ADVERTISEMENT

ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗാറിനെതിരായ ഔട്ട് തീരുമാനം ഡിആർഎസിലൂടെ തിരുത്തപ്പെട്ടതിനു പിന്നാലെ കുപിതരായി പ്രതികരിച്ച ഇന്ത്യൻ താരങ്ങളെ വിമർശിച്ച് മുൻ താരം ഗൗതം ഗംഭീർ  രംഗത്ത്. കോലിയുടെയും സംഘത്തിന്റെയും പ്രതികരണവും പെരുമാറ്റവും തീർത്തും അപക്വമായിപ്പോയെന്ന് ഗംഭീർ വിമർശിച്ചു. ഇത്തരത്തിൽ പെരുമാറുന്ന ഒരു ക്യാപ്റ്റനും ടീമും വളർന്നുവരുന്ന യുവതലമുറയ്ക്ക് എന്ത് മാതൃകയാണ് നൽകുന്നതെന്നും ഗംഭീർ ചോദിച്ചു.

കേപ് ടൗൺ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമാണ് എൽഗാറിനെതിരായ ഔട്ട് തീരുമാനം ഡിആർഎസിലൂടെ തിരുത്തിയതിന്റെ പേരിൽ ഇന്ത്യൻ താരങ്ങൾ പരസ്യമായി പ്രതികരിച്ചത്. എൽഗാറിന്റെ ഔട്ട് ഡിആർഎസിലൂടെ തീരുത്തപ്പെട്ടതിൽ കൃത്രിമമുണ്ടെന്ന ഗുരുതരമായ ആക്ഷേപമാണ് രാഹുലും ഇന്ത്യൻ നായകൻ വിരാട് കോലിയും പന്തെറിഞ്ഞ രവിചന്ദ്രൻ അശ്വിനും ഉൾപ്പെടെ പങ്കുവച്ചത്. സംഭവം വലിയ തോതിൽ വിവാദമാകുകയും ചെയ്തു.

പതിവുപോലെ നിരാശയോടെ ഗ്രൗണ്ടിൽ ആഞ്ഞുതൊഴിച്ച കോലി നേരെ മൈക്ക് സ്റ്റംപിന് അടുത്തുചെന്ന് ബ്രോഡ്കാസ്റ്റർമാരോടായി പറഞ്ഞ വാക്കുകളാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. ‘നിങ്ങളുടെ ടീമംഗങ്ങൾ (ദക്ഷിണാഫ്രിക്കൻ താരങ്ങൾ) പന്ത് മിനുക്കുമ്പോൾ ക്യാമറ അവർക്കു നേരെയും തിരിക്കൂ. അല്ലാതെ എതിർ ടീമിനെ മാത്രം നോക്കിയാൽ മതിയോ? എല്ലാവരെയും ഒരുപോലെ നോക്കേണ്ടേ?’ – ഇതായിരുന്നു കുപിതനായ കോലിയുടെ വാക്കുകൾ.

എന്നാൽ, കോലിയുടെ പെരുമാറ്റം അപക്വമായിപ്പോയി എന്ന അഭിപ്രായമാണ് ഗംഭീർ പങ്കുവച്ചത്.

‘കോലി എത്ര അപക്വമായാണ് പെരുമാറിയത്. സ്റ്റംപിനടുത്തേക്ക് പോകുക, എന്നിട്ട് ഇത്തരത്തിൽ പെരുമാറുക – എന്തൊരു മോശമാണിത്. രാജ്യാന്തര തലത്തിൽ കളിക്കുന്ന ഒരു ടീമിന്റെ നായകനിൽനിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റമല്ല ഇത്. ഒരു ഇന്ത്യൻ നായകനിൽനിന്ന് ഉണ്ടാകേണ്ട പ്രതികരണവുമല്ല ഇത്. ഇത്തരത്തിൽ പെരുമാറുന്ന ഒരു താരം ഒരിക്കലും യുവതാരങ്ങൾക്ക് മാതൃകയല്ല. ഈ വിഷയത്തിൽ രാഹുൽ ദ്രാവിഡ് കോലിയോടു സംസാരിക്കുമെന്നാണ് എന്റെ പ്രതീക്ഷ’ – ഗംഭീർ ചൂണ്ടിക്കാട്ടി.

‘സാങ്കേതിക വിദ്യ ഒരിക്കലും നമ്മുടെ കൈകളിലല്ല. ഒന്നാം ഇന്നിങ്സിൽ ഒരു ക്യാച്ചിനായുള്ള അപ്പീലിൽ 50–50 ചാൻസായിട്ടും തീരുമാനം കോലിക്ക് അനുകൂലമായിരുന്നു. ആ സമയത്ത് കോലി ഇത്തരത്തിൽ പ്രതികരിച്ചോ? ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗാർ ഇതുപോലൊരു പ്രതികരണത്തിന് മുതിർന്നോ? മയാങ്ക് അഗർവാളിനെതിരെ അപ്പീലിൽ അത് ഔട്ടാണെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമായിരുന്നു. എന്നിട്ടും തീരുമാനം എതിരായപ്പോൾ എൽഗാർ കോലിയേപ്പോലെ പ്രതികരിച്ചോ?’ – ഗംഭീർ ചോദിച്ചു.

കോലിക്കു പുറമേ ഇന്ത്യൻ താരങ്ങളായ കെ.എൽ. രാഹുലും രവിചന്ദ്രൻ അശ്വിനും നടത്തിയ വിമർശനങ്ങളും മാധ്യമശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ ടീമിന്റെ ഉപനായകൻ കൂടിയായ കെ.എൽ. രാഹുൽ, ‘ഞങ്ങൾ 11 പേർക്കെതിരെ ഈ രാജ്യം മുഴുവൻ കളിക്കുകയാണല്ലോ’  എന്നാണ് പ്രതികരിച്ചത്.

പന്തെറിഞ്ഞ അശ്വിൻ പ്രത്യേക്ഷത്തിൽത്തന്നെ ബ്രോഡ്കാസ്റ്റർമാരായ സൂപ്പർസ്പോർട്ടിനെ വിമർശിച്ചു. ‘ജയിക്കാൻ ഇതിലും നല്ല മാർഗങ്ങൾ നോക്കൂ സൂപ്പർസ്പോർട്ട്’  – എന്നായിരുന്നു അശ്വിന്റെ വാക്കുകൾ. ‘പണമുണ്ടാക്കുകയാണ് ബ്രോഡ്കാസ്റ്റർമാരുടെ ലക്ഷ്യ’മെന്നായിരുന്നു മറ്റൊരു താരത്തിന്റെ പ്രതികരണം.

English Summary: 'Immature' Virat Kohli will never be an idol to youngsters by doing this: Gautam Gambhir on stump-mic outburst

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com