കോലിക്ക് റൺസ് നേടാനായില്ല, എന്നിട്ടും മറ്റുള്ളവരെ കുറ്റപ്പെടുത്തി: തുറന്നടിച്ച് മുൻ താരം

virat-kohli
വിരാട് കോലി (ട്വിറ്റർ ചിത്രം)
SHARE

മുംബൈ∙ ട്വന്റി20 ലോകകപ്പിലെ മോശം പ്രകടനം മുതൽ വിരാട് കോലി കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം അതുൽ വാസൻ. ഇതിന്റെ തുടർച്ചയായാണ് ടെസ്റ്റ് ടീമിന്റെയും നായകസ്ഥാനം കോലി രാജിവച്ചതെന്ന് വാസൻ അഭിപ്രായപ്പെട്ടു. മുൻപ് കളത്തിലെ മികച്ച പ്രകടനത്തിലൂടെ മുന്നിൽനിന്ന് നയിച്ചിരുന്ന കോലിക്ക്, ഇപ്പോൾ പ്രതീക്ഷിച്ചതുപോലെ റൺസ് നേടാനാകുന്നില്ലെന്ന് വാസൻ ചൂണ്ടിക്കാട്ടി. എന്നിട്ടും സഹതാരങ്ങളെ പഴിക്കുന്ന രീതി ഉണ്ടായിരുന്നതായും വാസൻ അഭിപ്രായപ്പെട്ടു.

‘വിരാട് കോലിയുടെ രാജി എന്നെ ഞെട്ടിച്ചതേയില്ല. എന്നെ അക്ഷരാർഥത്തിൽ ഞെട്ടിച്ചത് ഓസ്ട്രേലിയൻ പര്യടനത്തിന്റെ പാതിവഴിയിൽ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ച മഹേന്ദ്രസിങ് ധോണിയാണ്. കോലിയുടെ കാര്യത്തിൽ അടുത്തിടെയായി നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതൊക്കെ സംഭവിക്കുമെന്ന് ഉറപ്പായിരുന്നു. പ്രത്യേകിച്ചും ട്വന്റി20 ലോകകപ്പിലെ മോശം പ്രകടനത്തോടെ’ – അതുൽ വാസൻ ചൂണ്ടിക്കാട്ടി.

‘കോലിക്ക് പഴയതുപോലെ റൺസ് നേടാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ, മറ്റുള്ളവരെയാണ് അദ്ദേഹം അപ്പോഴും പഴിചാരിയിരുന്നത്. ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് മനസ്സിലാക്കാം. അവരിൽനിന്ന് മികച്ച പ്രകടനം ഉറപ്പാക്കാനുള്ള ശ്രമമെന്ന നിലയിൽ ഞാനും അതിനെ പിന്താങ്ങും. പക്ഷേ, മുൻപ് കളത്തിൽ മികച്ച പ്രകടനങ്ങളുമായി മാതൃകാപരമായി നയിച്ചിരുന്ന വ്യക്തിയാണ് കോലി. പക്ഷേ, പിന്നീട് അദ്ദേഹത്തിന്റെ ബാറ്റിങ് മോശമായി’ – വാസൻ പറഞ്ഞു.

‘എല്ലാ താരങ്ങളും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോകാറുണ്ട്. പക്ഷേ, മൂന്നു ഫോർമാറ്റിലും ക്യാപ്റ്റനായിരുന്നത് അദ്ദേഹത്തെ ബാധിച്ചു. ട്വന്റി20 ടീമിന്റെ നായകസ്ഥാനം രാജിവച്ചതോടെയാണ് കോലിയുടെ തിരിച്ചിറക്കം തുടങ്ങുന്നത്. അതു നല്ല തീരുമാനമായിരുന്നെങ്കിലും ബിസിസിഐ ആ രീതിയിലല്ല എടുത്തത്. അങ്ങനെയാണ് കോലി ഒട്ടും പ്രതീക്ഷിക്കാതെ ഏകദിന ടീമിന്റെ നായകസ്ഥാനം അദ്ദേഹത്തിന് നഷ്ടമായത്. ലോകകപ്പ് ജയിക്കുക എന്ന കോലിയുടെ മോഹത്തിനേറ്റ തിരിച്ചടിയായിരുന്നു അത്. കോലിയുടെ നേട്ടങ്ങളിൽനിന്ന് ഒഴിഞ്ഞുനിന്നത് അതു മാത്രമാണ്’ – വാസൻ ചൂണ്ടിക്കാട്ടി.

English Summary: India's debacle in T20 World Cup had put him under pressure: Atul Wassan on Virat Kohli

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA