പരാതി സ്റ്റംപിനോടു പറയൂ ബ്രോഡ്...; ആഷസിനിടയിലും കോലിയെ ‘ട്രോളി’ ആരാധകർ

broad-kohli
സ്റ്റുവാർട്ട് ബ്രോഡ്, വിരാട് കോലി
SHARE

സിഡ്നി∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ സ്റ്റംപ് മൈക്കിലൂടെ ബ്രോഡ്കാസ്റ്റർമാരോട് കുപിതനായ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ആഷസ് പരമ്പരയ്ക്കിടയിലും ട്രോൾ. ഹൊബാർട്ടിൽ നടക്കുന്ന ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിനിടെ ക്യാമറാ ടീമിനുനേരെ ഇംഗ്ലിഷ് താരം സ്റ്റുവാർട്ട് ബ്രോഡ് നടത്തിയ ചീത്തവിളിയുടെ ചുവടുപിടിച്ചാണ് കോലിയെയും ആരാധകർ ട്രോളിയത്. ക്യാമറാ ടീമിനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ സ്റ്റംപ് മൈക്ക് ഉപയോഗിക്കൂ എന്നായിരുന്നു ബ്രോഡിന് ആരാധകരുടെ ‘ഉപദേശം’.

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സിൽ 63–ാം ഓവറിനിടെയാണ് സ്റ്റുവാർട്ട് ബ്രോഡ് ക്യാമറാ ടീമിനുനേരെ കുപിതനായത്. മിച്ചൽ സ്റ്റാർക്ക് ക്രീസിൽ നിൽക്കെ ബോൾ ചെയ്യാനായി ഓടിയെത്തിയ ബ്രോഡ്, പന്ത് റിലീസ് ചെയ്യുന്നതിനു മുൻപേ ആക്ഷൻ അവസാനിപ്പിച്ചു. ശേഷം ‘ആ യന്ത്രം ചലിപ്പിക്കുന്നത് നിർത്തൂ’ എന്ന് അലറുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

എന്നാൽ, ബ്രോഡിന്റെ പ്രതികരണം കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ വിരാട് കോലി നടത്തിയ വിവാദപരമായ നീക്കത്തോട് ബന്ധിപ്പിച്ചാണ് സോഷ്യൽ മീഡിയ ആഘോഷിച്ചത്. കോലിയേപ്പോലെ സ്റ്റംപ് മൈക്കിനോട് പരാതിപ്പെടാൻ ആവശ്യപ്പെട്ട് ഒട്ടേറെപ്പേർ ട്വീറ്റ് ചെയ്തു.

നേരത്തെ, എൽഗാറിന്റെ ഔട്ട് ഡിആർഎസിലൂടെ തീരുത്തപ്പെട്ടതിൽ കൃത്രിമമുണ്ടെന്ന ഗുരുതരമായ ആക്ഷേപമുന്നയിച്ചാണ് കോലി സ്റ്റംപ് മൈക്കിന് അടുത്തുചെന്ന് ബ്രോഡ്കാസ്റ്റർമാരോട് കുപിതനായത്. പതിവുപോലെ നിരാശയോടെ ഗ്രൗണ്ടിൽ ആഞ്ഞുതൊഴിച്ച കോലി നേരെ മൈക്ക് സ്റ്റംപിന് അടുത്തുചെന്ന് ബ്രോഡ്കാസ്റ്റർമാരോടായി പറഞ്ഞത് ഇങ്ങനെ.

‘നിങ്ങളുടെ ടീമംഗങ്ങൾ (ദക്ഷിണാഫ്രിക്കൻ താരങ്ങൾ) പന്ത് മിനുക്കുമ്പോൾ ക്യാമറ അവർക്കു നേരെയും തിരിക്കൂ. അല്ലാതെ എതിർ ടീമിനെ മാത്രം നോക്കിയാൽ മതിയോ? എല്ലാവരെയും ഒരുപോലെ നോക്കേണ്ടേ?’ – ഇതായിരുന്നു കുപിതനായ കോലിയുടെ വാക്കുകൾ. ഇത് പിന്നീട് വലിയ വിവാദമായി.

English Summary: Should've told that to the stump mic: Twitterati advises Stuart Broad after he gets angry over roving camera

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS