ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റിനെ ഞെട്ടിച്ചുകൊണ്ടാണ് ശനിയാഴ്ച വൈകീട്ട് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിയുന്ന കാര്യം വിരാട് കോലി പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്കു പിന്നാലെയാണ് അപ്രതീക്ഷിതമായി കോലി രാജിപ്രഖ്യാപനം നടത്തിയത്. കോലി ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, ഇന്ത്യൻ ട്വന്റി20–ഏകദിന ടീമുകളുടെയും നായകസ്ഥാനത്തുനിന്ന് പടിയിറങ്ങിയ സാഹചര്യത്തിൽ, ഒരു യുഗത്തിന്റെ അന്ത്യം കൂടിയാണ് ഈ രാജിയോടെ ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിക്കുന്നത്.

എന്നാൽ, അപ്രതീക്ഷിത രാജികളുടെ കഥ ഇന്ത്യൻ ക്രിക്കറ്റിന് അത്ര പുത്തരിയല്ല എന്നതാണ് യാഥാർഥ്യം. കോലി ക്യാപ്റ്റൻ സ്ഥാനം രാജിവച്ച വാർത്ത പുറത്തുവരുമ്പോൾ നായകസ്ഥാനം രാജിവച്ചൊഴിഞ്ഞ ഒരു പറ്റം നായകൻമാരുടെ അനുഭവം അറിയാം: 

നായകസ്ഥാനം രാജിവച്ച ആദ്യ ഇന്ത്യൻ നായകൻ എന്ന ‘പെരുമ’ ഗുലാം അഹമ്മദിന്റെ പേരിലാണ്. 1958-59ലെ വെസ്റ്റിൻഡീസിന്റെ ഇന്ത്യൻ പര്യടന വേളയിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചുകൊണ്ടുള്ള ആ രാജി. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ പോളി ഉമ്രിഗറായിരുന്നു നായകൻ. ബോംബെ ബ്രാബോൺ മൈതാനിയിൽ നടന്ന മൽസരം സമനിലയിൽ പിരിഞ്ഞെങ്കിലും ഉമ്രിഗർക്ക് പകരക്കാരനായി ഗുലാം അഹമ്മദ് നായകസ്ഥാനമേറ്റു. കാൺപുരിൽ നടന്ന മൽസരം ഇന്ത്യ തോറ്റു. തൊട്ടടുത്ത കൊൽക്കത്ത ടെസ്റ്റിലും ഇന്ത്യയ്ക്ക് പരാജയം. ഇതോടെ ഗുലാം അഹമ്മദ് താൻ രാജിവയ്ക്കുന്നതായി അറിയിച്ചുകൊണ്ട് ബിസിസിഐക്ക് കത്തയച്ചു. തുടർന്ന് നടന്ന രണ്ടു ടെസ്റ്റുകളിലും ഹേമു അധികാരി ഇന്ത്യയെ നയിച്ചു. ആ രണ്ടു മൽസരങ്ങളിലും ഗുലാം അഹമ്മദ് കളിച്ചതുമില്ല. 

ഇന്ത്യൻ നായകനാവുന്ന ആദ്യ സ്പെഷലിസ്റ്റ് ബോളറാണ് ഗുലാം അഹമ്മദ്. 1955–59 കാലത്ത് മൂന്നു ടെസ്റ്റുകളിലാണ് ഗുലാം അഹമ്മദ് ഇന്ത്യയെ നയിച്ചത്. അതിൽ രണ്ടു തോൽവിയും ഒരു സമനിലയും. ഹൈദരാബാദിൽ ജനിച്ച ഗുലാം കൃത്യം ഒരു പതിറ്റാണ്ടു കാലംകൊണ്ട് ആകെ 22 ടെസ്റ്റുകൾ കളിച്ചു. വലംകൈ ഓഫ് സ്പിന്നർ എന്ന നിലയില്‍ ഇന്ത്യയുടെ ആദ്യകാല സ്പിന്നർമാരിലൊരാളാണ് ഗുലാം. അക്കാലത്തെ ഗുലാം അഹമ്മദ്– വിനു മങ്കാദ്– സുഭാഷ് ആപ്തെ  സഖ്യമാണ് ഇന്ത്യയുടെ ആദ്യത്തെ സ്പിൻ ത്രയം. അദ്ദേഹം ഹൈദരാബാദിന്റെയും നായകനായിരുന്നു. പിന്നീട് ബിസിസിഐ സെക്രട്ടറിയായ ഗുലാം അഹമ്മദ് സിലക്ടറുമായി. എന്നാൽ 1982ലെ ഇന്ത്യയുടെ ഇംഗ്ലിഷ് പര്യടനവുമായി ബന്ധപ്പെട്ട ടീം സിലക്ഷൻ വിവാദമായതിനെത്തുടർന്ന് അദ്ദേഹം ആ സ്ഥാനവും രാജിവച്ച് ചരിത്രം സൃഷ്ടിച്ചു. 

