ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായുള്ള പ്രശ്നങ്ങളും ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക പദവി രാജിവയ്ക്കാൻ വിരാട് കോലിയെ പ്രേരിപ്പിച്ചിരിക്കാമെന്ന അഭ്യൂഹങ്ങൾക്കിടെ, കോലിയുടെ രാജി വിഷയത്തിൽ പ്രതികരണവുമായി ഗാംഗുലി നേരിട്ട് രംഗത്ത്. ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ചത് കോലിയുടെ വ്യക്തിപരമായ തീരുമാനമാണെന്ന് ഗാംഗുലി പ്രതികരിച്ചു. ഈ തീരുമാനത്തെ ബിസിസിഐ ബഹുമാനിക്കുന്നതായും ഗാംഗുലി വ്യക്തമാക്കി.

ട്വിറ്ററിലൂടെയാണ് കോലിയുെട രാജിയിൽ ഗാംഗുലി പ്രതികരിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ:

‘വിരാട് കോലിയുടെ ക്യാപ്റ്റൻസിക്കു കീഴിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഇന്ത്യ വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. കോലിയുടെ തീരുമാനം തികച്ചും വ്യക്തിപരമാണ്. ബിസിസിഐ അതിനെ ബഹുമാനിക്കുന്നു. ഭാവിയിലും ഇന്ത്യൻ ടീമിനെ കൂടുതൽ ഉയരങ്ങളിലേക്കു നയിക്കുന്ന നിർണായക താരമാകും അദ്ദേഹം. മഹാനായ കളിക്കാരൻ. അഭിനന്ദനങ്ങൾ’ – ഗാംഗുലി കുറിച്ചു.

വിരാട് കോലി മൂന്നു ഫോർമാറ്റിലും ഇന്ത്യൻ നായകനായിരിക്കെ അദ്ദേഹവുമായി അത്ര സ്വരച്ചേർച്ചയിലല്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഇന്ത്യൻ ഓപ്പണറും ട്വന്റി20, ഏകദിന ടീം നായകനുമായ രോഹിത് ശർമയും കോലിയുടെ രാജിയിൽ പ്രതികരണവുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെയാണ് രോഹിത് ശർമയും കോലിയുടെ രാജിയോടു പ്രതികരിച്ചത്. കോലിയുടെ തീരുമാനം ഞെട്ടിച്ചതായി രോഹിത് കുറിച്ചു. കോലി ഇന്നലെയാണ് രാജിവച്ചതെങ്കിലും ഇന്നു രാവിലെയാണ ‘ഞെട്ടൽ’ രേഖപ്പെടുത്തി രോഹിത് രംഗത്തെത്തിയത്.

‘ഞെട്ടിച്ച തീരുമാനം. ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിലുള്ള മികച്ച നേട്ടങ്ങൾക്ക് അഭിനന്ദനങ്ങൾ’ – രോഹിത് കുറിച്ചു.

English Summary: Virat Kohli’s decision is personal, BCCI respects it: Sourav Ganguly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com