ADVERTISEMENT

കേപ് ടൗൺ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സുകളിലും ദയനീയമായി പരാജയപ്പെട്ടതോടെ, ഇന്ത്യൻ ടെസ്റ്റ് ടീമിൽ ചേതേശ്വർ പൂജാരയുടെയും മുൻ ഉപനായകൻ അജിൻക്യ രഹാനെയുടെയും നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞെന്ന പ്രതീതിയാണ് എങ്ങും. പ്രത്യേകിച്ചും മുൻ വൈസ് ക്യാപ്റ്റൻ രഹാനെയുടെ കാര്യമാണ് കഷ്ടം. ഇരുവരെയും ഇനിയും ടീമിൽ നിലനിർത്തുന്നതിൽ അർഥമില്ലെന്ന് മുൻ താരങ്ങളും ഒരു വിഭാഗം ആരാധകരും ഒരുപോലെ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഇരുവരുടെയും ഭാവിയെന്താകുമെന്ന ചോദ്യത്തിന്, അക്കാര്യം തീരുമാനിക്കുന്നത് ‘തന്റെ പണിയല്ലെ’ന്ന് മറുപടി നൽകിയിരിക്കുകയാണ് ക്യാപ്റ്റൻ വിരാട് കോലി. രാജ്യത്തിനായി നാളിതുവരെ ഇരുവരും നൽകിയ സംഭാവനകൾ മാനിച്ചാണ് ടീം അവർക്ക് പിന്തുണ നൽകുന്നതെന്നും കോലി വ്യക്തമാക്കി.

കേപ് ടൗണിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും പരാജയപ്പെട്ടതോടെയാണ് ഇരുവരുടെയും ഭാവിയെക്കുറിച്ച് ചോദ്യമുയർന്നത്. കേപ് ടൗൺ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ പൂജാര 43 റൺസെടുത്തെങ്കിലും രഹാനെ വെറും ഒൻപതു റൺസിനു പുറത്തായിരുന്നു. നിർണായകമായ രണ്ടാം ഇന്നിങ്സിൽ പൂജാര ഒൻപതു റൺെസടുത്തും രഹാനെ ഒരു റണ്ണെടുത്തും പുറത്തായി.

സെഞ്ചൂറിയനിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നേടിയ തകർപ്പൻ വിജയത്തിനുശേഷം ഇന്ത്യൻ ബാറ്റർമാർ പൊതുവെ നിരാശപ്പെടുത്തിയെന്ന് പരമ്പര കൈവിട്ടശേഷം സംസാരിക്കുമ്പോൾ കോലി ചൂണ്ടിക്കാട്ടി. അതേസമയം, രഹാനെയുടെയും പൂജാരയുടെയും ഭാവിയെക്കുറിച്ച് സംസാരിക്കേണ്ടത് താനല്ലെന്നും കോലി നിലപാടെടുത്തു.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുൻപുതന്നെ പൂജാരയുടെയും രഹാനെയുടെയും ടീമിലെ സ്ഥാനത്തെച്ചൊല്ലി ചോദ്യങ്ങളുയർന്നതാണ്. മാത്രമല്ല, ടീമിനെ പ്രഖ്യാപിച്ചപ്പോൾ രഹാനെയ്ക്ക് ഉപനായക സ്ഥാനം നഷ്ടമാകുകയും ചെയ്തു. ഓപ്പണർ കെ.എൽ. രാഹുലായിരുന്നു പുതിയ ഉപനായകൻ. രണ്ടാം ടെസ്റ്റിൽ കോലിക്ക് കളിക്കാനാകാതെ വന്നപ്പോൾ ടീം മാനേജ്മെന്റ് ക്യാപ്റ്റന്റെ നിർണായക ഉത്തരവാദിത്തം നൽകിയതും രാഹുലിനുതന്നെ. ഉപനായകനായത് ജസ്പ്രീത് ബുമ്രയും.

‘ബാറ്റർമാർ അവസരത്തിനൊത്ത് ഉയർന്നേ പറ്റൂ. അക്കാര്യത്തിൽ ഒരു ഒളിച്ചോട്ടവുമില്ല. ഈ ചോദ്യത്തോട് പ്രതികരിക്കുമ്പോൾ (പൂജാരയുടെയും രഹാനെയുടെയും ഭാവി) ഇവിടെയിരുന്ന് ഭാവിയിൽ എന്താണ് നടക്കാൻ പോകുന്നതെന്ന് പറയാൻ എനിക്കാകില്ല. അത് ഇവിടെയിരുന്ന് പറയേണ്ട ആൾ ഞാനല്ല. ഭാവിയേക്കുറിച്ച് അറിയണമെങ്കിൽ സിലക്ടർമാരോടു ചോദിക്കൂ. അത് എന്റെ ജോലിയല്ല’ – കോലി പറഞ്ഞു.

‘മുൻപ് പറഞ്ഞിരുന്നതുതന്നെ ഞാൻ ആവർത്തിക്കുന്നു. ഇന്ത്യൻ ടീം ചേതേശ്വർ പൂജാരയേയും അജിൻക്യ രഹാനെയേയും പിന്തുണയ്ക്കാൻ കാരണം അവരുടെ ബാറ്റിങ് മികവും വർഷങ്ങളായി അവർ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന് നൽകിയ സംഭാവനകളുമാണ്. നിർണായക ഘട്ടങ്ങളിൽ അവർ ബാറ്റുകൊണ്ട് നമ്മെ താങ്ങിനിർത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലെ ആ നിർണായക കൂട്ടുകെട്ടും നാം കണ്ടതാണ്. അവരുടെ പോരാട്ടമാണ് നമുക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്’ – കോലി ചൂണ്ടിക്കാട്ടി.

‘ഒരു ടീമെന്ന നിലയിൽ ഇത്തരം പ്രകടനങ്ങൾ നാം അംഗീകരിച്ചേ തീരൂ. സിലക്ടർമാരുടെ മനസ്സിൽ എന്താണെന്നോ അവർ എന്താണ് തീരുമാനിക്കാൻ പോകുന്നതെന്നതോ എനിക്ക് ഊഹിച്ച് പറയാനാകില്ല’ – കോലി വിശദീകരിച്ചു.

English Summary: Virat Kohli refrains from discussing Pujara, Rahane future after Test series loss in South Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com