1999– 2000ലെ ദക്ഷിണാഫ്രിക്കൻ ടീമിന്റെ പര്യടനത്തിനിടയിലാണ് ഇന്ത്യൻ ക്രിക്കറ്റിനെ ഞെട്ടിച്ച് സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ രാജി പ്രഖ്യാപിച്ചത്. തൊട്ടുമുൻപു നടന്ന ഓസീസ് പര്യടന വേളയിൽത്തന്നെ രാജി എന്ന ഉപാധി സിലക്ടർമാർ സച്ചിന്റെ മുന്നിൽ വച്ചിരുന്നു. ഓസീസ് പര്യടനത്തിനുശേഷം ടീമിലേക്ക് തിരികെയെത്തിയ മുഹമ്മദ് അസ്ഹറുദ്ദീനെയും നയൻ മോംഗിയയെയും ഉൾക്കൊള്ളാൻ പറ്റുന്നില്ലെങ്കിൽ രാജിക്ക് ഒരുങ്ങിക്കൊള്ളൂ എന്നായിരുന്നു സിലക്ടർമാരുടെ അന്ത്യശാസനം.

ടീമിലെ പടലപ്പിണക്കങ്ങളും കാര്യങ്ങൾ വഷളാക്കി. ഇതോടെ സച്ചിൻ രാജിയിൽ ഉറച്ചുനിന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ സച്ചിൻ നായകനായി തുടർന്നെങ്കിലും ഇന്ത്യ സ്വന്തം മണ്ണിൽ ഇടറി വീണു (2–0). തുടർന്നായിരുന്നു  ക്യാപ്‌റ്റനായി സൗരവ് ഗാംഗുലിയുടെ രംഗപ്രവേശം. ഇതോടെ ഇന്ത്യൻ ടീം ശക്തമായ ടീം ഇന്ത്യയായി മാറുകയായിരുന്നു

അപ്രതീക്ഷിത നീക്കത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ നായകസ്‌ഥാനം ഒഴിഞ്ഞുകൊണ്ട് രാഹുൽ ദ്രാവിഡ് ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ചത് 2007 സെപ്റ്റംബറിലാണ്. ബിസിസിഐ അധ്യക്ഷൻ ശരദ് പവാറിനെ കണ്ട് ദ്രാവിഡ് തന്റെ തീരുമാനം അറിയിക്കുകയായിരുന്നു. തൊട്ടടുത്തെത്തിയ ഓസ്‌ട്രേലിയൻ പര്യടനം മുതൽ, ക്യാപ്‌റ്റൻ സ്‌ഥാനത്തിനു തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ദ്രാവിഡ് അറിയിച്ചു. പരിചയസമ്പന്നനായ ബാറ്റ്‌സ്‌മാൻ എന്ന നിലയിൽ ടീമിനെ തുടർന്നും സേവിക്കാനുള്ള സന്നദ്ധതയും മുപ്പത്തിനാലുകാരനായ ദ്രാവിഡ് ഉറപ്പുനൽകിയിരുന്നു. കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നായകസ്‌ഥാനം വിടുന്നതെന്നാണ് ദ്രാവിഡ് പിന്നീട് വിശദീകരിച്ചത്. ക്യാപ്റ്റൻസി കടുത്ത സമ്മർദമാണ് നൽകുന്നെന്ന് അദ്ദേഹം രണ്ടു ദിവസം കഴിഞ്ഞ് വെളിപ്പെടുത്തി. 2007 ലോകകപ്പിലെ കനത്ത തോൽവിക്ക് അദ്ദേഹം ഏറെ പഴിയും കേട്ടിരുന്നു. 

നാടകീയമായി എം.എസ്. ധോണി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏകദിന, ട്വന്റി 20 ടീമുകളുടെ നായകസ്ഥാനം ഒഴിഞ്ഞത് 2017 ജനുവരി 4ന്. ഇംഗ്ലണ്ടിനെതിരായ ഏകദിന മൽസരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയായിരുന്നു ധോണിയുടെ രാജി. രാത്രി ഒൻപതു മണിയോടെയാണ് ബിസിസിഐ രാജിക്കാര്യം പുറത്തുവിട്ടത്. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ ടീമിൽ അംഗമായി തുടരാൻ തയ്യാറാണെന്നും ധോണി അറിയിച്ചിരുന്നു. അതിനും രണ്ടു വർഷം മുൻപ് ടെസ്റ്റ് ടീം നായക പദവി ഒഴി‍ഞ്ഞ അതേ നാടകീയതയോടെയായിരുന്നു ധോണിയുടെ പുതിയ പ്രഖ്യാപനം. ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനം പാതിവഴിയിൽ നിൽക്കെയാണ് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ് ധോണി ഞെട്ടിച്ചത്. ടെസ്റ്റ് ടീമിനു പിന്നാലെ ഏകദിന നായക പദവിയും വിരാട് കോലി ഏറ്റെടുക്കാനുള്ള അരങ്ങൊരുങ്ങിയത് അങ്ങനെയാണ്.

English Summary: Resigned Captains of Team India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com