ADVERTISEMENT

ന്യൂഡൽഹി∙ വിരാട് കോലി ആഗ്രഹിച്ചിരുന്നെങ്കിൽ ആരാധക വൃന്ദങ്ങൾക്കു നടുവിൽ, തന്റെ ഐപിഎൽ ഹോം ഗ്രൗണ്ടായ ബെംഗളൂരുവിൽ, കരിയറിലെ 100–ാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ നയിച്ചതിനു ശേഷം ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവയ്ക്കാൻ അവസരം ഉണ്ടായിരുന്നെന്നു ബിസിസിഐ വൃത്തങ്ങൾ. ശ്രീലങ്കയ്ക്കെതിരെ അടുത്ത മാസം ബെംഗളൂരുവിൽ നടക്കുന്ന മത്സരത്തിൽ ടീമിനെ നയിക്കാനുള്ള അവസരം ബിസിസിഐ ഭാരവാഹികൾ കോലിക്കു നൽകിയിരുന്നതായാണു റിപ്പോർട്ടുകൾ.

ക്യാപ്റ്റൻ സ്ഥാനം രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചതിനു പിന്നാലെ, വെള്ളിയാഴ്ച ബിസിസിഐയിലെ ഉന്നത ഭാരവാഹി വിടവാങ്ങൽ മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നതു സംബന്ധിച്ച് കോലിയുമായി ആശയവിനിമയം നടത്തിയിരുന്നെന്നും എന്നാൽ നിർദേശം കോലി നിരസിച്ചെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

‘ഒരു മത്സരം പ്രത്യേകിച്ചൊരു വ്യത്യാസം ഉണ്ടാക്കില്ല. ഞാൻ ഇങ്ങനെയാണ്’– ഇതായിരുന്നു കോലിയുടെ മറുപടിയെന്നാണു റിപ്പോർട്ട്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ എന്ന നേട്ടത്തിന് ഉടമയായ കോലിയുടെ പടിയിറക്കം ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര നഷ്ടത്തോടെയായിരുന്നു. 2014ൽ മെൽബൺ ടെസ്റ്റിൽ നേടിയ സമനിലയോടെയാണ് മുൻ നായകൻ എം.എസ്. ധോണി ടെസ്റ്റ് ക്യാപ്റ്റൻസി രാജിവച്ചത്. ധോണിയുടെ 90–ാ ടെസ്റ്റ് മത്സരം ആയിരുന്നു ഇത്.

മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനോടും ടീമിലെ സഹതാരങ്ങളോടും സംസാരിച്ചതിനു ശേഷമായിരുന്നു നായക സ്ഥാനം രാജിവയ്ക്കുന്ന കാര്യം കോലി പരസ്യമാക്കിയത്. സമ്മർദങ്ങളിൽനിന്നൊഴിഞ്ഞ് ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു തിടുക്കത്തിലുള്ള കോലിയുടെ തീരുമാനമെന്നും വിലയിരുത്തപ്പെടുന്നു.

7 വർഷങ്ങൾക്കു മുൻപ് ആദ്യമായി ഇന്ത്യയെ നയിച്ച അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ 2 ഇന്നിങ്സിലും കോലി സെഞ്ചുറി നേടിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ്ടൗൺ ടെസ്റ്റിന്റെ 2 ഇന്നിങ്സിലും മികച്ച പ്രകടനമാണു കോലി പുറത്തെടുത്തത്. അതേ സമയം, 2020 ജനുവരിക്കു ശേഷമുള്ള മത്സരങ്ങളിൽ 28.14 ആണ് കോലിയുടെ ബാറ്റിങ് ശരാശരി.

English Summary: Kohli said no to farewell Test as captain: BCCI sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com