ADVERTISEMENT

കേപ് ടൗൺ ∙ 51 റൺസിനിടെ 6 വിക്കറ്റ് വീഴ്ത്തി പേസർമാർ കളിയുടെ ഗതി തിരിച്ചതോടെ ആശങ്കയുടെ മുനമ്പിൽനിന്ന് ഇന്ത്യ തിരിച്ചുകയറി. ബാറ്റർമാരെ ബൗൺസ് കൊണ്ടു വിറപ്പിച്ച ദക്ഷിണാഫ്രിക്കയ്ക്കു പേസുകൊണ്ടും സ്വിങ്ങുകൊണ്ടുമാണു 3–ാം ടെസ്റ്റിന്റെ 2–ാം ദിനം ഇന്ത്യൻ‌ ബോളർമാർ മറുപടി നൽകിയത്. 5 വിക്കറ്റ് നേടിയ ജസ്പ്രീത് ബുമ്രയുടെ മികവിൽ ആതിഥേയരെ 210ൽ ഇന്ത്യ പുറത്താക്കി. ഇന്ത്യയ്ക്കു 13 റൺസിന്റെ നേരിയ ലീഡ്. 2–ാം ഇന്നിങ്സി‍ൽ ഇന്ത്യയുടെ തുടക്കം പിഴച്ചു. 57 റൺസിനിടെ 2 ഓപ്പണർമാരെയും നഷ്ടമായി. വിരാട് കോലിയുടെയും (14) ചേതേശ്വർ പൂജാരയുടെയും (9) ബാറ്റിങ്ങിലാണ് ഇനി ഇന്ത്യയുടെ സാധ്യതകൾ.

4 വർഷം മുൻപു ടെസ്റ്റിൽ തന്റെ അരങ്ങേറ്റത്തിനു വേദിയായ സ്റ്റേഡിയത്തിലേക്കുള്ള തിരിച്ചുവരവ് ബുമ്ര ഇന്നലെ 5 വിക്കറ്റ് നേട്ടത്തോടെ ആഘോഷമാക്കി. ഒന്നിന് 17ൽ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കു 2–ാം പന്തിൽ തന്നെ ബുമ്ര ഷോക്ക് ട്രീറ്റ്‍മെന്റ് നൽകി. ഗുഡ് ലെങ്ത് ബോൾ ഓഫ് സ്റ്റംപിനു പുറത്തേക്കു പോകുമെന്നു കരുതി ബാറ്റുയർത്തിയ എയ്ഡൻ മാർക്രം അതേ പന്ത് സ്റ്റംപ് തെറിപ്പിച്ചതു കണ്ടു ഞെട്ടിത്തരിച്ചു നിന്നു. കേശവ് മഹാരാജിനെ (25) ഉമേഷ് യാദവും പുറത്താക്കിയെങ്കിലും കീഗൻ പീറ്റേഴ്സന്റെ (72) ഒറ്റയാൻ പോരാട്ടം ദക്ഷിണാഫ്രിക്കയെ കരകയറ്റി. വാൻഡർ ദസനൊപ്പം (21) 4–ാം വിക്കറ്റി‍ൽ 77 റൺസും തെംബ ബാവുമയ്ക്കൊപ്പം (28) 5–ാം വിക്കറ്റിൽ 47 റൺസും നേടിയാണു പീറ്റേഴ്സൻ പിടിച്ചുനിന്നത്.

4ന് 159 റൺസിൽ ഇന്നിങ്സ് ലീഡിലേക്കു കുതിച്ച ദക്ഷിണാഫ്രിക്കയ്ക്കു കടിഞ്ഞാണിട്ടതു മുഹമ്മദ് ഷമിയാണ്. 55–ാം ഓവറിൽ 3 പന്തുകൾക്കിടെ ബാവുമയെയും കൈൽ വെരേന്നയെയും (0) ഷമി പുറത്താക്കിയതോടെ കളി തിരിഞ്ഞു. കീഗൻ പീറ്റേഴ്സന്റെ നിർണായക വിക്കറ്റ് ബുമ്രയും സ്വന്തമാക്കിയതോടെ ആതിഥേയരുടെ പ്രതീക്ഷകൾ അസ്തമിച്ചു. ഷമിയും ഉമേഷും 2 വിക്കറ്റുവീതം നേടിയപ്പോൾ ശാർദൂൽ ഠാക്കൂർ ഒരു വിക്കറ്റു വീഴ്ത്തി. മറുപടിയിൽ കെ.എൽ.രാഹുൽ (10), മയാങ്ക് അഗർവാൾ (7) എന്നിവരെയാണ് ഇന്ത്യയ്ക്കു നഷ്ടമായത്.

ടെസ്റ്റ് ക്രിക്കറ്റിൽ ക്യാച്ചുകളുടെ എണ്ണത്തിൽ 
കോലി സെഞ്ചുറി തികച്ചു. വിക്കറ്റ് 
കീപ്പർ ഒഴികെയുള്ള കളിക്കാരിൽ ടെസ്റ്റിൽ 100 ക്യാച്ച് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ്.

 

English Summary: India vs South Africa third test- day two live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com