ADVERTISEMENT

ന്യൂഡൽഹി ∙ വിരാട് കോലിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തിന്റെ ഞെട്ടലിനു പിന്നാലെ ടെസ്റ്റ് ടീമിന്റെ പുതിയ നായകൻ ആരെന്നറിയാൻ ആകാംക്ഷയോടെ ആരാധകർ. ട്വന്റി20യിലും ഏകദിനത്തിലും കോലിയുടെ പിൻഗാമിയായി രോഹിത് ശർമയെ വേഗത്തിൽ തിരഞ്ഞെടുത്തെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ കോലിക്കു പകരക്കാരനെ കണ്ടെത്തുകയെന്നത് ബിസിസിഐക്കു വലിയ വെല്ലുവിളിയാണ്. പരിചയ സമ്പത്തിനും നായക മികവിനുമൊപ്പം നായകനായി പരിഗണിക്കുന്നയാൾ സൂപ്പർതാരങ്ങൾ നിറഞ്ഞ ഇന്ത്യൻ ടീമിലെ അനിവാര്യ ഘടകം കൂടിയാകണമെന്നതു സിലക്ടർമാരുടെ ജോലിഭാരം കൂട്ടും.  

∙ ഒരേയൊരു ക്യാപ്റ്റൻ‌

ടെസ്റ്റിലെ വൈസ് ക്യാപ്റ്റനും ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ നായകനുമായ രോഹിത് ശർമ തന്നെയാണ് കോലിയുടെ പിൻഗാമിയാകാൻ ഏറ്റവും സാധ്യതയുള്ള താരം. ടെസ്റ്റ് ക്രിക്കറ്റിലെ സമീപകാല മികച്ച പ്രകടനവും പരിചയ സമ്പത്തും ഐപിഎൽ ക്രിക്കറ്റിലെ അടക്കം ക്യാപ്റ്റൻസി മികവും രോഹിത്തിനെ സാധ്യതാപ്പട്ടികയിൽ ഒന്നാംസ്ഥാനത്തു നിർ‌ത്തും. ടീമിനെ നയിക്കാൻ സീനിയർ താരം വേണമെന്ന നിർദേശവും രോഹിത്തിനു ഗുണകരമാണ്. എന്നാൽ കോലിയെക്കാൾ ഒരു വയസ്സു കൂടുതലുള്ള രോഹിത്തിനെ (34) ദീർഘകാല അടിസ്ഥാനത്തിൽ നായകനാക്കാൻ കഴിയില്ലെന്ന വെല്ലുവിളിയുണ്ട്. 

∙ തന്ത്രശാലിയായ ക്യാപ്റ്റൻ

രാജ്യാന്തര ക്രിക്കറ്റിലെ തന്ത്രശാലിയായ ബോളർ എന്ന വിളിപ്പേരുള്ള ആർ.അശ്വിന്റെ തന്ത്രങ്ങളെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസിയിൽ പ്രയോജനപ്പെടുത്തണമെന്ന‌ു വാദിക്കുന്നവരുണ്ട്. ഇന്ത്യയ്ക്കായി നാട്ടിൽ‌ 84 ടെസ്റ്റുകൾ കളിച്ച അശ്വിൻ പരിചയ സമ്പത്തിൽ ഒട്ടും പിന്നിലല്ല. കളിക്കളത്തിലെ അശ്വിന്റെ ഓൾറൗണ്ട് മികവ് ക്യാപ്റ്റനെന്ന നിലയിലും ടീമിനു ഗുണകരമാകും. ഹോം ടെസ്റ്റുകളിൽ ഇന്ത്യയുടെ വജ്രായുധമെങ്കിലും വിദേശ ഗ്രൗണ്ടുകളിൽ ഇന്ത്യൻ ടീമിലെ അനിവാര്യ ഘടകമല്ലെന്നതും പ്രായവും (35)വെല്ലുവിളിയാണ്.

∙ ഭാവിയിലേക്കുള്ള ക്യാപ്റ്റൻ

ഏഷ്യയ്ക്കു പുറത്ത് ഇന്ത്യ ഇനി ടെസ്റ്റ് പരമ്പര കളിക്കുന്നത് 2024ലാണ്. അടുത്ത ഏതാനും വർഷത്തേക്ക് ടീമിനെ നയിക്കാനുള്ള താരത്തെയാണു സിലക്ടർമാർ തേടുന്നതെങ്കിൽ കെ.എൽ.രാഹുലിനു നറുക്കുവീണേക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ കോലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ച 29 വയസ്സുകാരനായ രാഹുൽ ഈ പദവിയിലേക്കുള്ള പരീക്ഷണ ഘട്ടം പിന്നിട്ടതാണ്. 

എന്നാൽ ശുഭ്മൻ ഗില്ലടക്കമുള്ള താരങ്ങൾ പുറത്തു നിൽക്കുന്നതിനാൽ ടെസ്റ്റ് ടീമിലെ രാഹുലിന്റെ സ്ഥാനം അത്ര സുരക്ഷിതമല്ല.ഭാവിയിലെ പ്രകടനം കൂടി ലക്ഷ്യമിട്ട്  ഋഷഭ് പന്തിനെ നായകനാക്കണമെന്നാണ് സുനിൽ ഗാവസ്കർ ആവശ്യപ്പെട്ടത്. പേസ് ബോളർ പാറ്റ് കമ്മിൻസിനെ ഓസ്ട്രേലിയ ക്യാപ്റ്റനാക്കിയതുപോലെ  ജസ്പ്രീത് ബുമ്രയെ ക്യാപ്റ്റനാക്കണമെന്ന ആവശ്യവും സജീവമായുണ്ട്.

∙ ക്യാപ്റ്റനാക്കിയാൽ വലിയ അംഗീകാരം: ബുമ്ര 

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കാൻ അവസരം ലഭിച്ചാൽ വലിയ അംഗീകാരമായി കണക്കാക്കുമെന്ന് പേസർ ജസ്പ്രീത് ബുമ്ര. ക്യാപ്റ്റൻ‌ സ്ഥാനം ലഭിച്ചാൽ ഒരു കളിക്കാരനും അതു നിരസിക്കുമെന്നു തോന്നുന്നില്ല. ഇക്കാര്യത്തിൽ ഞാനും വ്യത്യസ്തനല്ല.  മികച്ച പ്രകടനം നടത്തുകയാണ് ഇപ്പോൾ മുൻപിലുള്ള ലക്ഷ്യമെന്നും ബുമ്ര പറഞ്ഞു.

∙ വീൻഡീസിനെതിരെ രോഹിത് കളിച്ചേക്കും

പരുക്കിനെത്തുടർന്നു ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ താരം രോഹിത് ശർമ ഫിറ്റ്നസ് വീണ്ടെടുക്കുന്നതായി ബിസിസിഐ. അടുത്തമാസം ആറിനാരംഭിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയിൽ രോഹിത്തിന് കളിക്കാനാകുമെന്നാണു കരുതുന്നത്. ടീമിലിടം നേടാനായാൽ സ്ഥിരം ഏകദിന ക്യാപ്റ്റനെന്ന നിലയിൽ രോഹിത്തിന്റെ അരങ്ങേറ്റ മത്സരം കൂടിയാകുമത്. ഇടതു കൈയ്ക്കു പരുക്കേറ്റതിനെത്തുടർന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകൾ രോഹിത്തിനു നഷ്ടമായിരുന്നു.

English Summary: Who Will Be India's Next Team Captain?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com