ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം കൂടി ഒഴിഞ്ഞതോടെ ദേശീയ ടീമിൽ വെറുമൊരു കളിക്കാരൻ മാത്രമായി ചുരുങ്ങുന്ന വിരാട് കോലി, ഭാവിയിൽ നേരിടാൻ പോകുന്ന പ്രതിസന്ധി പ്രവചിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ കപിൽ ദേവ് രംഗത്ത്. ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പടിയിറങ്ങിയതോടെ, ഇനിമുതൽ താരതമ്യേന ജൂനിയറായ താരങ്ങൾക്കു കീഴിൽ കളിക്കാൻ കോലി സ്വയം ഒരുങ്ങേണ്ടി വരുമെന്ന് കപിൽ അഭിപ്രായപ്പെട്ടു. ഇതിനായി കോലി തന്റെ ഈഗോ മാറ്റിവയ്ക്കേണ്ടി വരുമെന്നും കപിൽ ദേവ് മുന്നറിയിപ്പു നൽകി.

സീനിയറായിരുന്ന സുനിൽ ഗാവസ്കർ തനിക്കു കീഴിൽ കളിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് കപിൽ കോലിക്കായി ഈ ഉപദേശം നൽകിയത്. താൻ കെ. ശ്രീകാന്ത്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നീ ജൂനിയർ താരങ്ങൾക്കു കീഴിലും കളിച്ചത് കപിൽ ചൂണ്ടിക്കാട്ടി.

‘സാക്ഷാൽ സുനിൽ ഗാവസ്കർ എനിക്കു കീഴിൽ കളിച്ചിട്ടുണ്ട്. ഞാൻ കെ. ശ്രീകാന്തിനും മുഹമ്മദ് അസ്ഹറുദ്ദീനും കീഴിൽ കളിച്ചു. എനിക്ക് യാതൊരുവിധ ഈഗോയും തോന്നിയിട്ടില്ല. ഇനി വിരാടും തന്റെ ഈഗോ മാറ്റിവച്ച് ഒരു യുവതാരത്തിനു കീഴിൽ കളിക്കാൻ തയാറാകേണ്ടിവരും. അത് അദ്ദേഹത്തെയും ഇന്ത്യൻ ക്രിക്കറ്റിനെയും സഹായിക്കുകയേ ഉള്ളൂ. പുതിയ ക്യാപ്റ്റനും താരങ്ങൾക്കും മാർഗനിർദ്ദേശം നൽകി നയിക്കാൻ വിരാട് ഉണ്ടാകണം. വിരാട് കോലിയെന്ന ബാറ്ററെ നഷ്ടമാക്കാൻ നമുക്കു കഴിയില്ല. അത് ചിന്തിക്കുകയും വേണ്ട’ – കപിൽ ദേവ് പറഞ്ഞു.

സ്വതന്ത്രമായി കളിക്കുന്നതിനായി ക്യാപ്റ്റൻ സ്ഥാനം രാജിവയ്ക്കാനുള്ള സുപ്രധാന തീരുമാനം കൈക്കൊണ്ട വിരാട് കോലിയെ കപിൽ ദേവ് അഭിനന്ദിച്ചു. കോലിയുടേത് നല്ല തീരുമാനമാണെന്ന് കപിൽ പറഞ്ഞു.

‘ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ കോലിയുടെ തീരുമാനം ഞാൻ സ്വാഗതം ചെയ്യുന്നു. ട്വന്റി20 ടീമിന്റെ നായകസ്ഥാനം രാജിവച്ചതു മുതൽ കോലി കഠിനമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെയായി കോലിയെ സമ്മർദ്ദത്തിന് അടിപ്പെട്ട രീതിയിലാണ് കാണുന്നത്. അതുകൊണ്ട് സ്വതന്ത്രമായി കളിക്കാനുള്ള അവസരമാണ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചതിലൂടെ കോലി തിരഞ്ഞെടുത്തിരിക്കുന്നത്. നല്ല കാര്യം’ – കപിൽ ദേവ് പറഞ്ഞു.

‘കോലി പക്വതയെത്തിയ മനുഷ്യനാണ്. ഈ സുപ്രധാനമായ തീരുമാനത്തിലെത്തുന്നതിനു മുൻപ് കോലി ഒരുപാട് ആലോചിച്ചിട്ടുണ്ടാകുമെന്ന് തീർച്ച. ഒരുപക്ഷേ, ക്യാപ്റ്റൻ സ്ഥാനം ആസ്വദിക്കാൻ അദ്ദേഹത്തിനു കഴിയുന്നുണ്ടാകില്ല. ഈ ഘട്ടത്തിൽ നമ്മൾ അദ്ദേഹത്തെ പിന്തുണയ്ക്കണം. നല്ല ഭാവി ആശംസിക്കുന്നു’ – കപിൽ പറഞ്ഞു.

English Summary: Virat will have to give up his ego, play under young cricketer: Kapil Dev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com