ADVERTISEMENT

പാൾ (ദക്ഷിണാഫ്രിക്ക)∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഓപ്പണർ ജന്നേമൻ മലാനെ പുറത്താക്കിയതോടെ, രാജ്യാന്തര ഏകദിനത്തിലെ അപൂർവമായൊരു ‘വിക്കറ്റ് വരൾച്ച’ അവസാനിപ്പിച്ച് ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുമ്ര. മത്സരത്തിന്റെ മൂന്നാം ഓവറിൽ മലാനെ പുറത്താക്കിയതോടെ രാജ്യാന്തര ഏകദിനത്തിൽ പവർപ്ലേ ഓവറുകളിൽ (ആദ്യ ആറ് ഓവറുകളിൽ) ബുമ്ര വിക്കറ്റെടുക്കുന്നത് രണ്ടു വർഷവും ഏഴു മാസവും നീളുന്ന ഇടവേളയ്ക്കു ശേഷമാണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ 925 ദിവസത്തെ ഇടവേളയ്ക്കുശേഷം!

ഇതിനു മുൻപ് ആദ്യ പവർപ്ലേയിൽ ജസ്പ്രീത് ബുമ്ര വിക്കറ്റ് വീഴ്ത്തിയത് 2019ലെ ഏകദിന ലോകകപ്പിലാണ്. അന്ന് ലോകകപ്പ് സെമിയിൽ ന്യൂസീലൻഡ് താരം മാർട്ടിൻ ഗപ്ടിലിനെ പുറത്താക്കിയതാണ് ഇതിനു മുൻപ് ആദ്യ പവർപ്ലേയിൽ ബുമ്രയുടെ വിക്കറ്റ് നേട്ടം.

അതിനുശേഷം ആദ്യ പവർപ്ലേയിൽ അടുത്ത വിക്കറ്റെടുക്കും മുൻപ് ബുമ്ര എറിഞ്ഞത് 233 പന്തുകളാണ്. വഴങ്ങിയത് 170 റൺസും. മാഞ്ചസ്റ്ററിൽ ഗപ്ടിലിനെ പുറത്താക്കിയ മത്സരത്തിനും ഇന്ന് പാളിൽ മലാനെ പുറത്താക്കിയ മത്സരത്തിനുമിടെ ആറു മത്സരങ്ങളും ബുമ്ര കളിച്ചു. ലഭിച്ചത് ആറു വിക്കറ്റും.

ഒടുവിൽ പാളിലെ ബോളണ്ട് പാർക്കിൽ ദക്ഷിണാഫ്രിക്കൻ താരം മലാനെ പുറത്താക്കി ബുമ്ര ‘വിക്കറ്റ് വരൾച്ച’ അവസാനിപ്പിച്ചു. മത്സരത്തിന്റെ മൂന്നാം ഓവറിലാണ് ബുമ്ര മലാനെ പുറത്താക്കിയത്. 10 പന്തിൽ ഒരു ഫോർ സഹിതം ആറു റൺസെടുത്ത മലാനെ ബുമ്ര വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

∙ കാത്തിരിപ്പിന് വിരാമമിട്ട് അശ്വിനും

അതിനിടെ, നാലു വർഷത്തെ ഇടവേളയ്ക്കുശേഷം ഏകദിന ടീമിൽ തിരിച്ചെത്തിയ സ്പിന്നർ രവിചന്ദ്രൻ അശ്വിനും ദൈർഘ്യമേറിയ ഇടവേളയ്ക്കുശേഷം ഏകദിനത്തിൽ ആദ്യ വിക്കറ്റ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൻ ഡികോക്കിനെ പുറത്താക്കിയാണ് 2017നുശേഷം ഇതാദ്യമായി അശ്വിൻ ഏകദിനത്തിൽ വിക്കറ്റ് വീഴ്ത്തിയത്.

41 പന്തിൽ രണ്ടു ഫോറുകളോടെ 27 റൺസെടുത്ത ഡികോക്കിനെ, അശ്വിൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഇതിനു മുൻപ് 2017 ജൂണിലാണ് അശ്വിൻ ഏകദിനത്തിൽ ഒരു വിക്കറ്റ് വീഴ്ത്തിയത്. ഏകദിനത്തിൽ ദക്ഷിണാഫ്രിക്കൻ മണ്ണിൽ അശ്വിന്റെ രണ്ടാമത്തെ മാത്രം വിക്കറ്റാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.

English Summary: Jasprit Bumrah ends 925-day wait with wicket of Janneman Malan in Paarl ODI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com