്റിനെ വെല്ലുന്ന ശാരീരികക്ഷമതയും നിർണായക സന്ദർഭങ്ങളിൽ പതറാത്ത മനസ്സുമായിരുന്നു കപിലിനെ അതിനു തുണച്ചത്. കൈവിട്ടിരുന്നെങ്കിൽ അതു റിച്ചഡ്സിന്റെ വിക്കറ്റ് മാത്രമല്ലായിരുന്നു, ലോകകപ്പ് കൂടിയാകുമായിരുന്നു. ഫീൽഡിൽ നാം പരിചയിച്ചിരുന്ന ഇന്ത്യൻ താരങ്ങളുടേതു പോലുള്ള അലസ സമീപനമായിരുന്നില്ല കപിലിന്റേത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലുമെല്ലാം പോസിറ്റീവായ സമീപനം കൊണ്ടുവന്നു. 

‘ജയിക്കാൻ കളിക്കുക’ എന്നതായിരുന്നു കപിലിന്റെ സമീപനം. എതിരാളികൾ ആരായാലും മുട്ട‍ിടിക്കാതെ ശിരസ്സുയർത്തി നിൽക്കാൻ ടീമിനെ അദ്ദേഹം ശീലിപ്പിച്ചു, സ്റ്റാർട്ടപ്പുകൾക്കും അതു ബാധകമാണ്. അപ്രതീക്ഷിതമായ സംഭവങ്ങൾക്ക് ഒരുങ്ങിയിരിക്കുക എന്നത് സംരംഭങ്ങളെ സംബന്ധിച്ചിടത്തോളവും ടീമുകളെ സംബന്ധിച്ചിടത്തോളവും പ്രധാനമാണ്. 1983ലെ ഇന്ത്യൻ ടീമിൽ ഏറ്റവും പ്രതീക്ഷ വച്ചിരുന്ന ബാറ്റ്സ്മാൻ സുനിൽ ഗാവസ്കറായിരുന്നു. വിൻഡീസിന്റേത് അടക്കമുള്ള ശക്തമായ പേസ്നിരകളെ മെരുക്കാൻ ഓപ്പണറായ അദ്ദേഹത്തിന് ആകുമെന്ന പ്രതീക്ഷയിലായിരുന്നു ടീം. എന്നാൽ അതീവ നിരാശാജനകമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 

ഒരു മൽസരത്തിൽ പോലും നല്ലൊരു ഇന്നിങ്സ് കളിക്കാൻ ആയില്ല. ഇടയ്ക്കു വച്ച് പേശീവലിവു മൂലം ഒരു മൽസരത്തിൽ ഇറങ്ങാതെ പിൻവാങ്ങി. അടുത്ത മൽസരത്തിൽ അദ്ദേഹത്തിന് ഇടം നൽകിയതുമില്ല. ഇതോടെ അദ്ദേഹത്തിന് കപിൽ ദേവിനോട് നീരസം തോന്നി. എന്നാൽ പിന്നീട് ദിലീപ് വെങ്സാർക്കരിനു പരുക്കേറ്റപ്പോൾ ഗാവസ്കറിനെ ടീമിലേക്കു മടക്കിക്കൊണ്ടുവന്നു. തീർത്തും നിറംമങ്ങിയ അവസ്ഥയിലായിട്ടും ഫൈനലിലും ഗാവസ്കറിന് അവസരം കിട്ടി. ടീമിനെ തന്ത്രങ്ങൾ ഒരുക്കുന്നതിൽ എല്ലായ്പ്പോഴും ഗാവസ്കറിന്റെ തീരുമാനങ്ങൾ ക്യാപ്റ്റൻ കപിൽ ദേവ് വിലമതിച്ചിരുന്നു. 

ഒറ്റയാനായി ടീമിനെ ജയിപ്പിക്കുന്ന പ്രകടനങ്ങൾ നടത്തിയിട്ടുള്ള കപിൽ പക്ഷേ കൂട്ടായ്മയുടെ കരുത്തിലാണ് വിശ്വസിച്ചിരുന്നത്. സംരംഭങ്ങളും കൂട്ടായ്മയുടെ കരുത്തിലാണ് വളരുന്നത്. മോശം ഘട്ടങ്ങളിൽ നമ്മൾ സഹപ്രവർത്തകർക്കൊപ്പം നിന്നാൽ ഒരിക്കലും അവർ അതു മറക്കില്ല. കൂടുതൽ ആത്മാർഥതയോടെ പ്രവർത്തിക്കാൻ അവർക്ക് അതു പ്രചോദനമാകും. 

ബാറ്റിങ്ങും ബോളിങ്ങും ഒരുപോലെ വഴങ്ങുന്നവരെ ടീമിൽ കൂടുതലായി ഉൾപ്പെടുത്തണമെന്ന് കപിൽ സിലക്ടർമാരോട് ആവശ്യപ്പെട്ടിരുന്നു. അന്ന് 60 ഓവറായിരുന്നു ഏകദിനം. നല്ല ആഴമുള്ള ബാറ്റ‍ിങ് നിരയും ഏതാനും ഓവറുകൾ എറിയാൻ കഴിയുന്ന ബോളർമാരും വേണ്ടിയിരുന്നു. ഇന്ത്യൻ ടീമിലെ പകുതിയിലേറെ താരങ്ങൾ ഓൾ റൗണ്ടർമാരായത് അങ്ങനെയാണ്. സ്റ്റാർട്ടപ്പുകളും ആവശ്യപ്പെടുന്നത് ഓൾറൗണ്ടർമാരെയാണ്. മാർക്കറ്റിങ്ങും സ്ട്രാറ്റജിക് പ്ലാനിങ്ങും സെയിൽസും എച്ച്ആറുമെല്ലാം ഒരുപോലെ വഴങ്ങേണ്ട സാഹചര്യങ്ങളുണ്ടാകും. കപ്പടിച്ച കപിലിന്റെ പിള്ളേർക്ക് സ്റ്റാർട്ടപ്പുകളെ പഠിപ്പിക്കാൻ ഇനിയുമേറെയുണ്ട്. 

English Summary: 1983 Cricket World Cup: Kapil's Devils and the Startup Lessons from that Final Victory

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA