ഇന്ത്യ, ഇംഗ്ലണ്ട്, ഓസീസ്, പാക്ക് ടീമുകളുടെ ട്വന്റി20 ടൂർണമെന്റ് എല്ലാ വർഷവും വേണം: രാജ

ramiz-raja
റമീസ് രാജ (ഫയൽ ചിത്രം)
SHARE

കറാച്ചി ∙‌ ഇന്ത്യ, പാക്കിസ്ഥാൻ ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾ പങ്കെടുക്കുന്ന ചതുർരാഷ്ട്ര ട്വന്റി20 ടൂർണമെന്റിനുള്ള നിർദേശവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ റമീസ് രാജ. പ്രതിവർഷം നടത്താവുന്ന ടൂർണമെന്റിനുള്ള നിർദേശം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു (ഐസിസി) സമർപ്പിക്കുമെന്നു റമീസ് രാജ വ്യക്തമാക്കി. ഓരോ വർഷവും ഓരോ രാജ്യത്തു ടൂർണമെന്റ് സംഘടിപ്പിച്ച് ഇതിൽ നിന്നുള്ള വരുമാനം ഐസിസിയിലെ അംഗ രാജ്യങ്ങൾക്കെല്ലാം വീതിച്ചു നൽകണമെന്നാണു പാക്കിസ്ഥാന്റെ നിർദേശം.

രണ്ടു രാജ്യങ്ങൾ പങ്കെടുക്കുന്ന ദ്വിരാഷ്ട്ര പരമ്പരകളിൽനിന്ന് പ്രതീക്ഷിച്ച വരുമാനം ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യാന്തര ക്രിക്കറ്റിലെ പ്രധാനപ്പെട്ട നാലു ടീമുകളെ പങ്കെടുപ്പിച്ച് ചതർരാഷ്ട്ര ടൂർണമെന്റ് നടത്തണമെന്ന പാക്കിസ്ഥാന്റെ നിർദ്ദേശം.

‘വരുമാനം കണ്ടെത്താനും പങ്കുവയ്ക്കാനും പുതിയൊരു സംവിധാനം വേണമെന്നാണ് എന്റെ അഭിപ്രായം. ഇതിനായി ഐസിസിയുടെ കീഴിൽ പുതിയൊരു കമ്പനി റജിസ്റ്റർ ചെയ്ത് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനു മാത്രമായി ഒരു സിഇഒയെ നിയമിക്കണം. ആ കമ്പനിയുടെ നേതൃത്വത്തിൽ വേണം വരുമാനം എല്ലാ രാജ്യങ്ങൾക്കുമായി വീതിക്കാൻ. രാജ്യാന്തര തലത്തിൽ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഏറ്റുമുട്ടുമ്പോൾ വലിയ ആരാധക ശ്രദ്ധ നേടാറുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോഴും ജനശ്രദ്ധ നേടും. അതുകൊണ്ട് ഈ നാലു ടീമുകൾ ചതുർരാഷ്ട്ര ടൂർണമെന്റിൽ നേർക്കുനേരെത്തുമ്പോൾ വൻ വിജയമായിരിക്കുമെന്ന് തീർച്ച. ആരാധകരെ ചേർത്തുപിടിക്കുന്നതിനും അവരെ തൃപ്തിപ്പെടുത്തുന്നതിനും ഇപ്പോഴുള്ള പരമ്പരകൾക്കു പുറമേ മറ്റു ടൂർണമെന്റുകൾ കൂടി സംഘടിപ്പിക്കണം’ – റമീസ് രാജ ‘ക്രിക്ഇൻഫോ’യോടു പറഞ്ഞു.

ചതുർരാഷ്ട്ര ടൂർണമെന്റ് എന്ന ആശയം ട്വിറ്ററിലൂടെയാണ് റമീസ് രാജ ആദ്യം പങ്കുവച്ചത്. ഇത്തരമൊരു ആശയവുമായി ഐസിസിയെ സമീപിക്കുമെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു. ‘സിക്സ് നേഷൻസ്’ എന്ന പേരിൽ റഗ്ബിയിലെ പ്രധാനപ്പെട്ട ആറു ടീമുകൾ വർഷാവർഷം നേർക്കുനേരെത്തുന്നതിന് സമാനമായ ടൂർണമെന്റാണ് റമീസ് രാജ മുന്നോട്ടു വയ്ക്കുന്നത്.

‘ദ്വിരാഷ്ട്ര ട്വന്റി20 ടൂർണമെന്റുകൾകൊണ്ട് ഇനി വലിയ കാര്യമില്ലെന്നാണ് തോന്നുന്നത്. കാരണം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ട്വന്റി20 ലീഗുകളുടെ ജനപ്രീതിയോടാണ് ഈ പരമ്പരകൾ ഏറ്റുമുട്ടുന്നത്. പക്ഷേ, മൂന്നോ നാലോ രാജ്യങ്ങൾ പങ്കെടുക്കുന്ന ട്വന്റി20 ടൂർണമെന്റുകളാണെങ്കിൽ വൻ വരുമാനത്തിന് സാധ്യതയുണ്ട്’ – റമീസ് രാജ ചൂണ്ടിക്കാട്ടി.

നേരത്തെ, സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റായി ചുമതലയേറ്റ സമയത്ത് ഇത്തരമൊരു ടൂർണമെന്റിന്റെ ആശയം പങ്കുവച്ചിരുന്നു. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകളും നാലാമതായി ഒരു ടീം മാറിമാറി വരുന്ന രീതിയിലുമാണ് ഗാംഗുലി ആശയം അവതരിപ്പിച്ചത്. ഈ ടൂർണമെന്റ് 2021ൽ ആരംഭിക്കാനായിരുന്നു നീക്കം.

English Summary: Ramiz Raja to propose Pakistan involvement in annual four-team series including India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS