ദക്ഷിണാഫ്രിക്കയോട് ഇന്ത്യൻ കൗമാരപ്പടയുടെ പ്രതികാരം; ലോകകപ്പിൽ വിജയത്തുടക്കം

south-africa-vs-india
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ അണ്ടർ 19 ടീമംഗങ്ങൾ (ബിസിസിഐ ചിത്രം)
SHARE

ജോർജ്ടൗൺ (ഗയാന) ∙ ടെസ്റ്റ് പരമ്പരയിൽ സീനിയർ ടീം ഏറ്റുവാങ്ങിയ തോൽവിക്കു ദക്ഷിണാഫ്രിക്കൻ കുട്ടിപ്പടയെ തോൽപിച്ച് പകരം വീട്ടിയ ഇന്ത്യൻ കൗമാരപ്പടയ്ക്ക്, അണ്ടർ 19 ലോകകപ്പിൽ വിജയത്തുടക്കം. കരുത്തരായ ദക്ഷിണാഫ്രിക്കയെ 45 റൺസിനാണ് ഇന്ത്യൻ യുവനിര തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 46.5 ഓവറിൽ 232 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 45.4 ഓവറിൽ നേടാനായത് 187 റൺസ് മാത്രം. അഞ്ച് വിക്കറ്റ് വീഴ്ത്തിയ വിക്കി ഓസ്ട്‌വാൾ, നാലു വിക്കറ്റ് പിഴുത രാജ് ബാവ എന്നിവർ ചേർന്നാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഓസ്ട്‌വാളാണ് കളിയിലെ കേമൻ.

ദക്ഷിണാഫ്രിക്കയ്ക്കു പുറമേ യുഗാണ്ട, അയർലൻഡ് ടീമുകളും മത്സരിക്കുന്ന ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. ഒരു ഗ്രൂപ്പിൽ നിന്ന് 2 ടീമുകൾ നോക്കൗട്ട് റൗണ്ടിലേക്കു മുന്നേറും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നെങ്കിലും, ക്യാപ്റ്റൻ യഷ് ദൂലിന്റെ തകർപ്പൻ അർധസെഞ്ചുറിയാണ് ടീമിനെ രക്ഷിച്ചത്. 11 റൺസിനെ രണ്ടു വിക്കറ്റ് നഷ്ടമാക്കി തകർച്ചയിലേക്കു നീങ്ങിയ ടീമിനെ 100 പന്തിൽ 82 റൺസെടുത്താണ് യഷ് ദൂൽ കാത്തത്. 11 ഫോറുകൾ സഹിതമായിരുന്നു ഇത്.

മൂന്നാം വിക്കറ്റിൽ ഷെയ്ക് റഷീദിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് ദൂൽ ഇന്ത്യയെ രക്ഷിച്ചത്. ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 71 റൺസാണ്. റഷീദ് 54 പന്തിൽ നാലു ഫോറുകൾ സഹിതം 31 റൺസെടുത്തു. ഇവർക്കു പുറമേ ഇന്ത്യൻ നിരയിൽ തിളങ്ങഇയത് 25 പന്തിൽ 27 റൺസെടുത്ത നിഷാന്ത് സിന്ധു, 44 പന്തിൽ 35 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ കൗശൽ ടാംബെ എന്നിവർ മാത്രം. ദക്ഷിണാഫ്രിക്കയ്ക്കായി മാത്യു ബോസ്റ്റ് മൂന്നു വിക്കറ്റ് വീഴ്ത്തി.

താരതമ്യേന എളുപ്പമുള്ള വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് അക്കൗണ്ട് തുറക്കും മുൻപേ വീഴ്ത്തിയാണ് ഇന്ത്യ തിരിച്ചടി ആരംഭിച്ചത്. ഇന്നിങ്സിലെ നാലാം പന്തിൽത്തന്നെ ഇന്ത്യൻ താരം ആർ.ഹംഗാർഗേക്കർ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഏഥൻ ജോണിനെ പുറത്താക്കി.

അർധസെഞ്ചുറി നേടിയ ഡിവാൾഡ് ബ്രെവിസിന്റെ (99 പന്തിൽ 65) ചെറുത്തുനിൽപ്പ് ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിച്ചെങ്കിലും കൂട്ടുനിൽക്കാൻ ആളില്ലാതെ പോയി. ആറു ഫോറും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ബ്രെവിസിന്റെ ഇന്നിങ്സ്. ബ്രെവിസിന് പുറമേ ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കണ്ടത് ഓപ്പണർ വാലിന്റൈൻ കിട്ടിം (33 പന്തിൽ 25), ക്യാപ്റ്റൻ ജോർജ് വാൻ ഹീർഡൻ (61 പന്തിൽ 36) എന്നിവർ മാത്രം.

ഇന്ത്യയ്ക്കായി ഇടംകയ്യൻ സ്പിന്നർ വിക്കി ഓസ്ട്‌വാൾ 10 ഓവറിൽ 28 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുതു. ഇടംകയ്യൻ മീഡിയം പേസർ രാജ് ബാവ 6.4 ഓവറിൽ 47 റൺസ് വഴങ്ങി നാലു വിക്കറ്റും വീഴ്ത്തി. രാജ്‌വർധൻ ഹംഗാർഗേക്കറിനാണ് ഒരു വിക്കറ്റ്.

English Summary: India U19 vs South Africa U19, 4th Match, Group B - Live Cricket Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA