ഇന്ത്യൻ ക്രിക്കറ്റിനെ വീണ്ടും ഞെട്ടിച്ച് കോലി; ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ചു

virat-kohli
വിരാട് കോലി. ചിത്രം: റോയിട്ടേഴ്സ്
SHARE

കേപ്ടൗൺ ∙ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്നു വിരാട് കോലി രാജിവച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ തോറ്റ് പരമ്പര കൈവിട്ടതിന്റെ പിറ്റേന്നാണു കോലി (33) സമൂഹമാധ്യമങ്ങളിലൂടെ അപ്രതീക്ഷിതമായി രാജി വാർത്ത പുറത്തുവിട്ടത്. ലോകകപ്പിനുശേഷം ട്വന്റി20 ക്യാപ്റ്റൻ‌ സ്ഥാനമൊഴിഞ്ഞ കോലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നു ഡിസംബറിൽ ഇന്ത്യൻ സിലക്ടർമാർ നീക്കിയിരുന്നു. ഏകദിനത്തിലും ട്വന്റി20യിലും ഇന്ത്യയെ നയിക്കുന്ന രോഹിത് ശർമ ടെസ്റ്റിലും ഇനി ക്യാപ്റ്റനാകാനാണു സാധ്യത.

ഇതോടെ, ഇന്ത്യൻ ദേശീയ ടീമിന്റെ നായകസ്ഥാനത്തുനിന്ന് കോലിയുടെ പടിയിറക്കം പൂർണമാക്കുന്നതായി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്നുള്ള രാജി. ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് കോലിയെ നീക്കിയതാണെന്ന വെളിപ്പെടുത്തൽ പിന്നീട് വിവാദമായിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി നൽകിയ വിശദീകരണം പിന്നീട് കോലി തള്ളിയതും ഇന്ത്യൻ ക്രിക്കറ്റിനെ വിവാദച്ചുഴിയിലാഴ്ത്തി.

68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോലി, ലോക ക്രിക്കറ്റിലെ വൻ ശക്തിയാക്കി ഇന്ത്യയെ വളർത്തിയതിനു ശേഷമാണ് സ്ഥാനമൊഴിയുന്നത്. ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിജയങ്ങൾ (40) സമ്മാനിച്ച ക്യാപ്റ്റനാണ്. എം.എസ്. ധോണിയുെട പിൻഗാമിയായി 2014–15 സീസണിലാണ് ഇന്ത്യയുടെ ഫുൾടൈം ക്യാപ്റ്റനായി ചുമതല ഏൽക്കുന്നത്. ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ ടെസ്റ്റ് ടീം ആദ്യമായി ഒന്നാമതെത്തിയത് കോലിക്കു കീഴിലാണ്. ഇന്ത്യയെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്തിക്കാനും കോലിക്കു കഴിഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ നാലാമത്തെ ക്യാപ്റ്റൻ കൂടിയാണ് കോലി. 68 മത്സരങ്ങളിൽനിന്ന് 40 വിജയങ്ങളാണ് കോലിയുടെ സംഭാവന. 17 മത്സരങ്ങൾ തോറ്റപ്പോൾ 11 എണ്ണം സമനിലയിൽ അവസാനിച്ചു. 109 ടെസ്റ്റുകളിൽനിന്ന് 53 വിജയങ്ങളുമായി ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത്, 77 ടെസ്റ്റുകളിൽനിന്ന് 48 വിജയങ്ങളുമായി ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്, 57 ടെസ്റ്റുകളിൽനിന്ന് 41 വിജയങ്ങളുമായി ഓസ്ട്രേലിയയുടെ തന്നെ സ്റ്റീവ് വോ എന്നിവർ മാത്രമാണ് ക്യാപ്റ്റൻമാരെന്ന നിലയിൽ ടെസ്റ്റ് വിജയങ്ങളുടെ കണക്കിൽ കോലിക്കു മുന്നിലുള്ളത്.

