രാഹുലിന്റെയും രോഹിത്തിന്റെയും ട്വീറ്റ് കോലിയുടെ രാജി കാത്തിരുന്നപോലെ: പാക്ക് താരം

rahul-latif-rohit
കെ.എൽ. രാഹുൽ, റഷീദ് ലത്തീഫ്, രോഹിത് ശർമ
SHARE

കറാച്ചി∙ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം വിരാട് കോലി രാജിവച്ചതിനോട് പ്രതികരിച്ച് സീനിയർ താരങ്ങളായ രോഹിത് ശർമയും കെ.എൽ. രാഹുലും നടത്തിയ ട്വീറ്റിനെതിരെ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റൻ റഷീദ് ലത്തീഫ്. വിരാട് കോലി രാജിവച്ചതിനു പിന്നാലെ അദ്ദേഹം ഏറ്റവും മികച്ച താരമാണെന്ന തരത്തിലാണ് എല്ലാവരുടെയും പ്രതികരണമെന്ന് ലത്തീഫ് ചൂണ്ടിക്കാട്ടി. ഏറ്റവും മികച്ച താരമാണെങ്കിൽ അദ്ദേഹത്തിന്റെ രാജി യാതൊരു എതിർപ്പും കൂടാതെ എങ്ങനെയാണ് സ്വീകരിക്കാൻ കഴിയുകയെന്ന് ലത്തീഫ് ചോദിച്ചു. യുട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ലത്തീഫിന്റെ പ്രതികരണം.

‘കോലി ലോക ക്രിക്കറ്റിലെ സൂപ്പർതാരമാണ്. ഇനി ആരെയാണ് നിങ്ങൾ ക്യാപ്റ്റനാക്കുക? രോഹിത് ഒട്ടും ഫിറ്റല്ല. ദക്ഷിണാഫ്രിക്കൻ പര്യടനം രോഹിത്തിനു പൂർണമായും നഷ്ടപ്പെട്ടതുതന്നെ അദ്ദേഹം ഫിറ്റല്ലെന്ന് തെളിയിക്കുന്നു. കെ.എൽ. രാഹുലിന് ക്യാപ്റ്റനാകാനുള്ള മിടുക്കില്ല’ – ലത്തീഫ് പറഞ്ഞു.

‘എനിക്ക് ഈ കളിക്കാരെയൊന്നും മനസ്സിലാക്കാൻ പറ്റുന്നില്ല. കോലിയുടെ രാജിയോട് എല്ലാവരുടെയും പ്രതികരണം ഞാൻ ശ്രദ്ധിച്ചു. രാഹുൽ, രോഹിത്.. എല്ലാവരും കോലിയുടെ രാജി അംഗീകരിച്ചു. യാതൊരു കുഴപ്പവും കൂടാതെ സ്വീകരിച്ചു. വിരാട് കോലിയെ ഏറ്റവും മികച്ച കളിക്കാരനായി ഇപ്പോഴും പരിഗണിക്കുന്നുവെങ്കിൽ എങ്ങനെയാണ് യാതൊരു എതിർപ്പും കൂടാതെ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കാൻ സാധിക്കുക? അവരെല്ലാം കോലിയുടെ രാജി കാത്തിരുന്നതു പോലുണ്ട്’ – ലത്തീഫ് പറഞ്ഞു.

ടെസ്റ്റ് ടീമിന്റെ നായകസ്ഥാനവും രാജിവച്ച വിരാട് കോലിയുടെ തീരുമാനം, ഒതുക്കാൻ ശ്രമിച്ച ക്രിക്കറ്റ് ബോർഡിനുള്ള തിരിച്ചടിയാണെന്ന് ലത്തീഫ് അഭിപ്രായപ്പെട്ടു. ക്യാപ്റ്റൻ സ്ഥാനം ഒഴിവായതോടെ സ്വതന്ത്രമായി കളിക്കാൻ കോലിക്കു കഴിയുമെന്ന് പറഞ്ഞ ലത്തീഫ്, ചില മികച്ച ഇന്നിങ്സുകളിലൂടെ കോലി ബോർഡിന് മറുപടി നൽകുമെന്നും അഭിപ്രായപ്പെട്ടു.

‘സംഭവിച്ചതെല്ലാം കോലിക്കും ഇന്ത്യൻ ക്രിക്കറ്റിനും സൗരവ് ഗാംഗുലിക്കും മോശമാണ്. ഇതൊന്നും നടക്കാൻ പാടില്ലായിരുന്നു. തുടർച്ചയായ പരമ്പര തോൽവികൾക്കുശേഷം ഒരാളിൽനിന്ന് ക്യാപ്റ്റൻ സ്ഥാനം എടുത്തുമാറ്റുന്നത് മനസ്സിലാക്കാം. കോലി ക്യാപ്റ്റൻ സ്ഥാനം രാജിവച്ചിട്ടുണ്ടെങ്കിൽ അത് ബോർഡിനുള്ള മറുപടി തന്നെയാണ്. അത് ഗാംഗുലിയായാലും മറ്റാരായാലും താങ്ങാൻ പാടാണ്’ – ലത്തീഫ് പറഞ്ഞു.

‘കോലിക്കു പകരം ക്യാപ്റ്റനായി ആരെ വേണമെങ്കിലും കൊണ്ടുവരൂ. പക്ഷേ, നിലവിൽ ലോക ക്രിക്കറ്റിൽത്തന്നെ കോലിയേക്കാൾ വലിയ താരമില്ല. കോലി ഫോമിൽ തിരിച്ചെത്തി റൺസ് വാരിക്കൂട്ടുന്ന ദിനം, അത് ബോർഡിനുള്ള മറുപടി തന്നെയായിരിക്കും. ഈ പ്രശ്നങ്ങളൊന്നും പ്രകടനവുമായി ബന്ധപ്പെട്ടതല്ല. ഈഗോ മാത്രമാണ് വിഷയം’ – ലത്തീഫ് പറഞ്ഞു. 

English Summary: Rashid Latif stunned by Rohit, Rahul's reaction to Kohli resigning

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA