ADVERTISEMENT

കേപ് ടൗൺ ∙ ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റില്‍ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്ക വിജയത്തിന് 111 റൺസ് അകലെ. മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിലാണ് ആതിഥേയർ. ഓപ്പണർ എയ്ഡൻ മർ‌ക്‌റാം (22 പന്തിൽ 16), ക്യാപ്റ്റൻ ഡീൻ എൽഗാർ (96 പന്തിൽ 30) എന്നിവരാണു ക്രീസിൽ. 61 പന്തുകൾ നേരിട്ട് 48 റൺസെടുത്തു കീഗന്‍ പീറ്റേഴ്സൻ പുറത്താകാതെ നിൽക്കുന്നു. കളി രണ്ടു ദിവസം ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാൻ ഇനി 111 റൺസ് കൂടി മതി.

പന്തിന് നാലാം സെഞ്ചുറി, ഇന്ത്യ 198ന് പുറത്ത്

ടെസ്റ്റ് കരിയറിലെ നാലാം സെ‌ഞ്ചുറിയുമായി പന്ത് പടനയിച്ചതോടെ കേപ് ടൗ‌ൺ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ ഇന്ത്യ ഉയർത്തിയത് 212 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 67.3 ഓവറിൽ 198 റൺസിന് പുറത്തായതോടെയാണ് 13 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് കൂടി ചേർത്ത് ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ 212 റൺസ് വിജയലക്ഷ്യം ഉയർന്നത്.‌‌ പരമ്പരയിലെ ‌ആദ്യ രണ്ടു ടെസ്റ്റുകളിൽ ഇരു ടീമുകളും ഓരോ വിജയം നേടിയതിനാൽ മൂന്നാം ടെസ്റ്റ് ജയിക്കുന്നവർക്ക് പരമ്പര നേടാം.

ഋഷഭ് പന്ത് 139 പന്തിൽ ആറു ഫോ‌റും നാലു സിക്സും സഹിതം 100 റൺസുമായി പുറത്താകാതെ നിന്നു. ഒരുവശത്ത് വിക്കറ്റുകൾ യഥേഷ്ടം കൊഴിയുമ്പോ‌ഴാണ് മറുവശത്തു തകർപ്പൻ ഇന്നിങ്സുമായി പന്ത് ഇന്ത്യയെ കാത്തത്. ഏകദിന ശൈലിയിൽ തകർത്തടിച്ച പന്ത് 133 പന്തിലാണ് ടെസ്റ്റിലെ നാലാം സെ‌ഞ്ചുറി കുറിച്ചത്. ആറു ഫോ‌റും നാലു സിക്സും ഉൾപ്പെടുന്നതാണ് പന്തിന്റെ സെ‌‍ഞ്ചുറി. നേരത്തേ, നാലിന് 58 റണ്‍സെന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പം പന്ത് പടുത്തുയർത്തിയ 94 റൺസിന്റെ കൂട്ടുകെട്ടാണ് കരുത്തായത്. കോലി 143 പന്തിൽ നാലു ഫോ‌റുകൾ സഹിതം 29 റൺസെടുത്ത് പുറത്തായി.‌‌

rishabh-pant-1
ഋഷഭ് പന്ത് സെ‌‍ഞ്ചുറിയിലേക്ക് (ട്വിറ്റർ ചിത്രം)

ചേതേ‌ശ്വർ പൂജാര (15 പന്തിൽ ഏഴ്), അജിൻക്യ രഹാനെ (ഒൻപത് പന്തിൽ ഒന്ന്), രവിചന്ദ്രൻ അശ്വിൻ (15 പന്തിൽ ഏഴ്), ഷാർദുൽ ഠാക്കൂർ (13 പന്തിൽ അഞ്ച്), ഉമേഷ് യാദവ് (0), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുമ്ര (2) എന്നിവരാണ് ഇന്ന് പുറത്തായ മറ്റുള്ളവർ. ഓപ്പണർമാരായ കെ.എൽ. രാഹുൽ (22 പന്തിൽ 10), മയാങ്ക് അഗർവാൾ (15 പന്തിൽ ഏഴ്) എന്നിവർ രണ്ടാം ദിനം അവസാന സെ‌ഷനിൽ പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസൻ നാലും ലുങ്കി എൻഗിഡി, കഗീസോ റബാദ എന്നിവർ മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി. രണ്ട് ഇന്നിങ്സിലും ഇന്ത്യയുടെ മുഴുവൻ ‍ബാറ്റർമാരും ക്യാച്ച് നൽകിയാണ് പുറത്തായതെന്ന പ്രത്യേകതയുമുണ്ട്. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലുമായി ഒരു ടീമിന്റെ 20 വിക്കറ്റുകളും ക്യാച്ചിലൂടെ നഷ്ടമാകുന്ന ആദ്യ സം‌ഭവം കൂടിയാണിത്.

ഇതിനിടെ, വ്യക്തിഗത സ്കോർ 91ൽ എത്തിയപ്പോ‌ൾ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റിൽ ഏഷ്യക്കാരായ സ്ഥിരം വിക്കറ്റ് കീപ്പർമാരുടെ ഉയർന്ന സ്കോ‌റും പന്തിന്റെ പേരിലായി. 2010–11ൽ സെ‌‍ഞ്ചൂറിയനിൽ 90 റൺസടിച്ച മഹേന്ദ്രസിങ് ധോണിയുടെ റെക്കോർഡ് പിന്നിലായി. കുമാർ സംഗക്കാര (89, സെ‌‍ഞ്ചൂറിയൻ), ലിട്ടൺ ദാസ് (ബ്ലൂംഫൊണ്ടെയ്ൻ) എന്നിവരും പിന്നിലായി.

∙ ഇന്ത്യൻ താരം സെ‌‍ഞ്ചുറി നേടിയിട്ടും ടീം നേടുന്ന ഏറ്റവും ചെ‌റിയ ടോട്ടലുകൾ

198 ദക്ഷിണാഫ്രിക്കയ്‍ക്കെതിരെ കേപ്ടൗണിൽ, 2021/22 (ഋഷഭ് പന്ത് 100*)

208 ന്യൂസീലൻഡിനെതിരെ വെല്ലിങ്ടനിൽ, 1998/99 (മുഹമ്മദ് അസ്ഹറുദ്ദീൻ 103*)

215 ദക്ഷിണാഫ്രിക്കയ്‍ക്കെതിരെ പോർട്ട് എലിസബത്തിൽ, 1992/93 (കപിൽ ദേവ് 129)

219 ഇംഗ്ലണ്ടിനെതിരെ ‌എജ്ബാസ്റ്റണിൽ, 1996 (സച്ചിൻ തെൻഡുൽക്കർ 122)

∙ ഇന്ത്യയ്ക്കെതിരെ ‌ഒരു പരമ്പരയിൽ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ കൂടിയ വിക്കറ്റ് നേട്ടം

21 ഡെയ്ൽ സ്റ്റെയ്ൻ, 2010/11

20 അലൻ ഡൊണാൾഡ്, 1992/93

20 അലൻ ഡൊണാൾഡ്, 1996/97

20 കഗീസോ റബാദ, 2021/22 *

19 മാർക്കോ ജാൻസൻ 2021/22 *

∙ പന്തിന് കൊടുകൈ!

രണ്ടു വിക്കറ്റ് നഷ്ടത്തിൽ 57 റൺസുമായി മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക്, ഇന്ന് ആദ്യ ഓവറിൽ ചേതേശ്വർ പൂജാരയുടെയും രണ്ടാം ഓവറിൽ അജിൻക്യ രഹാനെയുടെയും വിക്കറ്റ് നഷ്ടമായി. സ്കോർ ബോർഡിൽ ഇന്ന് ഒരു റൺ കൂട്ടിച്ചേർക്കുന്നതിനിടെയാണ് ഇരുവരും പുറത്തായത്. പൂജാര ഒൻപതു റൺസെടുത്തും രഹാനെ ഒരു റണ്ണെടുത്തുമാണ് കീഴടങ്ങിയത്.

33 പന്തിൽ രണ്ടു ഫോറുകളോടെ ഒൻപതു റൺസെടുത്ത പൂജാരയെ, മൂന്നാം ദിനത്തിലെ ആദ്യ ഓവറിൽത്തന്നെ മാർക്കോ ജാൻസൻ പുറത്താക്കി. ഇന്നു നേരി‍ട്ട രണ്ടാം പന്തിൽത്തന്നെ ജാൻസന്റെ പന്തിൽ കീഗൻ പീറ്റേഴ്സന്റെ ഉജ്വല ക്യാച്ചിലാണ് പൂജാര മടങ്ങിയത്. പിന്നാലെ അജിൻക്യ രഹാനെ കഗീസോ റബാദയ്ക്കും വിക്കറ്റ് സമ്മാനിച്ച് പുറത്തായി. ഒൻപതു പന്തിൽ ഒരേയൊരു റണ്ണുമായി ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗാറിനു ക്യാച്ച് സമ്മാനിച്ചാണ് രഹാനെ മടങ്ങിയത്. ഇതോടെ, തലേന്നത്തെ സ്കോറിനോട് ഒരു റൺ കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് നഷ്ടമായത് രണ്ടു നിർണായക വിക്കറ്റുകൾ.

എന്നാൽ അഞ്ചാം വിക്കറ്റിൽ വിരാട് കോലിക്കൊപ്പം ഋഷഭ് പന്ത് ചേർന്നതോടെയാണ് ഇന്ത്യ ശ്വാസം വിട്ടത്. തുടക്കം മുതലേ ആക്രമണത്തിനുള്ള മൂഡിലായിരുന്നു പന്ത്. ഒരുവശത്ത് കോലി വിക്കറ്റ് കാത്ത് ഉറച്ചുനിന്നതോടെ പന്ത് ആക്രമണം തുടർന്നു. 58 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ അർധസെഞ്ചുറിയും പന്ത് കുറിച്ചു.

എന്നാൽ സെ‌‍ഞ്ചുറി കൂട്ടുകെട്ട് തികയ്ക്കും മുൻപേ എൻഗിഡി ഇന്ത്യയ്ക്ക് തിരിച്ചടി സമ്മാനിച്ചു. 143 പന്തിൽ നാലു ഫോ‌റുകൾ സഹിതം 29 റൺസെടുത്ത കോലിയെ ‌എയ്ഡൻ മർക്രത്തിന്റെ കൈകളിലെത്തിച്ച എൻഗിഡി, പിന്നാലെ രവിചന്ദ്രൻ അശ്വിനെയും പുറത്താക്കി. 15 പന്തിൽ ഒരു ഫോർ സഹിതം ഏഴു റൺസെടുത്ത അശ്വിനെ മാർക്കോ ജാൻസനും പിടികൂടി. ഇതോടെ ‌ആറിന് 162 റൺസ് എന്ന നിലയിലായി ഇന്ത്യ.

രണ്ടു വർഷത്തിനിടെ ‌ഇതാദ്യമായാണ് കോലി ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും 100ലധികം പന്തുകൾ വീതം നേരിടുന്നത്. അഞ്ചാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം 94 റൺസ് കൂട്ടുകെട്ടു തീർത്ത ശേഷമാണ് കോലി പുറത്തായത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ അഞ്ചാം വിക്കറ്റിൽ ഇന്ത്യയുടെ ‌ഉയർന്ന രണ്ടാമത്തെ ‌അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 2001–02 കാലത്ത് ബ്ലുംഫൊണ്ടെയ്നിൽ സച്ചിൻ തെൻഡുൽക്കറും വീരേന്ദർ സേവാഗും ചേർന്നു നേടിയ 220 റണ്‍സ് കൂട്ടുകെട്ടാണ് മുന്നിൽ. 1992–93 കാലത്ത് ഡർബനിൽ മുഹമ്മദ് അസ്ഹറുദ്ദീനും പ്രവീണ്‍ ആംറെയും ചേർന്നെടുത്ത 87 റൺസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സ്കോർ ബോർഡിൽ 180 റൺസ് എത്തുമ്പോ‌ഴേയ്ക്കും ഷാർദുൽ ഠാക്കൂർ, ഉമേഷ് യാദവ് എന്നിവരും കൂടാരം കയറി. 13 പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺസെടുത്ത ഠാക്കൂറിനെ ലുങ്കി എൻഗിഡിയും 10 പന്തും നേരിട്ടിട്ടും ‌അക്കൗണ്ട് തുറക്കാൻ കഴിയാതെ പോയ ഉമേഷ് യാദവിനെ കഗീസോ റബാദയും പുറത്താക്കി. മുഹമ്മദ് ഷമിയെ സംപൂജ്യനാക്കി മാർക്കോ ജാൻസൻ പന്തിന്റെ സെ‌ഞ്ചുറിക്ക് ഭീഷണി സൃഷ്ടിച്ചെ‌ങ്കിലും പതിനൊന്നാമനായ ജസ്പ്രീത് ബുമ്രയെ കൂട്ടുപിടിച്ച് പന്ത് സെ‌‍ഞ്ചുറി പൂർത്തിയാക്കി. പിന്നാലെ അഞ്ച് പന്തിൽ രണ്ടു റൺസെടുത്ത ബുമ്രയെയും ജാൻസൻ തന്നെ പുറത്താക്കിയതോടെ ഇന്ത്യ 198 റൺസിന് പുറത്ത്.

∙ കൈവിട്ട് ഓപ്പണർമാരും

ഒന്നാം ഇന്നിങ്സിൽ 13 റണ്‍സിന്റെ നേരിയ ലീഡ് സ്വന്തമാക്കിയ ഇന്ത്യയ്ക്ക്, രണ്ടാം ഇന്നിങ്സിൽ 24 റൺസിനിടെ ഓപ്പണർമാരെയും നഷ്ടമായിരുന്നു. കെ.എൽ. രാഹുൽ 22 പന്തിൽ 10 റൺസെടുത്ത് മാർക്കോ ജെൻസനും മയാങ്ക് അഗർവാൾ 15 പന്തിൽ ഏഴു റൺസെടുത്ത് കഗീസോ റബാദയ്ക്കും വിക്കറ്റ് സമ്മാനിച്ചു.

ഒന്നാം ഇന്നിങ്സിൽ 223 റൺസിന് ഓൾഔട്ടായ ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ്ങിൽ ആദ്യം പതറിയതാണ്. എന്നാൽ, 51 റൺസിനിടെ 6 വിക്കറ്റ് വീഴ്ത്തി പേസർമാർ കളിയുടെ ഗതി തിരിച്ചതോടെ ആശങ്കയുടെ മുനമ്പിൽനിന്ന് ഇന്ത്യ തിരിച്ചുകയറി. ബാറ്റർമാരെ ബൗൺസ് കൊണ്ടു വിറപ്പിച്ച ദക്ഷിണാഫ്രിക്കയ്ക്കു പേസുകൊണ്ടും സ്വിങ്ങുകൊണ്ടുമാണു 3–ാം ടെസ്റ്റിന്റെ 2–ാം ദിനം ഇന്ത്യൻ‌ ബോളർമാർ മറുപടി നൽകിയത്. 5 വിക്കറ്റ് നേടിയ ജസ്പ്രീത് ബുമ്രയുടെ മികവിൽ ആതിഥേയരെ 210ൽ ഇന്ത്യ പുറത്താക്കി. ഇന്ത്യയ്ക്കു 13 റൺസിന്റെ നേരിയ ലീഡ്.

4 വർഷം മുൻപു ടെസ്റ്റിൽ തന്റെ അരങ്ങേറ്റത്തിനു വേദിയായ സ്റ്റേഡിയത്തിലേക്കുള്ള തിരിച്ചുവരവ് ബുമ്ര ഇന്നലെ 5 വിക്കറ്റ് നേട്ടത്തോടെ ആഘോഷമാക്കി. ഒന്നിന് 17ൽ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കു 2–ാം പന്തിൽ തന്നെ ബുമ്ര ഷോക്ക് ട്രീറ്റ്‍മെന്റ് നൽകി. ഗുഡ് ലെങ്ത് ബോൾ ഓഫ് സ്റ്റംപിനു പുറത്തേക്കു പോകുമെന്നു കരുതി ബാറ്റുയർത്തിയ എയ്ഡൻ മാർക്രം അതേ പന്ത് സ്റ്റംപ് തെറിപ്പിച്ചതു കണ്ടു ഞെട്ടിത്തരിച്ചു നിന്നു. കേശവ് മഹാരാജിനെ (25) ഉമേഷ് യാദവും പുറത്താക്കിയെങ്കിലും കീഗൻ പീറ്റേഴ്സന്റെ (72) ഒറ്റയാൻ പോരാട്ടം ദക്ഷിണാഫ്രിക്കയെ കരകയറ്റി. വാൻഡർ ദസനൊപ്പം (21) 4–ാം വിക്കറ്റി‍ൽ 77 റൺസും തെംബ ബാവുമയ്ക്കൊപ്പം (28) 5–ാം വിക്കറ്റിൽ 47 റൺസും നേടിയാണു പീറ്റേഴ്സൻ പിടിച്ചുനിന്നത്.

4ന് 159 റൺസിൽ ഇന്നിങ്സ് ലീഡിലേക്കു കുതിച്ച ദക്ഷിണാഫ്രിക്കയ്ക്കു കടിഞ്ഞാണിട്ടതു മുഹമ്മദ് ഷമിയാണ്. 55–ാം ഓവറിൽ 3 പന്തുകൾക്കിടെ ബാവുമയെയും കൈൽ വെരേന്നയെയും (0) ഷമി പുറത്താക്കിയതോടെ കളി തിരിഞ്ഞു. കീഗൻ പീറ്റേഴ്സന്റെ നിർണായക വിക്കറ്റ് ബുമ്രയും സ്വന്തമാക്കിയതോടെ ആതിഥേയരുടെ പ്രതീക്ഷകൾ അസ്തമിച്ചു. ഷമിയും ഉമേഷും 2 വിക്കറ്റുവീതം നേടിയപ്പോൾ ശാർദൂൽ ഠാക്കൂർ ഒരു വിക്കറ്റു വീഴ്ത്തി.

English Summary: South Africa vs India, 3rd Test, Day 1 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com