ഇന്ത്യൻ നായകൻമാരുടെ കൂട്ടത്തിൽ മറ്റുള്ളവരെ അപേക്ഷിച്ച് വിജയക്കണക്കിൽ ബഹുദൂരം മുന്നിലാണ് കോലി. രണ്ടാം സ്ഥാനത്തുള്ള കോലിയുടെ മുൻഗാമി കൂടിയായ ധോണിക്ക് 60 ടെസ്റ്റുകളിൽനിന്ന് നേടാനായത് 27 വിജയങ്ങൾ. ഇപ്പോൾ ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി 49 ടെസ്റ്റുകളിൽനിന്ന് 21 വിജയങ്ങളുമായി മൂന്നാമതുണ്ട്.

ഇന്ത്യയ്ക്ക് ഇനി ഫെബ്രുവരി–മാർച്ച് കാലഘട്ടത്തിൽ സ്വന്തം നാട്ടിൽ ശ്രീലങ്കയ്ക്കെതിരെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് കളിക്കാനുള്ളത്. ഇതിൽ ആദ്യ ടെസ്റ്റിൽ കളിച്ചാൽ അത് കോലിയുടെ കരിയറിലെ 100–ാം ടെസ്റ്റ് ആയിരിക്കും.

∙ വിരാട് കോലിയുടെ രാജിക്കുറിപ്പ്

ടീമിനെ ജയത്തിലേക്കു നയിക്കാൻ കഴിഞ്ഞ 7 വർഷമായി ഓരോ ദിവസവും കഠിനാധ്വാനവും അക്ഷീണ പരിശ്രമവും നടത്തിവരികയാണ്. അങ്ങേയറ്റം വിശ്വസ്തതയോടെയാണു ഞാൻ ആ ജോലി ചെയ്തത്. ഏതെങ്കിലുമൊരു ഘട്ടത്തിൽ എല്ലാറ്റിനുമൊരു വിരാമമുണ്ടാകും. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ എന്റെ കരിയറിൽ അതിപ്പോഴാണെന്നു ഞാൻ കരുതുന്നു. ഈ യാത്രയിൽ ഉയർച്ചകളും താഴ്ചകളുമുണ്ടായിട്ടുണ്ട്. പക്ഷേ, ഒരിക്കലും ഉഴപ്പുകയോ വിശ്വാസം നഷ്ടപ്പെടുത്തുകയോ ചെയ്തിട്ടില്ല. ചെയ്യുന്ന എല്ലാക്കാര്യത്തിലും 120% ആത്മാർഥത കാട്ടി. അങ്ങനെ ചെയ്തില്ലെങ്കിൽ അതു ശരിയല്ലെന്നാണ് എന്റെ തോന്നൽ. എല്ലാക്കാര്യത്തിലും എനിക്കു വ്യക്തതയുണ്ട്. എന്റെ ടീമിനോടു ഞാൻ അവിശ്വസ്ത പുലർത്തിയിട്ടില്ല.

ദീർഘകാലം ക്യാപ്റ്റനായി തുടരാൻ അവസരം നൽകിയ ബിസിസിഐക്കു നന്ദി. ടീമിനെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാടിനു പിന്തുണ നൽകിയും പ്രതിസന്ധിഘട്ടങ്ങളിൽ തോൽക്കാതെ ഒപ്പംനിന്നും സഹായിച്ച സഹതാരങ്ങൾക്കും നന്ദി. നിങ്ങളാണ് എന്റെ യാത്ര അവിസ്മരണീയവും സുന്ദരവുമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ നേട്ടങ്ങളിലേക്കു മാത്രം കുതിക്കാൻ എൻജിൻപോലെ പ്രവർത്തിച്ച രവിഭായിക്കും (രവി ശാസ്ത്രി) സഹായികൾക്കും നന്ദി. ക്യാപ്റ്റനെന്ന നിലയിൽ എന്നിൽ വിശ്വാസമർപ്പിച്ചതിനും ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കാൻ പ്രാപ്തിയുള്ള ആളായി എന്നെ കണ്ടെത്തിയതിനും എം.എസ്.ധോണിക്കും നന്ദി.

English Summary: Virat Kohli steps down as Test captain after series defeat against South Africa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA