ക്യാപ്റ്റനാക്കാത്ത ലക്നൗവും അഹമ്മദാബാദും വേണ്ട; അയ്യരെ നോട്ടമിട്ട് ആർസിബി

shreyas-iyer
ശ്രേയസ് അയ്യർ
SHARE

മുംബൈ∙ ഐപിഎൽ കിരീടമെന്ന സ്വപ്നം യാഥാർഥ്യമാക്കാനാകാതെ വിരാട് കോലി ക്യാപ്റ്റൻ സ്ഥാനം രാജിവച്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ ആ വെല്ലുവിളി ഏറ്റെടുക്കാൻ ഇനി ആരെത്തും? റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്ത ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യരെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ആർസിബി. അയ്യരിൽ വിരാട് കോലിയുടെ പിൻഗാമിയെ കണ്ടെത്താനാണ് ആർസിബിയുടെ ശ്രമം. ക്യാപ്റ്റൻ സ്ഥാനത്തേക്ക് ആളെ തേടുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ് ടീമുകളും അയ്യരെ ടീമിലെത്തിക്കാൻ താൽപര്യമുള്ളവരാണ്. മെഗാ താരലേലത്തിൽ അയ്യർക്കായുള്ള പോരാട്ടം പൊടിപാറുമെന്ന് ചുരുക്കം.

വിവിധ ടീമുകൾ റിലീസ് ചെയ്ത താരങ്ങളിൽനിന്ന് നിശ്ചിത താരങ്ങളെ ഒപ്പം കൂട്ടാൻ ഐപിഎലിൽ ഇത്തവണ പുതുതായി എത്തുന്ന ലക്നൗ, അഹമ്മദാബാദ് ടീമുകൾക്ക് അവസരമുണ്ടായിരുന്നെങ്കിലും അയ്യർ ഇരു ടീമുകളിലും ചേർന്നിട്ടില്ല. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ നയിച്ച് പരിചയമുള്ള അയ്യർ, പുതിയ സീസണിലും നായകസ്ഥാനമാണ് ഉന്നമിടുന്നതെന്നാണ് വിവരം. ഡൽഹി ക്യാപ്റ്റനായിരിക്കെ പരുക്കേറ്റ് പുറത്തായ അയ്യർക്ക്, പകരം വന്ന ഋഷഭ് പന്ത് നായകസ്ഥാനത്ത് ഉറച്ചതാണ് തിരിച്ചടിയായത്.

ടീമിലെടുക്കാൻ സന്നദ്ധരായെങ്കിലും ക്യാപ്റ്റൻ സ്ഥാനം നൽകാൻ വിമുഖത പ്രകടിപ്പിച്ചതിനാലാണ് അയ്യർ ലക്നൗ, അഹമ്മദാബാദ് ടീമുകളുടെ വലയിൽ വീഴാതിരുന്നതെന്നാണ് വിവരം. പുതിയ സീസണിലേക്ക് നായകരായി ലക്നൗ കെ.എൽ. രാഹുലിനെയും അഹമ്മദാബാദ് ഹാർദിക് പാണ്ഡ്യയേയും തീരുമാനിച്ചതായാണ് റിപ്പോർട്ട്. താരലേലത്തിൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ആളെ ആവശ്യമുള്ള മറ്റു ടീമുകൾ ഉള്ളതിനാൽ പുതിയ ടീമുകളുടെ ഓഫർ വേണ്ടെന്നുവച്ചാണ് അയ്യർ ലേലത്തിനെത്തുന്നത്.

ദീർഘകാലം ടീമിനെ നയിച്ച വിരാട് കോലി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 15–ാം സീസണിൽ പുതിയ ക്യാപ്റ്റനെ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ശ്രേയസ് അയ്യരെ ടീമിലെത്തിക്കാൻ ബാംഗ്ലൂർ തയാറെടുക്കുന്നത്.

കഴിഞ്ഞ സീസണിൽ ഒയിൻ മോർഗന്റെ കീഴിൽ കളത്തിലിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മെഗാ താരലേലത്തിനു മുന്നോടിയായി അദ്ദേഹത്തെ നിലനിർത്തിയിട്ടില്ല. ഫലത്തിൽ അവർക്കും പുതിയ സീസണിലേക്ക് പുതിയ ക്യാപ്റ്റനെ ആവശ്യമാണ്. ടീമുമായി കരാർ പുതുക്കാൻ വിസമ്മതിച്ച കെ.എൽ. രാഹുലിനു പകരക്കാരനെ തേടുകയാണ് പഞ്ചാബ് കിങ്സ്. രണ്ടു ടീമുകൾക്കും ശ്രേയസ് അയ്യരെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.

English Summary: Shreyas Iyer to enter IPL 2022 mega auction; RCB, KKR & PBKS likely to bid for ex-DC skipper: Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA