ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസ് റിലീസ് ചെയ്ത ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ അടുത്ത സീസണിൽ പുതിയ ടീമായ അഹമ്മദാബാദിന്റെ നായകനാകുമെന്ന് സൂചന. ഹാർദിക് പാണ്ഡ്യയ്ക്കു പുറമേ അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ, യുവതാരം ശുഭ്മൻ ഗിൽ എന്നിവരെയും അഹമ്മദാബാദ് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ വരെ സൺറൈസേഴ്സ് ഹൈദരാബാദ് താരമായിരുന്നു റാഷിദ് ഖാൻ. ശുഭ്മൻ ഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരവും.

അതേസമയം, ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിക്കുന്നതിലൂടെ വൻ ചൂതാട്ടമാണ് അഹമ്മദാബാദ് ടീം നടത്തുന്നതെന്ന് മുൻ ഇന്ത്യൻ താരം കൂടിയായ കമന്റേറ്റർ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ഹാർദിക് പാണ്ഡ്യയെ ഇതുവരെ ആഭ്യന്തര ടീമുകളുടെ പോലും ക്യാപ്റ്റൻ സ്ഥാനത്ത് കണ്ടിട്ടില്ലെന്നതു ചൂണ്ടിക്കാട്ടിയാണ് അഹമ്മദാബാദ് ആസ്ഥാനമായ പുതിയ ടീമിന്റെ നീക്കത്തെ ചൂതാട്ടമെന്ന് ചോപ്ര വിശേഷിപ്പിച്ചത്.

‘അഹമ്മദാബാദ് ആസ്ഥാനമായുള്ള ടീമിന്റെ നായകനായി ഹാർദിക് പാണ്ഡ്യ എത്തുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ആ നീക്കം വലിയൊരു ചൂതാട്ടമാണെന്നു തന്നെ പറയേണ്ടിവരും. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി ഇന്നുവരെ നമ്മൾ കണ്ടിട്ടില്ല. ആരും കണ്ടിട്ടില്ല. അതുകൊണ്ട് തികച്ചും വ്യത്യസ്തമായൊരു പരീക്ഷണമായിരിക്കും അത്’ – ചോപ്ര പറഞ്ഞു.

അതേസമയം, അഹമ്മദാബാദ് ടീമിൽ പാണ്ഡ്യയുടെ സാന്നിധ്യം പ്രാദേശിക തലത്തിൽ ടീമിന് വലിയ ആരാധകവൃന്ദത്തെ സമ്മാനിക്കുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.

‘അദ്ദേഹം അഹമ്മദാബാദിന് അടുത്തുള്ള പ്രദേശവാസിയാണ്. അതുകൊണ്ട് ഒരു ലോക്കൽ ബ്രാൻഡ് അംബാസഡറെയാണ് ഹാർദിക് പാണ്ഡ്യയിലൂടെ അഹമ്മദാബാദ് ടീമിനു ലഭിക്കുന്നത്. എങ്കിലും പാണ്ഡ്യയുടെ ഫിറ്റ്നസ്സിനെക്കുറിച്ച് ചില സംശയങ്ങളുണ്ട്. അദ്ദേഹത്തിന് ബോൾ ചെയ്യാനാകുമോയെന്നും തീർച്ചയില്ല. പക്ഷേ, അദ്ദേഹം തന്നെ ക്യാപ്റ്റനാകുമെന്നാണ് അറിയുന്നത്’ – ചോപ്ര പറഞ്ഞു.

‘ഹാർദിക് പാണ്ഡ്യയുടെ കാര്യത്തിൽ കായികക്ഷമത മാത്രമേ ഒരു സംശയമായിട്ടുള്ളൂ. അതല്ലെങ്കിൽ അദ്ദേഹം മികച്ച താരമാണ്. അദ്ദേഹം ഒരു നമ്പർ 4 ബാറ്ററും മൂന്ന് ഓവർ ബോൾ ചെയ്യാൻ കഴിയുന്ന ബോളറുമാണ്. അദ്ദേഹത്തിന്റെ നിലവാരമുള്ള ബാറ്റർ ഇന്ത്യയിൽ വേറെയില്ല. ലോകത്തുതന്നെ ചുരുക്കമായിരിക്കും’ – ചോപ്ര വിലയിരുത്തി.

അതേസമയം, ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ പാണ്ഡ്യയ്ക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടി.

‘ഇന്ത്യയുടെ അഭിമാനമാണ് പാണ്ഡ്യ. അദ്ദേഹം ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ തലവര മാറ്റുമെന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. അത്തരത്തിലാണ് അദ്ദേഹത്തിന്റെ ബാറ്റിങ്, ബോളിങ് പ്രകടനങ്ങൾ. പക്ഷേ, ലോകകപ്പിൽ ഫിറ്റ്നസ് പ്രശ്നങ്ങളും പരുക്കും അദ്ദേഹത്തിന് തിരിച്ചടിയായി’ – ചോപ്ര പറഞ്ഞു. 

English Summary: Aakash Chopra on reports of Hardik Pandya going to the Ahmedabad franchise as skipper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com