ന്യൂഡൽഹി∙ വഴിയോരത്തു കടല വിൽപന നടത്തുന്നതിന്റെ വിഡിയോ പങ്കുവച്ച് പാക്കിസ്ഥാൻ പേസർ വഹാബ് റിയാസ്. ഏറ്റെടുത്ത് സഹതാരങ്ങളും ആരാധകരും.
‘നിങ്ങളുടെ കടല വിൽപനക്കാരൻ ഇവിടെ തയ്യാർ. എല്ലാവരും ഓർഡർ നൽകൂ. ആർക്കൊക്കെയാണ് വേണ്ടത്, എത്ര രൂപയ്ക്കുള്ളത് വേണം? അൽപ നേരം കടല വിൽപനയിൽ ഏർപ്പെട്ടത് ഏറെ ആസ്വദിച്ചു. എന്റെ കുട്ടിക്കാലമാണ് അപ്പോൾ ഓർമ വന്നത്’– കടല വിൽപന നടത്തുന്ന വിഡിയോയ്ക്കൊപ്പം വഹാബ് റിയാസ് ട്വിറ്ററിൽ കുറിച്ചു.
‘വഹാബ്, അങ്കിൽ അലിക്കും അൽപം കടല വേണം’– പാക്കിസ്ഥാൻ താരം അഹമ്മദ് ഷെഹ്സാഹ് റിയാസിനു തമാശരൂപേണ നൽകിയ മറുപടി ഇങ്ങനെ. വഹാബ് പോസ്റ്റ് ചെയ്ത വിഡിയോ ആരാധകർ വ്യാപകമായി പങ്കുവയ്ക്കുന്നുണ്ട്.
പാക്കിസ്ഥാനായി 27 ടെസ്റ്റും 91 ഏകദിനവും 36 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണു വഹാബ് റിയാസ്. ടെസ്റ്റിൽ 83ഉം ഏകദിനത്തിൽ 120ഉം ട്വന്റി20യിൽ 34 വിക്കറ്റും നേടിയിട്ടുണ്ട്. ഇതിനു പുറമേ ഏകദിനത്തിൽ 3 അർധ സെഞ്ചുറിയും നേടിയിട്ടുണ്ട്. 2020 ഡിസംബറിലാണ് ഏറ്റവും ഒടുവിൽ രാജ്യാന്തര മത്സരം കളിച്ചത്.
English Summary: Video Of Pakistan Pacer Wahab Riaz Selling 'Chana' On Streets Goes Viral