ധോണി കോലിക്കു കീഴിൽ കളിച്ചില്ലേ? നായകസ്ഥാനം ജന്മാവകാശമൊന്നുമല്ല: ഗംഭീർ

gambhir-kohli
ഗൗതം ഗംഭീർ, വിരാട് കോലി
SHARE

ന്യൂഡൽഹി∙ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറിയതിന്റെ പേരിൽ മാത്രം വിരാട് കോലിയിൽ എന്തെങ്കിലും മാറ്റം വരേണ്ട കാര്യമില്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയിൽ പുതിയ ക്യാപ്റ്റനു കീഴിൽ പുതിയൊരു കോലിയെ പ്രതീക്ഷിക്കാമോ എന്ന് ഒരു ചാനൽ ചർച്ചയിൽ ചോദ്യമുയർന്നപ്പോഴാണ് ഗംഭീർ ഇങ്ങനെ പ്രതികരിച്ചത്. നായകസ്ഥാനം ആരുടെയും ജന്മാവകാശമല്ലെന്നും ഗംഭീർ ചൂണ്ടിക്കാട്ടി. രണ്ട് ലോകകപ്പുകളും നാല് ഐപിഎൽ കിരീടങ്ങളും ചൂടിയ ചരിത്രമുള്ള മഹേന്ദ്രസിങ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷം വിരാട് കോലിക്കു കീഴിൽ കളിച്ചതും ഗംഭീർ ഉദാഹരണമായി എടുത്തുകാട്ടി.

‘എന്ത് പുതുമയാണ് കോലിയിൽനിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത്? ക്യാപ്റ്റൻ സ്ഥാനം ആർക്കും ജന്മാവകാശമായി ലഭിക്കുന്നതല്ല. മഹേന്ദ്രസിങ് ധോണി പോലും നായകസ്ഥാനം രാജിവച്ചശേഷം വിരാട് കോലിക്കു കീഴിൽ കളിച്ചിട്ടുണ്ട്. രണ്ട് ലോകകപ്പുകൾ ഉൾപ്പെടെ മൂന്ന് ഐസിസി കിരീടങ്ങളും നാല് ഐപിഎൽ കിരീടങ്ങളും സ്വന്തമാക്കിയ ക്യാപ്റ്റനാണ് ധോണിയെന്ന് ഓർക്കണം’ – ഗംഭീർ ചൂണ്ടിക്കാട്ടി.

ക്യാപ്റ്റൻ സ്ഥാനം രാജിവച്ചെങ്കിലും ഇനിയും കൂടുതൽ റണ്‍സ് സ്കോർ ചെയ്യുന്നതിലും ടീമിന് വിജയം സമ്മാനിക്കുന്നതിലുമാകണം കോലിയുടെ ശ്രദ്ധയെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു.

‘വിരാട് കോലി തുടർന്നും പരമാവധി റൺസ് നേടാൻ ശ്രമിക്കണം. അതാണ് പ്രധാനപ്പെട്ടത്. ഇന്ത്യയ്ക്കായി കളിക്കുന്നത് നാം സ്വപ്നം കാണുമ്പോഴും ഇന്ത്യയുടെ ക്യാപ്റ്റനാകുന്നത് ആരും സ്വപ്നം കാണാറില്ല. ഇന്ത്യയ്ക്കായി മത്സരങ്ങൾ ജയിക്കുന്നത് നാം സ്വപ്നം കാണും. അതൊക്കെ കോലിയെ സംബന്ധിച്ച് തുടർന്നും അങ്ങനെ തന്നെയായിരിക്കും. ടോസിങ്ങിനായി കളത്തിലേക്കു പോകുന്നതും ഫീൽഡിങ് മാറ്റങ്ങൾ വരുത്തുന്നതുമൊക്കെ ഒരുപക്ഷേ മാറിയേക്കാം. പക്ഷേ, കളത്തിലെ ആവേശവും ഊർജവുമെല്ലാം അതേപടി നിലനിൽക്കും. കാരണം, രാജ്യത്തിനായി കളിക്കുന്നത് എന്നും ആവേശകരമാണ്’ – ഗംഭീർ പറഞ്ഞു.

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും ഇന്ത്യൻ ടീമിൽ വിരാട് കോലിയുടെ ഉത്തരവാദിത്തം അതേപടി തുടരുമെന്നും ഗംഭീർ ചൂണ്ടിക്കാട്ടി.

‘ഇന്ത്യൻ ടീമിൽ കോലിയുടെ റോൾ അദ്ദേഹം ക്യാപ്റ്റനായിരുന്ന സമയത്തേതു തന്നെയായിരിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ അദ്ദേഹം വൺഡൗണായിത്തന്നെ ബാറ്റിങ്ങിനെത്തും. ഒട്ടേറെ റൺസ് നേടും. ഒരുപക്ഷേ, ഇന്ത്യൻ ബാറ്റിങ്ങിനെ താങ്ങിനിർത്തുന്ന ഇന്നിങ്സും കളിക്കും. കെ.എൽ. രാഹുലിനൊപ്പം രോഹിത് ശർമ തന്നെ തുടർന്നും ഓപ്പൺ ചെയ്യുമ്പോൾ കോലിയുടെ ഉത്തരവാദിത്തത്തിൽ എന്തു മാറ്റം വരാനാണ്?’ – ഗംഭീർ ചോദിച്ചു.

English Summary: Captaincy is not anyone's birthright: Gautam Gambhir feels Virat Kohli should look to score runs in SA series

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
FROM ONMANORAMA