ഗാംഗുലിയുമായി കലഹിച്ച് ബിസിസിഐയുടെ ‘കണ്ണിലെ കരട്’; രാജിക്കു പിന്നിൽ ഭിന്നത?

rohit-sharma-virat-kohli
രോഹിത് ശർമയും വിരാട് കോലിയും (ഫയൽചിത്രം)
SHARE

ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പിനു മുൻപുള്ള രാജി പ്രഖ്യാപനം മുതൽ കഴിഞ്ഞ 5 മാസത്തിനിടെ വിരാട് കോലിക്കും ബിസിസിഐക്കും ഇടയിലുണ്ടായ ഭിന്നതകളാണ് ഇപ്പോൾ നായകസ്ഥാനം പൂർണമായി ഒഴിയാനുള്ള തീരുമാനത്തിൽ എത്തിനിൽക്കുന്നത്. ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നു കോലിയെ ബിസിസിഐ നീക്കുകയും ഇക്കാര്യത്തിൽ കോലി പരസ്യമായി അതൃപ്തിയറിയിക്കുകയും ചെയ്തതോടെ പ്രശ്നം രൂക്ഷമായി. ഏകദിന, ട്വന്റി20 നായകൻ രോഹിത് ശർമയും കോലിയും തമ്മിൽ ഭിന്നതയുണ്ടെന്നു റിപ്പോർട്ടുകളുമുയർന്നതും വിവാദം ചൂടുപിടിപ്പിച്ചു.

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിനുശേഷമാണു ലോകകപ്പ് കഴിഞ്ഞാൽ നായകസ്ഥാനമൊഴിയുമെന്നു കോലി പ്രഖ്യാപിച്ചത്. പിന്നാലെ ഐപിഎൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും നായക സ്ഥാനമൊഴിഞ്ഞു. ലോകകപ്പിനുശേഷം ഏകദിന ക്യാപ്റ്റൻ‌ സ്ഥാനത്തുനിന്നുകൂടി നീക്കിയതു കോലിയെ ശരിക്കും ഉലച്ചു.

ആദ്യം സംയമനം പാലിച്ചെങ്കിലും പിന്നീട് ശക്തമായ ആരോപണങ്ങളുമായി മാധ്യമങ്ങൾക്കു മുൻപിലെത്തി. ബിസിസിഐ ഭാരവാഹികളുടെ കണ്ണിലെ കരടായി മാറിയ കോലി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ മാധ്യമങ്ങളെ അഭിമുഖീകരിച്ചതുമില്ല.

virat-kohli-rohit-sharma-1248
ഫയൽചിത്രം

∙ വിരാട് കോലിയുടെ രാജിയിലേക്കുള്ള വഴി

2021 സെപ്റ്റംബർ 13: ട്വന്റി20 ലോകകപ്പിനു ശേഷം വിരാട് കോലി ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നും പകരം രോഹിത് ശർമ ചുമതലയേൽക്കുമെന്നും ദേശീയ മാധ്യമങ്ങൾ

2021 സെപ്റ്റംബർ 16: ട്വന്റി20 ലോകകപ്പിനു ശേഷം ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നു കോലി സമൂഹമാധ്യമത്തിൽ പങ്കുവച്ച പത്രക്കുറിപ്പിൽ വിശദീകരിച്ചു

2021 സെപ്റ്റംബർ 19: ഐപിഎലിനു ശേഷം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിയുമെന്നു കോലി.

2021 നവംബർ 01: ട്വന്റി20 ലോകകപ്പിലെ ന്യൂസീലൻഡിനെതിരെയുള്ള മൽസരം പേടിയോടെയാണ് കളിച്ചതെന്ന് തോൽവിക്കു ശേഷം കോലി നടത്തിയ പ്രസ്താവനയ്ക്കെതിരെ കപിൽ ദേവ്

2021 നവംബർ 07: ട്വന്റി20 ലോകകപ്പിൽനിന്ന് ഇന്ത്യ സെമി കാണാതെ പുറത്ത്. ഐസിസിയുടെ ഏതെങ്കിലും ലോകകപ്പ് നേടാത്ത ഇന്ത്യൻ നായകൻ എന്ന നാണക്കേട്

2021 നവംബർ 09: ന്യൂസീലൻഡിനെതിരെയുള്ള ട്വന്റി20 പരമ്പരയിൽ രോഹിത് ശർമ ഇന്ത്യൻ നായകൻ

2021 നവംബർ 11: ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റ് ടീമിൽനിന്ന് കോലിക്ക് വിശ്രമം അനുവദിച്ചു. ആദ്യ ടെസ്റ്റിൽ ഉപനായകൻ അജിൻക്യ രഹാനെ ടീമിനെ നയിക്കും

2021 നവംബർ 12: ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ സ്ഥാനവും വിരാട് കോലി ഒഴിഞ്ഞേക്കുമെന്നു മുൻ പരിശീലകൻ രവി ശാസ്ത്രി.

2021 ഡിസംബർ 03: ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിലൂടെ നായകനായി തിരിച്ചെത്തി, പിന്നാലെ ഇന്ത്യയ്ക്ക് ജയം

2021 ഡിസംബർ 08: ഏകദിന ക്യാപ്റ്റൻ‌ ഇനി താനായിരിക്കില്ലെന്ന് ചീഫ് സിലക്ടർ കോലിയെ അറിയിക്കുന്നു

2021 ഡിസംബർ 14: ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര കളിക്കാൻ സന്നദ്ധനാണെന്ന് അറിയിച്ചും രോഹിത് ശർമയുമായി പ്രശ്നങ്ങളില്ലെന്ന് ആവർത്തിച്ചും കോലി മാധ്യമങ്ങൾക്കു മുന്നിലെത്തി.

2022 ജനുവരി 03: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ പരുക്കുമൂലം പുറത്ത് , കെ പി രാഹുൽ നായകൻ

2022 ജനുവരി 11: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ക്യാപ്റ്റനായി മടക്കം, തുടർച്ചയായ 61–ാം ഇന്നിങ്സിലും സെഞ്ചുറിയില്ലാതെ കോലി

2022 ജനുവരി 15: ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ തോൽവിക്കു പിന്നാലെ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു

∙ ഒരേയൊരു കോലി

∙ കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ക്യാപ്റ്റൻ (68)
∙ഇന്ത്യയ്ക്കു കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിത്തന്ന ക്യാപ്റ്റൻ (40)
∙ ഇന്ത്യൻ മണ്ണിൽ കൂടുതൽ ജയം നേടിയ ക്യാപ്റ്റൻ
∙ടെസ്റ്റിൽ കൂടുതൽ ഇന്നിങ്സ് ജയം നേടിയെ ഇന്ത്യൻ നായകൻ

∙കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയെ ഇന്ത്യൻ ക്യാപ്റ്റൻ (20)
∙തുടർച്ചയായി 2 കലണ്ടർ വർഷം ടെസ്റ്റിൽ 1000 റൺസ് തികച്ച ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ
∙ തുടർച്ചയായി രണ്ട് ഇരട്ട സെഞ്ചുറികൾ നേടിയ ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ

∙കൂടുതൽ ഇരട്ടസെഞ്ചുറി നേടുന്ന ടെസ്റ്റ് ക്യാപ്റ്റൻ (7)
∙ഇന്ത്യൻ നായകൻ എന്ന നിലയിൽ ടെസ്റ്റിൽ കൂടുതൽ റൺസ് (5864)
∙ഇന്ത്യൻ നായകനെന്ന നിലയിൽ ഉയർന്ന വ്യക്തിഗത സ്കോർ (254*)

∙ വിരാട് കോലിക്കു കീഴിൽ ഇന്ത്യ നാട്ടിൽ കളിച്ച ഒരു ടെസ്റ്റ് പരമ്പരയിലും തോറ്റിട്ടില്ല. 11 പരമ്പരയിലും ജയിച്ചു.

∙ ടെസ്റ്റ്–ഇന്ത്യയുടെ പ്രകടനം

മത്സരം-68
ജയം–40
തോൽവി–17
സമനില–11
ജയം–തോൽവി അനുപാതം– 2,352
വിദേശത്ത് ജയം–16
ഇന്ത്യയിൽ ജയം–24
വിജയശതമാനം–58.82
പരമ്പര ജയം–18

∙ ക്യാപ്റ്റൻസി റെക്കോർഡ്

മത്സരങ്ങൾ– 213*
ജയം–135
തോൽവി–60
സമനില–11
(*3 ഫോർമാറ്റുകളിലും)

English Summary: Alone and cornered, Virat Kohli had no option but to quit captaincy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS