കൈവിട്ട ബാറ്റിൽ തൊട്ടുവന്ദിച്ചു; കൂട്ടുകാർ ഓടിയൊളിച്ചിട്ടും ഇന്ത്യയെ കൈവിടാതെ ‘പന്താട്ടം’

rishabh-pant-1
ബാറ്റിങ്ങിനിടെ കയ്യിൽനിന്നു തെറിച്ചുപോയ ബാറ്റെടുത്ത് തൊട്ടുവന്ദിക്കുന്ന ഋഷഭ് പന്ത് (ട്വിറ്റർ ചിത്രം)
SHARE

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യയുടെ ഏഴു വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞിരുന്നു. വാലറ്റക്കാരനായ ഉമേഷ് യാദവ് ക്രീസിലെത്തി. ദക്ഷിണാഫ്രിക്കയുടെ പേസ് ബോളർമാർക്ക് പിച്ചിൽനിന്ന് ആവശ്യത്തിലേറെ സഹായങ്ങൾ ലഭിച്ചിരുന്നു. അവർ രക്തം മണത്തു.

ഒരറ്റത്ത് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിൽക്കുന്നുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കൻ മണ്ണിലെ ആദ്യ ടെസ്റ്റ് സെഞ്ചുറി എന്ന മോഹിപ്പിക്കുന്ന നാഴികക്കല്ലിന്റെ തൊട്ടരികിലായിരുന്നു ആ യുവാവ്. പക്ഷേ അതിനെക്കുറിച്ച് ചിന്തിക്കാൻ അയാൾക്ക് താൽപര്യം ഇല്ലായിരുന്നു. ഇന്ത്യയ്ക്ക് 183 റൺസിന്റെ ലീഡേ ഉണ്ടായിരുന്നുള്ളൂ. ഒരു മികച്ച ടോട്ടൽ ഇന്ത്യൻ ടീമിന് സമ്മാനിക്കുക എന്നതിനായിരുന്നു ആ സമയത്ത് മുൻഗണന.

ദക്ഷിണാഫ്രിക്കൻ പേസർ ഒലീവിയർ ഓഫ് സ്റ്റംപിനു പുറത്ത് ഒരു ഷോർട്ട്ബോൾ എറിഞ്ഞു. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ അത് മിഡ്-ഓണിനു മുകളിലൂടെ പുൾ ചെയ്തു - സിക്സർ! തികച്ചും അസാധാരണമായ ആ ഹിറ്റ് കണ്ട് എല്ലാവരും തരിച്ചുനിന്നു.

rishabh-pant-3

കമന്റേറ്ററായ മൈക്ക് ഹെയ്സ്മാൻ അഭിപ്രായപ്പെട്ടു: ‘ഈ ബാറ്റർ ക്രിക്കറ്റിലേയ്ക്ക് ബെയ്സ്ബോളിന്റെ ടെക്നിക്കുകൾ കൊണ്ടുവരുന്നു. അതിൽ ഒട്ടും അത്ഭുതമില്ല. അയാളുടെ പേര് ഋഷഭ് പന്ത് എന്നാണ്...!’

ഋഷഭിന്റെ ഫ്രീക് ഷോട്ട് സൃഷ്ടിച്ച വിസ്മയം വിട്ടുമാറുന്നതിനുമുമ്പ് ഉമേഷ് (0) പുറത്തായി. മുഹമ്മദ് ഷമി ഒൻപതാമനായി ഇറങ്ങി. ഋഷഭിനെ പരമാവധി നേരം നോൺ സ്ട്രൈക്കർ എൻഡിൽ നിർത്താനായിരുന്നു ദക്ഷിണാഫ്രിക്കയുടെ പദ്ധതി. ആ തന്ത്രത്തിനനുസരിച്ച് ഫീൽഡും ഒരുക്കപ്പെട്ടു.

ഷമിയെ സംരക്ഷിക്കാൻ ഋഷഭ് നന്നായി പരിശ്രമിച്ചു. സിംഗിളുകളും ഡബിളുകളും ഓടിയെടുത്ത് സ്കോർ ബോർഡ് ചലിപ്പിച്ചു. കഴിവതും സ്ട്രൈക്ക് സ്വന്തമായി സൂക്ഷിച്ചു. അങ്ങനെ ഇന്ത്യയുടെ ലീഡ് ഇരുനൂറ് കടന്നു. എന്നാൽ ഷമി അനാവശ്യമായ ഷോട്ട് കളിച്ച് വിക്കറ്റ് കളഞ്ഞു.

ഇനിയും കാത്തിരിക്കുന്നതിൽ അർഥമില്ലെന്ന് ഋഷഭിന് മനസ്സിലായി. ഇന്ത്യയുടെ അവസാന ബാറ്റ്സ്മാനായ ജസ്പ്രീത് ബുമ്രയെ സാക്ഷിയാക്കി ഋഷഭ് ആക്രമണം ആരംഭിച്ചു. റബാഡയുടെ പന്ത് ലോങ് ഓഫിലൂടെ അതിർത്തി കടന്നു. അടുത്ത ഓവറിൽ ഋഷഭ് സെഞ്ചുറി പൂർത്തിയാക്കി. ബാറ്റിങ് അതീവ ദുഷ്കരമായ ഒരു പിച്ചിൽ കേവലം 133 പന്തുകളിൽനിന്ന് ഒരു ടെസ്റ്റ് സെഞ്ചുറി!

ഋഷഭ് തന്റെ വ്യക്തിപരമായ നേട്ടത്തെ വലിയ ആഘോഷമാക്കിയില്ല. ഇന്ത്യയുടെ ലീഡ് വർധിപ്പിക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ഉന്നം. പക്ഷേ ബുമ്ര കൂടി കീഴടങ്ങിയതോടെ ഇന്ത്യ 198ന് ഓൾഔട്ടായി.

നിരാശയോടെ ഋഷഭ് തിരിച്ചുനടന്നു. ടീം ഇന്ത്യ ആകെ നേടിയ റൺസിന്റെ പാതിയിലധികവും വന്നത് ഋഷഭിന്റെ ബാറ്റിൽ നിന്നായിരുന്നു! ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് എഴുന്നേറ്റുനിന്ന് കയ്യടിച്ച് ഋഷഭിനെ സ്വീകരിച്ചു.

rishabh-pant-1

ശരിക്കും ഒരു ബോക്സിങ് മത്സരം പോലെയായിരുന്നു ഋഷഭിന്റെ ഇന്നിങ്സ്. ദക്ഷിണാഫ്രിക്കൻ ടീം കൊടുത്ത അടികൾക്കെല്ലാം ശക്തമായ തിരിച്ചടികളുണ്ടായി.

വെറ്ററൻ താരങ്ങളായ ചേതേശ്വർ പൂജാരയും അജിൻക്യ രഹാനെയും പരാജയപ്പെട്ട ഘട്ടത്തിലാണ് ഋഷഭ് കളിതുടങ്ങിയത്. കേപ് ടൗൺ പിച്ചിലെ അധിക ബൗൺസിലാണ് പൂജാരയും രഹാനെയും കുരുങ്ങിയത്. ദക്ഷിണാഫ്രിക്ക ബൗൺസറുകൾ എറിഞ്ഞപ്പോൾ ഋഷഭ് പുൾ ഷോട്ടുകളും സ്ക്വയർ കട്ടുകളും കളിച്ചു.

ലുങ്കി എൻഗിഡിയുടെ ഒരു പന്ത് ഋഷഭിന്റെ ദേഹത്തുകൊണ്ടു. വേദനകൊണ്ട് പുളഞ്ഞ ഋഷഭിനെ ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗാർ പരിഹസിച്ചു. എൽഗാറിനുള്ള മറുപടി പിന്നാലെ വന്നു. എൻഗിഡിയുടെ അവസാനത്തെ ഡെലിവെറി കവറിലൂടെ അപ്രത്യക്ഷമായി.

rishabh-pant

ബാറ്റിങ്ങിനിടയിൽ ഋഷഭിന്റെ വിരലിന് പരിക്കേറ്റിരുന്നു. ടീം ഫിസിയോയ്ക്ക് രംഗത്തിറങ്ങേണ്ടിവന്നു. അതിനുപിന്നാലെ സ്പിന്നറായ  കേശവ് മഹാരാജിനെതിരെ തുടർച്ചയായ സിക്സറുകൾ പായിച്ച് ഋഷഭ് തന്റെ കരുത്ത് തെളിയിച്ചു.

ഋഷഭിനെ പുറത്താക്കാൻ കഴിയാത്തതിന്റെ നിരാശ മൂലം ദക്ഷിണാഫ്രിക്കൻ പേസ് ബോളർ മാർക്കോ ജാൻസൻ എതിരാളിയ്ക്കുനേരെ പന്ത് വലിച്ചെറിയുന്ന കാഴ്ചയും കണ്ടു. ഋഷഭ് അപ്പോഴും സമചിത്തത കൈവിട്ടില്ല. തികഞ്ഞ നിസംഗതയോടെ ആ ഏറ് തടുത്തിട്ടു.

പക്വതയില്ലാത്ത കളിക്കാരൻ എന്ന വിമർശനം പലരും ഋഷഭിനുനേരെ പായിക്കാറുണ്ട്. പക്ഷേ കേവലം 24 വയസ് മാത്രം പ്രായമുള്ള ഋഷഭ് ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് സെഞ്ചുറി നേടിക്കഴിഞ്ഞു. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലെ  ഇന്ത്യയുടെ ചരിത്രജയത്തിന് ചുക്കാൻ പിടിച്ചത് ഋഷഭായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് സീരീസ് ജയം ഇന്ത്യ ഉറ്റുനോക്കിയ ഘട്ടത്തിലാണ് കേപ് ടൗണിലെ സെഞ്ചുറി വന്നത്.

pant-kohli

എല്ലാംകൊണ്ടും ഒരു സ്പെഷൽ ടാലന്റാണ് ഋഷഭ്. ഇത്രയും ചെറിയ പ്രായത്തിനുള്ളിൽ ഇത്രയേറെ നേട്ടങ്ങൾ കൊയ്ത മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽത്തന്നെ ഉണ്ടായിട്ടുണ്ടാവില്ല!

ഋഷഭിന് കളിയോടുള്ള പ്രതിബദ്ധത തെളിയിക്കുന്ന ഒരു സംഭവം കേപ് ടൗൺ ടെസ്റ്റിലുണ്ടായി. ക്രീസിൽനിന്ന് ചാടിയിറങ്ങി ഷോട്ട് കളിക്കാൻ ശ്രമിച്ച ഋഷഭിന്റെ കൈയ്യിൽനിന്ന് ബാറ്റ് വഴുതിപ്പോയി! സ്ക്വയർലെഗ് അംപയറുടെ സമീപത്തേയ്ക്കാണ് ബാറ്റ് പറന്നെത്തിയത്! അതുകണ്ട് ഋഷഭ് ഉൾപ്പടെ  സകലരും പൊട്ടിച്ചിരിച്ചു. പക്ഷേ അതിനുപിന്നാലെ ഋഷഭ് തന്റെ ബാറ്റ് തൊട്ടുവന്ദിച്ചു. ക്യാമറകൾ ആ രംഗം ഒപ്പിയെടുത്തു.

തന്നെ ഇവിടം വരെയെത്തിച്ച ക്രിക്കറ്റ് ബാറ്റിനോട് ഋഷഭിന് അങ്ങേയറ്റത്തെ ആദരവുണ്ട്. ക്രിക്കറ്റിനെ അയാൾ വല്ലാതെ സ്നേഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ 'വികൃതിപ്പയ്യൻ' നമ്മെ ആനന്ദിപ്പിച്ചുകൊണ്ടേയിരിക്കും...!

English Summary: Rishabh Pant's Century On Day 3 Of Cape Town Test

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA