ADVERTISEMENT

കേപ് ടൗൺ∙ ഡിആർഎസ് തീരുമാനം പ്രതികൂലമായതിൽ കുപിതനായി സ്റ്റംപ് മൈക്കിന് അടുത്തുപോയി ബ്രോഡ്കാസ്റ്റർമാരെ ചീത്തവിളിച്ച ഇന്ത്യൻ നായകൻ വിരാട് കോലിയെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സസ്പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി ഇംഗ്ലണ്ടിന്റെ മുൻ നായകനും കമന്റേറ്ററുമായ മൈക്കൽ വോൺ രംഗത്ത്. വിരാട് കോലിയുടെ നടപടി ഒട്ടും ശരിയായില്ലെന്ന് മൈക്കൽ വോൺ ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിലെങ്കിലും വിരാട് കോലിയെ മാതൃകാപരമായി ശിക്ഷിക്കാൻ ഐസിസി മുന്നോട്ടുവരണമെന്ന് വോൺ ആവശ്യപ്പെട്ടു. കോലിയെ സസ്പെൻഡ് ചെയ്യുകയും കോലിയിൽനിന്ന് പിഴയീടാക്കുകയും വേണമെന്നാണ് വോണിന്റെ ആവശ്യം.

കേപ് ടൗൺ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമാണ് എൽഗാറിനെതിരായ ഔട്ട് തീരുമാനം ഡിആർഎസിലൂടെ തിരുത്തിയതിന്റെ പേരിൽ ഇന്ത്യൻ താരങ്ങൾ പരസ്യമായി പ്രതികരിച്ചത്. എൽഗാറിന്റെ ഔട്ട് ഡിആർഎസിലൂടെ തീരുത്തപ്പെട്ടതിൽ കൃത്രിമമുണ്ടെന്ന ഗുരുതരമായ ആക്ഷേപമാണ് രാഹുലും ഇന്ത്യൻ നായകൻ വിരാട് കോലിയും പന്തെറിഞ്ഞ രവിചന്ദ്രൻ അശ്വിനും ഉൾപ്പെടെ പങ്കുവച്ചത്. സംഭവം വലിയ തോതിൽ വിവാദമാകുകയും ചെയ്തു.

പതിവുപോലെ നിരാശയോടെ ഗ്രൗണ്ടിൽ ആഞ്ഞുതൊഴിച്ച കോലി നേരെ മൈക്ക് സ്റ്റംപിന് അടുത്തുചെന്ന് ബ്രോഡ്കാസ്റ്റർമാരോടായി പറഞ്ഞ വാക്കുകളാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. ‘നിങ്ങളുടെ ടീമംഗങ്ങൾ (ദക്ഷിണാഫ്രിക്കൻ താരങ്ങൾ) പന്ത് മിനുക്കുമ്പോൾ ക്യാമറ അവർക്കു നേരെയും തിരിക്കൂ. അല്ലാതെ എതിർ ടീമിനെ മാത്രം നോക്കിയാൽ മതിയോ? എല്ലാവരെയും ഒരുപോലെ നോക്കേണ്ടേ?’ – ഇതായിരുന്നു കുപിതനായ കോലിയുടെ വാക്കുകൾ. കോലിയുടെ നടപടിയോട് വോണിന്റെ പ്രതികരണം ഇങ്ങനെ:

‘ഈ ഘട്ടത്തിലെങ്കിലും ഐസിസി ഇടപെട്ടേ മതിയാകൂ. കാരണം ഇത്തരം പരിപാടികൾ ഇനിയും പ്രോത്സാഹിപ്പിക്കാൻ പാടില്ല. കളിയിൽ നിരാശയും വിഷമവും വരുന്നത് സ്വാഭാവികമാണ്. ചില തീരുമാനങ്ങൾ നമുക്കു ദഹിച്ചെന്നും വരില്ല. അപ്പോൾ നമുക്കു നിരാശ തോന്നുന്നതില് കുറ്റം പറയാനുമാകില്ല. പക്ഷേ, ഒരു ടീമിന്റെ നായകനെന്ന നിലയിൽ ഇത്തരത്തിൽ പ്രതികരിച്ചാൽ, ഐസിസി ഇടപെട്ടേ മതിയാകൂ എന്നാണ് എന്റെ അഭിപ്രായം. കോലിയിൽനിന്ന് പിഴയീടാക്കണം. താരത്തെ സസ്പെൻഡ് ചെയ്യുകയും വേണം’ – മൈക്കൽ വോൺ ആവശ്യപ്പെട്ടു.

നേരത്തെ, കോലിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. കോലിയുടെയും സംഘത്തിന്റെയും പ്രതികരണവും പെരുമാറ്റവും തീർത്തും അപക്വമായിപ്പോയെന്ന് ഗംഭീർ വിമർശിച്ചു. ഇത്തരത്തിൽ പെരുമാറുന്ന ഒരു ക്യാപ്റ്റനും ടീമും വളർന്നുവരുന്ന യുവതലമുറയ്ക്ക് എന്ത് മാതൃകയാണ് നൽകുന്നതെന്നും ഗംഭീർ ചോദിച്ചു.

English Summary: Virat Kohli Needs To Be Suspended By ICC – Michael Vaughan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com