ADVERTISEMENT

കേപ് ടൗൺ∙ ‘ഞങ്ങൾ 11 പേർക്കെതിരെ ഈ രാജ്യം മുഴുവൻ കളിക്കുകയാണല്ലോ’ – ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിൽ കേപ് ടൗണിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ക്രിക്കറ്റ് ആരാധകർ കൗതുകത്തോടെ ശ്രദ്ധിച്ച വാക്കുകളാണിത്. മത്സരത്തിൽ 212 റൺസ് വിജയലക്ഷ്യവുമായി ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യവേ, ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗാറിന്റെ ഔട്ട് ഡിആർഎസിലൂടെ തിരുത്തപ്പെട്ടപ്പോഴാണ് ഇന്ത്യൻ ഉപനായകൻ കെ.എൽ. രാഹുൽ നിരാശയോടെ ഇതു പറഞ്ഞത്. ഡീൻ എൽഗാറിന്റെ ഔട്ട് ഡിആർഎസിലൂടെ തീരുത്തപ്പെട്ടതിൽ കൃത്രിമമുണ്ടെന്ന ഗുരുതരമായ ആക്ഷേപമാണ് രാഹുലും ഇന്ത്യൻ നായകൻ വിരാട് കോലിയും പന്തെറിഞ്ഞ രവിചന്ദ്രൻ അശ്വിനും ഉൾപ്പെടെ പങ്കുവച്ചത്. സംഭവം വലിയ തോതിൽ വിവാദമാകുകയും ചെയ്തു.

സംഭവം ഇങ്ങനെ: ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ 21–ാം ഓവർ. പന്തെറിയുന്നത് സന്ദർശകരുടെ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. സ്കോർ 23ൽ നിൽക്കെ എയ്ഡൻ മർക്രത്തിന്റെ വിക്കറ്റ് നഷ്ടമായശേഷം ദക്ഷിണാഫ്രിക്ക ഡീൻ എൽഗാർ – കീഗൻ പീറ്റേഴ്സൻ സഖ്യത്തിലൂടെ മത്സരത്തിലേക്കു തിരിച്ചുവരുന്ന സമയം. ഇന്ത്യയ്ക്ക് പ്രതീക്ഷ നിലനിർത്താൻ ഒരു വിക്കറ്റും അത്യാവശ്യം.

ഓവറിലെ നാലാം പന്ത് പ്രതിരോധിക്കാനുള്ള ഡീൻ എൽഗാറിന്റെ ശ്രമം പാളി. ബാറ്റിനെ കടന്ന പന്ത് നേരെ വന്ന് പാഡിലിടിച്ചു. ഇന്ത്യൻ താരങ്ങളുടെ ഉച്ചത്തിലുള്ള അപ്പീൽ അംഗീകരിച്ച് അംപയർ മറായ്സ് എറാസ്മസ് ഔട്ട് വിളിച്ചു. നിർണായകമായ വിക്കറ്റ് സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിൽ ഇന്ത്യൻ താരങ്ങൾ ആഘോഷത്തിലേക്കു കടന്നെങ്കിലും അംപയറുടെ തീരുമാനം റിവ്യൂ ചെയ്യാനായിരുന്നു എൽഗാറിന്റെ തീരുമാനം.

പന്തിന്റെ റീപ്ലേ പരിശോധിച്ചപ്പോൾ സംഭവിച്ചത് അവിശ്വസനീയമായ കാര്യങ്ങൾ. പന്ത് പിച്ച് ചെയ്ത് ബാറ്റിൽ സ്പർശിക്കാതെ എൽഗാറിന്റെ പാഡിൽ പതിക്കുന്നതുവരെ എല്ലാം അംപയറും ഇന്ത്യൻ താരങ്ങളും പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. എന്നാൽ, തുടർന്നുള്ള റീപ്ലേ സകല കണക്കുകൂട്ടലുകളും തെറ്റിച്ചു. പാഡിലിടിച്ച പന്ത് പിന്നീട് അവിശ്വസനീയമായി ബൗൺസ് ചെയ്ത് സ്റ്റംപിനു മുകളിലൂടെ പറന്നു! എല്ലാവരും ഒരുപോലെ സ്തബ്ധരായിപ്പോയ കാഴ്ച. ഫലം, എൽഗാറിനെ ഔട്ട് വിളിച്ച തീരുമാനം അംപയറിന് തിരുത്തേണ്ടി വന്നു. തന്റെ തീരുമാനം തിരുത്തുമ്പോൾ ‘ഇങ്ങനെ സംഭവിക്കാൻ സാധ്യതയില്ല’ എന്ന് അംപയർ പറയുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തു!

ഉറപ്പിച്ച വിക്കറ്റ് അവിശ്വസനീയമായി കൈവിട്ടുപോകുന്ന കാഴ്ച ഇന്ത്യൻ താരങ്ങളെ കുപിതരാക്കി. റീപ്ലേ ദൃശ്യങ്ങളിൽ കൃത്രിമം കാട്ടി എന്ന ആരോപണമാണ് അവർ പരോക്ഷമായി ഉന്നയിച്ചത്. ഇതോടെ, മത്സരത്തിന്റെ ബ്രോഡ്കാസ്റ്റർമാരായ സൂപ്പർസ്പോർട്ട് ആയിരുന്നു വിവാദ നിഴലിലായത്.

പതിവുപോലെ നിരാശയോടെ ഗ്രൗണ്ടിൽ ആഞ്ഞുതൊഴിച്ച കോലി നേരെ മൈക്ക് സ്റ്റംപിന് അടുത്തുചെന്ന് ബ്രോഡ്കാസ്റ്റർമാരോടായി പറഞ്ഞു: ‘നിങ്ങളുടെ ടീമംഗങ്ങൾ (ദക്ഷിണാഫ്രിക്കൻ താരങ്ങൾ) പന്ത് മിനുക്കുമ്പോൾ ക്യാമറ അവർക്കു നേരെയും തിരിക്കൂ. അല്ലാതെ എതിർ ടീമിനെ മാത്രം നോക്കിയാൽ മതിയോ? എല്ലാവരെയും ഒരുപോലെ നോക്കേണ്ടേ?’ – ഇതായിരുന്നു കുപിതനായ കോലിയുടെ വാക്കുകൾ.

‘ഞങ്ങൾ 11 പേർക്കെതിരെ ഈ രാജ്യം മുഴുവൻ കളിക്കുകയാണല്ലോ’ എന്ന രാഹുലിന്റെ പരാമർശം വന്നതും ഈ സാഹചര്യത്തിൽത്തന്നെ.

പന്തെറിഞ്ഞ അശ്വിൻ പ്രത്യേക്ഷത്തിൽത്തന്നെ ബ്രോഡ്കാസ്റ്റർമാരായ സൂപ്പർസ്പോർട്ടിനെ വിമർശിച്ചു. ‘ജയിക്കാൻ ഇതിലും നല്ല മാർഗങ്ങൾ നോക്കൂ സൂപ്പർസ്പോർട്ട്’ – എന്നായിരുന്നു അശ്വിന്റെ വാക്കുകൾ. ‘പണമുണ്ടാക്കുകയാണ് ബ്രോഡ്കാസ്റ്റർമാരുടെ ലക്ഷ്യ’മെന്നായിരുന്നു മറ്റൊരു താരത്തിന്റെ പ്രതികരണം.

അതേസമയം, പിച്ചിൽ അപ്രതീക്ഷിത ബൗൺസ് ഉണ്ടായിരുന്നതിനാൽ പന്ത് ഇത്തരത്തിൽ പ്രതികരിച്ചതിൽ അദ്ഭുതമില്ലെന്ന തരത്തിലാണ് മുൻ താരങ്ങൾ ഉൾപ്പെയുള്ളവർ വിലയിരുത്തിയത്. വിക്കറ്റിനായുള്ള ആവേശമാണ് ഇന്ത്യൻ താരങ്ങളുടെ നിരാശയ്ക്കു കാരണമെന്നും വിലയിരുത്തലുണ്ടായി. മത്സരശേഷം സംസാരിച്ച ദക്ഷിണാഫ്രിക്കൻ താരം ലുങ്കി എൻഗിഡിയും ഇന്ത്യൻ താരങ്ങൾ അനുഭവിക്കുന്ന കടുത്ത സമ്മർദ്ദവും നിരാശയുമാണ് അത്തരമൊരു ആക്ഷേപത്തിനു പിന്നിലെന്ന് പരിഹസിച്ചു.

English Summary: Kohli, Ashwin, Rahul slam broadcasters after DRS gaffe in Cape Town Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com