ADVERTISEMENT

മുംബൈ∙ ടെസ്റ്റ് ക്യാപ്റ്റൻ‌ സ്ഥാനം കൂടി രാജിവച്ചൊഴിയാൻ തീരുമാനിച്ചതോടെ അവസാനിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിലെ ക്യാപ്റ്റൻ കോലി യുഗം. കൂടുതൽ ടെസ്റ്റുകളിൽ ഇന്ത്യയെ നയിക്കുകയും കൂടുതൽ വിജയങ്ങൾ സമ്മാനിക്കുകയും ചെയ്ത നായകൻ. ദ്രാവിഡും കുംബ്ലെയും പിന്നീട് എം.എസ്.ധോണിയും പിന്തുടർന്ന കൂൾ ക്രിക്കറ്റിൽനിന്ന് ഫയർ ബ്രാൻഡ് ആക്രമണത്തിലേക്ക് ഇന്ത്യൻ ടീമിനെ തിരിച്ചുവിട്ടതു കോലിയാണ്.

ആക്രമണം മാത്രമാണു മികച്ച തന്ത്രമെന്നു ബാറ്റിങ്ങിലെന്ന പോലെ ക്യാപ്റ്റൻസിയിലും കോലി വിശ്വസിച്ചപ്പോൾ ആ ഊർജം സഹതാരങ്ങളിലേക്കു വൈദ്യുതി പ്രവാഹം പോലെ കടന്നു ചെന്നു. ഇക്കാലയളവിലെ ഇന്ത്യൻ ടീമിന്റെ വിജയചരിത്രം അതിനു തെളിവാണ്. പരാജയം ഒരിക്കലും സമ്മതിക്കാത്ത, പോരാട്ടം തുടർന്നു കൊണ്ടേയിരിക്കുന്ന ആ കോലിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

∙ വാലറ്റത്തുനിന്നു മുന്നിലേക്ക് !

2014ൽ കോലി നായക സ്ഥാനമേറ്റെടുക്കുമ്പോൾ ടെസ്റ്റ് റാങ്കിങ്ങിൽ 7–ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ആർക്കും കീഴ്പ്പെടുത്താവുന്ന 11 അംഗ സംഘത്തെ തുടർന്നു കോലി മാറ്റിയെഴുതി. വാലറ്റക്കാരിൽ നിന്നു ടെസ്റ്റ് ക്രിക്കറ്റിന്റെ ഓപ്പണർ സ്ഥാനത്തേക്ക് ഇന്ത്യയെത്തി. ട്വന്റി20യിലെയും ഏകദിനത്തിലെയും ഐപിഎൽ ക്രിക്കറ്റിലെയും ക്യാപ്റ്റൻ സ്ഥാനം നേരത്തേയൊഴിഞ്ഞതിനാൽ നായക സ്ഥാനത്തു കോലിയെ കാണാനുള്ള അവസാന അവസരം കൂടിയാണ് ഇന്ത്യൻ ആരാധകർക്കു നഷ്ടമാകുന്നത്. മറ്റെല്ലാവരെയും പോലെ ഇന്ത്യൻ ടീമിൽ കോലി ഇനി ഒരു കളിക്കാരൻ മാത്രം.

∙ ക്യാപ്റ്റൻ @ 360

ക്യാപ്റ്റൻസിയുടെ അമിത സമ്മർദം പ്രകടനങ്ങളെ ബാധിക്കുമോ എന്നതായിരുന്നു 2014ൽ കോലി ടെസ്റ്റ് നായക സ്ഥാനമേറ്റെടുക്കുമ്പോൾ ആരാധകരുടെ ഏറ്റവും വലിയ ആശങ്ക. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ 2 ഇന്നിങ്സുകളിലും സെഞ്ചുറി നേടിയാണു കോലി ആശങ്കകളെ അടിച്ചകറ്റിയത്. ടെസ്റ്റിൽ കൂടുതൽ ഇരട്ട സെഞ്ചുറികൾ നേടുന്ന ക്യാപ്റ്റൻ (7), ഇന്ത്യൻ നായകനെന്ന നിലയിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് (5864), കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ തുടങ്ങിയ റെക്കോർഡുകൾ കീഴടക്കിയശേഷമാണ് കോലി കിരീടമഴിക്കുന്നത്.

