കോലിയുടെ വാക്കും ഗാംഗുലിയുടെ ട്വീറ്റും നോക്കേണ്ട, അവർക്കിടയിൽ പ്രശ്നമുണ്ട്: പാക്ക് താരം

kohli-ganguly
വിരാട് കോലി, സൗരവ് ഗാംഗുലി
SHARE

കറാച്ചി∙ വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവയ്ക്കാൻ കാരണം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലിയുമായുള്ള പ്രശ്നങ്ങളാണെന്ന് പാക്കിസ്ഥാന്റെ മുൻ താരം റഷീദ് ലത്തീഫ്. യുട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ലത്തീഫ് ഇക്കാര്യം പറഞ്ഞത്. തമ്മിൽ പ്രശ്നമില്ലെന്ന വിരാട് കോലിയുടെ വാക്കുകളും ഗാംഗുലിയുടെ ട്വീറ്റും ഗൗനിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘വിരാട് കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവയ്ക്കാൻ കാരണം ക്രിക്കറ്റ് ബോർഡുമായുള്ള അഭിപ്രായ ഭിന്നത തന്നെയാണ്. ഇത് തന്റെ മാത്രം തീരുമാനമാണെന്ന് കോലി പറയുന്നതും സൗരവ് ഗാംഗുലി ട്വീറ്റിലൂടെ നൽകുന്ന വിശദീകരണവുമൊന്നും ഗൗനിക്കേണ്ട. ഇത് ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് വൻമരങ്ങൾ തമ്മിലുള്ള കലഹം തന്നെയാണ്’ – പാക്കിസ്ഥാന്റെ മുൻ വിക്കറ്റ് കീപ്പർ ബാറ്ററായ ലത്തീഫ് ചൂണ്ടിക്കാട്ടി.

ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയതു വഴി കോലിയെ ഒതുക്കാനാണ് ബിസിസിഐ ശ്രമിച്ചതെന്ന് ലത്തീഫ് പറഞ്ഞു. പക്ഷേ, ഈ നീക്കം തിരിച്ചടിച്ചു. വിരാട് കോലിയെ ലക്ഷ്യം വച്ചുള്ള നീക്കം ഇന്ത്യൻ ക്രിക്കറ്റിനു തന്നെ ദോഷമായി ഭവിച്ചെന്ന് ലത്തീഫ് ചൂണ്ടിക്കാട്ടി. ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യതയുള്ള ടീമായിട്ടും ജയിക്കാനാകാതെ പോയതും ദക്ഷിണാഫ്രിക്കയിൽ ഉറപ്പുള്ള പരമ്പര കൈവിട്ടതും അതിന്റെ ഫലമാണെന്നും ലത്തീഫ് പറഞ്ഞു.

‘ചില മനുഷ്യർ വികാരപരമായി പെരുമാറുന്നവരാണ്. കോലിയെ എപ്പോൾ എങ്ങനെയാണ് പ്രകോപിപ്പിക്കേണ്ടതെന്ന് അവർക്കറിയാം. ഇനി ട്വന്റി20 ടീമിനെ നയിക്കാനില്ലെന്ന് അദ്ദേഹം ട്വന്റി20 ലോകകപ്പിനു മുൻപായി പ്രഖ്യാപിച്ചപ്പോൾ, ഏകദിന ടീമിന്റെയും നായകസ്ഥാനത്തുനിന്ന് നീക്കിയാണ് ബോർഡ് പ്രതികരിച്ചത്. ഇതുവഴി കോലിയെ മാത്രമല്ല നിങ്ങൾ ഒതുക്കിയത്, ഇന്ത്യൻ ക്രിക്കറ്റിനെ കൂടിയാണ്’ – ലത്തീഫ് പറഞ്ഞു.

English Summary: No matter what Virat says or what Ganguly tweets, it's a battle of 2 stalwarts: Rashid Latif on Kohli's captaincy exit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA