ADVERTISEMENT

കേപ് ടൗൺ ∙ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ചരിത്രവിജയം നേടിയ ടീം ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കൻ മണ്ണിലെ പരമ്പര വിജയം തൽക്കാലത്തേക്കെങ്കിലും കിട്ടാക്കനിയാക്കി മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയർക്ക് തകർപ്പൻ വിജയം. 212 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 63.3 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇതോടെ, മൂന്നു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പര ദക്ഷിണാഫ്രിക്ക 2–1ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റിൽ നേടിയ തകർപ്പൻ വിജയത്തിനുശേഷം രണ്ടും മൂന്നും ടെസ്റ്റുകളിൽ തോൽവി വഴങ്ങിയാണ് ഇന്ത്യ ഒരിക്കൽക്കൂടി പരമ്പര കൈവിട്ടത്. ഇനി ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ജനുവരി 19ന് ആരംഭിക്കും.

സ്കോർ: ഇന്ത്യ – 223, 198. ദക്ഷിണാഫ്രിക്ക – 210, 3ന് 212

വിരാട് കോലിയുടെ ക്യാപ്റ്റൻസിയിൽ 139 റൺസിനു മുകളിലുള്ള വിജയലക്ഷ്യം പ്രതിരോധിക്കാനാകാതെ ഇന്ത്യ തോൽവി വഴങ്ങുന്നത് ഇതാദ്യമായാണ്. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് നഷ്ടമായത് അർധസെഞ്ചുറി നേടിയ കീഗൻ പീറ്റേഴ്സന്റെ വിക്കറ്റ് മാത്രം. പീറ്റേഴ്സൻ 113 പന്തിൽ 10 ഫോറുകൾ സഹിതം 82 റൺസെടുത്തു. പിരിയാത്ത നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് വാൻഡർ ദസ്സൻ (41) – തെംബ ബാവുമ (32) സഖ്യം അവരെ വിജയത്തിലെത്തിച്ചു. കീഗൻ പീറ്റേഴ്സനാണ് കളിയിലെ കേമനും പരമ്പരയുടെ താരവും.

രണ്ടു വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിൽ മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കായി തുടക്കത്തിൽത്തന്നെ പീറ്റേഴ്സൻ അർധസെഞ്ചുറി തികച്ചു. ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലും പീറ്റേഴ്സൻ അർധസെഞ്ചുറി നേടിയിരുന്നു. ഇത്തവണ സെഞ്ചുറിയിലേക്ക് നീങ്ങിയ കീഗൻ പീറ്റേഴ്സന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 113 പന്തിൽ 10 ഫോറുകൾ സഹിതം 82 റൺസെടുത്ത് ദക്ഷിണാഫ്രിക്കൻ വിജയത്തിന് അടിത്തറയിട്ട പീറ്റേഴ്സനെ, ഷാർദുൽ ഠാക്കൂറാണ് പുറത്താക്കിയത്. നേരത്തെ, വ്യക്തിഗത സ്കോർ 59ൽ നിൽക്കെ ബുമ്രയുടെ പന്തിൽ പീറ്റേഴ്സൻ നൽകിയ ക്യാച്ച് ചേതേശ്വർ പൂജാര കൈവിട്ടിരുന്നു.

പിന്നീട് ക്രീസിൽ ഒരുമിച്ച റാസ്സി വാൻഡർ ദസ്സനും തെംബ ബാവുമയും ചേർന്ന് പിരിയാത്ത നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് (57) തീർത്ത് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. വാൻഡർ ദസ്സൻ 95 പന്തിൽ മൂന്നു ഫോറുകൾ സഹിതം 41 റൺസോടെയും ബാവുമ 58 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 32 റൺസോടെയും പുറത്താകാതെ നിന്നു.

ഓപ്പണർമാരായ എയ്ഡൻ മർക്രം (22 പന്തിൽ 16), ക്യാപ്റ്റൻ കൂടിയായ ഡീൻ എൽഗാർ (96 പന്തിൽ 30) എന്നിവരാണ് മൂന്നാം ദിനം പുറത്തായ ദക്ഷിണാഫ്രിക്കൻ താരങ്ങൾ. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഷാർദുൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

∙ പാഴായ ‘പന്താട്ടം’

ഇന്നലെ ഇന്ത്യയുടെ ബാറ്റിങ് കണ്ട ഇന്ത്യൻ ആരാധകർ, ഋഷഭ് പന്തിനു പിന്തുണ കൊടുക്കാൻ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് കൊതിച്ചുപോയിട്ടുണ്ടാകും. 2ന് 57ൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്കായി പന്ത് (139 പന്തിൽ 4 സിക്സും 6 ഫോറും ഉൾപ്പെടെ 100 റൺസ്) ഒറ്റയാൾ പോരാട്ടം നടത്തി. ബാറ്റിങ് ദുഷ്കരമായ വിക്കറ്റിൽ സ്വതസിദ്ധമായ ശൈലിയിലാണു കളിച്ചത്.

143 പന്തുകൾ ക്ഷമയോടെ നേരിട്ടെങ്കിലും ഒടുവി‍ൽ കവർ ഡ്രൈവിനു ശ്രമിച്ചു പരാജയപ്പെട്ട് ക്യാപ്റ്റൻ കോലി (29) മടങ്ങിയതു നിരാശയായി. ചേതേശ്വർ പൂജാര (9), അജിൻക്യ രഹാനെ (1) എന്നിവരുടെ ഭാവി മിക്കവാറും ഈ ടെസ്റ്റോടെ തീരുമാനമായേക്കും. മാർക്കോ ജാൻസനും (4–36) കഗീസോ റബാദയും (3–53) ലുങ്ഗി എൻഗിഡിയും (3–21) ഉത്സാഹിച്ചു പന്തെറിഞ്ഞതോടെ ഇന്ത്യയുടെ 2–ാം ഇന്നിങ്സ് 198ൽ അവസാനിച്ചു.

212 റൺസ് വിജയലക്ഷ്യവുമായി 2–ാം ഇന്നിങ്സ് തുടങ്ങിയ ആതിഥേയർക്ക് 8–ാം ഓവറിൽ മുഹമ്മദ് ഷമിയുടെ പന്തിൽ എയ്ഡൻ മാർക്രത്തെ (16) നഷ്ടപ്പെട്ടെങ്കിലും 2–ാം വിക്കറ്റിൽ 78 റൺസ് കൂട്ടിച്ചേർത്ത് ഡീൻ എൽഗാറും (30) കീഗൻ പീറ്റേഴ്സനും (48 നോട്ടൗട്ട്) അവരെ രക്ഷപ്പെടുത്തി. ഇന്നലത്തെ അവസാന ഓവറിൽ എൽഗാറിനെ ബുമ്ര വീഴ്ത്തി.

English Summary: South Africa vs India, 3rd Test, Day 4 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com