virat-kohli

സമീപകാലത്തു മോശം പ്രകടനങ്ങളുടെ പേരിൽ വിമർശനമുയർന്നെങ്കിലും ഇത്തവണത്തെ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഇന്ത്യൻ താരങ്ങളുടെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരി കോലിയുടേതാണ്; 40.25 റൺസ്. മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലെ 79 റൺസ് പ്രകടനത്തോടെ ഫോമിലേക്കു തിരിച്ചെത്തിയതിന്റെ സൂചനകൾ ആരാധകർക്കു നൽകിയ ശേഷമാണു ക്യാപ്റ്റൻസി ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്.

∙ പൂച്ചയെ പുലിയാക്കി

ട‍െസ്റ്റിൽ നാട്ടിൽ പുലിയും വിദേശത്തു പൂച്ചയുമെന്ന ഇന്ത്യയുടെ നാണക്കേട് മാറ്റിയെഴുതിയ ക്യാപ്റ്റനാണു കോലി. മുൻപു പല നായകൻമാർ‌ക്കു കീഴിലായി ഇന്ത്യൻ സംഘം തലകുനിച്ചു മടങ്ങിയ ഓസ്ട്രേലിയൻ മണ്ണിൽ കോലി 2 ടെസ്റ്റ് പരമ്പര വിജയങ്ങൾ നേടി ചരിത്രമെഴുതി. ഇംഗ്ലണ്ടിലും വെസ്റ്റിൻഡീസിലും വിജയ പരമ്പര ആവർത്തിച്ചു. 43.24 ശതമാനമായിരുന്നു വിദേശ ഗ്രൗണ്ടുകളിലെ ടെസ്റ്റ് മത്സരങ്ങളിൽ കോലിക്കു കീഴിൽ ഇന്ത്യയുടെ വിജയങ്ങൾ. മറ്റൊരു ഇന്ത്യൻ നായകനും അവകാശപ്പെടാനാകാത്ത നേട്ടം.

kohli-vs-south-africa
സൗത്ത് ആഫ്രിക്കയുമായുള്ള മത്സരത്തിൽ നിന്ന്

കോലിക്കു കീഴിൽ ഇന്ത്യൻ മണ്ണിൽ കളിച്ച ടെസ്റ്റ് പരമ്പരകളൊന്നും നഷ്ടമായില്ലെന്നതു മറ്റൊരു നേട്ടം. എങ്കിലും കോലിക്കും എത്തിപ്പിടിക്കാനാകാത്ത നേട്ടങ്ങളിലൊന്നായിരുന്നു ദക്ഷിണാഫ്രിക്കൻ മണ്ണിലെ പരമ്പര വിജയം. ഇത്തവണ ആദ്യ ടെസ്റ്റ് വിജയത്തോടെ പ്രതീക്ഷ നൽകിയെങ്കിലും അവസാന 2 തോൽവികൾ തിരിച്ചടിയായി.

∙ കിരീടമില്ലാത്ത മടക്കം

ഐസിസി ക്രിക്കറ്റ് ടൂർണമെന്റ് കിരീടമെന്ന സ്വപ്നം യാഥാർഥ്യമാക്കാതെയാണു കോലി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പൂർണമായി പിൻവാങ്ങുന്നത്. കോലിക്ക് ഐസിസി കിരീടം സ്വന്തമാക്കാനുള്ള അവശേഷിക്കുന്ന അവസരമായിരുന്നു ലോക ടെസ്റ്റ് ചാംപ്യൻഷിപ്.

∙ 100

ടെസ്റ്റ് ക്രിക്കറ്റിലെ വിരാട് കോലിയുടെ നൂറാം മത്സരത്തിനായി ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകരെയും താരം ഞെട്ടിച്ചു. കേപ് ടൗൺ ടെസ്റ്റ് കോലിയുടെ 99–ാം മത്സരമായിരുന്നു. ഫെബ്രുവരി 25ന് ബെംഗളൂരുവിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ കോലി ക്യാപ്റ്റനല്ലാതെ ഇറങ്ങിയേക്കും.

English Summary: Virat Kohli ends innings as India’s most successful Test skipper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com