ADVERTISEMENT

പാൾ‌ (ദക്ഷിണാഫ്രിക്ക) ∙ ടെസ്റ്റ് പരമ്പര നഷ്ടത്തിനുള്ള കണക്കു തീർക്കാനുറച്ച് ഇറങ്ങിയ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലും തോൽവി. മൂന്നു മത്സര പരമ്പരയിലെ ആദ്യ കളിയിൽ 31 റൺസിനാണു ദക്ഷിണാഫ്രിക്ക ജയിച്ചത്. സ്കോർ– ദക്ഷിണാഫ്രിക്ക: 50 ഓവറിൽ 296–4; ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റിന് 265. 

ഇരട്ടസെഞ്ചുറി കൂട്ടുകെട്ടും ‘ഇരട്ട സെഞ്ചുറി’കളുമായി പടനയിച്ച ക്യാപ്റ്റൻ തെംബ ബാവുമ, റാസ്സി വാൻഡർ ദസ്സൻ എന്നിവരും അച്ചടക്കത്തോടെ പന്തെറിഞ്ഞ ബോളർമാരുമാണു ദക്ഷിണാഫ്രിക്കയ്ക്ക് അർഹിച്ച ജയം സമ്മാനിച്ചത്. മറുവശത്ത്, ഓപ്പണർ ശിഖൻ ധവാൻ (79), വിരാട് കോലി (51) എന്നിവർ ഒഴികെയുള്ള ബാറ്റർമാർ ആരും തിളങ്ങാതെ പോയതാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. യുവതാരങ്ങൾ മാത്രം ഉൾപ്പെട്ട മധ്യനിര പാടേ നിരാശപ്പെടുത്തി. ശാർദൂൽ ഠാക്കൂർ അർധധസെഞ്ചുറിയോടെ (50) പുറത്താകാതെനിന്നു. 

പാളിലെ ഗ്രൗണ്ടിൽ റെക്കോർഡ് വിജലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് പവർപ്ലേ ഓവറുകൾ അവസാനിക്കുന്നതിനു മുൻപുതന്നെ ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ (12) നഷ്ടമായി. ന്യൂ ബോൾ ബോളറായെത്തിയ ഏയ്ഡൻ മാർക്രത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ രാഹുലിന്റെ ബാറ്റിൽ ഉരസിയ പന്ത് കീപ്പർ ഡി കോക്കിന്റെ കൈകളിലേക്ക്. ഇന്ത്യൻ സ്കോർ ബോർഡിൽ അപ്പോൾ 46 റൺസ്.

മികച്ച ടച്ചിൽ ബാറ്റു ചെയ്തിരുന്ന ധവാനൊപ്പം വിരാട് കോലി ചേർന്നതോടെ ഇന്ത്യൻ സ്കോർബോർഡ് കുതിച്ചു തുടങ്ങി. 51–ാം പന്തിൽ ധവാൻ അർധ സെഞ്ചുറി തികച്ചു. ഇന്ത്യൻ റൺറേറ്റ് 6 നോട് അടുപ്പിച്ച നിരക്കിൽത്തന്നെ കാത്തുസൂക്ഷിച്ചായിരുന്നു കോലി– ധവാൻ സഖ്യത്തിന്റെ ബാറ്റിങ്. അനായാസം ബൗണ്ടറികളടിച്ചു മുന്നേറിയ ധവാനെ (84 പന്തിൽ 10 ഫോർ അടക്കം 79) 26–ാം ഓവറിൽ കേശവ് മഹാരാജ് ബോൾഡാക്കി. ഇന്ത്യൻ സ്കോർബോർഡിൽ 92 റൺസ് ചേർത്തതിനു ശേഷമാണു സഖ്യം വേർപിരിഞ്ഞത്. 

kohli-dhawan
അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത കോലിയും ധവാനും ബാറ്റിങ്ങിനിടെ. ഇരുവരും അർധസെഞ്ചുറി നേടി (ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം)

ക്യാപ്റ്റൻസിയുടെ ‘അധിക’ ഭാരം ഇല്ലാതെയിറങ്ങിയ ആദ്യ മത്സരത്തിൽ അർധ സെഞ്ചുറി തികച്ചെങ്കിലും തൊട്ടുപിന്നാലെ കോലിയും (63 പന്തിൽ 3 ഫോർ അടക്കം 51) വീണു. തബ്രേസ് ഷംസിയെ സ്വീപ് ചെയ്യാനുള്ള കോലിയുടെ ശ്രമം മിഡി വിക്കറ്റിൽ തെംബ ബാവുമയുടെ കൈകളിൽ അവസാനിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക വീണ്ടും മത്സരത്തിൽ പിടിമുറുക്കി. 

ശ്രേയസ് അയ്യരെ (17 പന്തിൽ ഒരു ഫോർ അടക്കം 17) ലുങ്കി എൻഗിഡി മടക്കി. ഇന്ത്യൻ വിജയപ്രതീക്ഷയുമായി ബാറ്റു ചെയ്തിരുന്ന ഋഷഭ് പന്തിനെ (22 പന്തിൽ ഒരു ഫോർ അടക്കം 16) ഉജ്വല സ്റ്റംപിങ്ങിലൂടെ പുറത്താക്കിയ ക്വിന്റൻ ഡി കോക്ക് ദക്ഷിണാഫ്രിക്കയ്ക്കു മത്സരത്തിൽ വ്യക്തമായ മേൽക്കൈ നൽകി. ആൻഡിലെ പെഹ്‌ലുക്‌വായോ ആയിരുന്നു ബോളർ. പന്ത് പുറത്താകുമ്പോൾ 95 പന്തിൽ 115 റൺസാണ് ഇന്ത്യയ്ക്കു വേണ്ടിയിരുന്നത്. അരങ്ങേറ്റ ഏകദിനം കളിച്ച വെങ്കിടേഷ് അയ്യരുടെ ഇന്നിങ്സ് 2 റൺസിന് അവസാനിച്ചു. എൻഗിഡിക്കായിരുന്നു വിക്കറ്റ്.

പിന്നാലെ രവിചന്ദ്രൻ അശ്വിനെ (7) പെഹ്‌ലുക്‌വായോ ക്ലീൻ ബോൾഡ് ചെയ്തതോടെ ഇന്ത്യ 38.3 ഓവറിൽ 7 വിക്കറ്റിന് 199 എന്ന സ്കോറിലായി. അവസാന 10 ഓവറിൽ 94 റൺസാണ് ഇന്ത്യയ്ക്കു വേണ്ടിയിരുന്നത്. ഡെത്ത് ഓവറുകളിൽ തകർത്തടിച്ച ശാർദൂൽ ഠാക്കൂറാണ് (43 പന്തിൽ 5 ഫോറും ഒരു സിക്സും അടക്കം 50 നോട്ടൗട്ട്) ഇന്ത്യൻ റൺ കടം കുറച്ചത്. ജസ്പ്രീത് ബുമ്ര 14 റൺസോടെ പുറത്താകാതെ നിന്നു. 9-ാം വിക്കറ്റിൽ ബുമ്രയ്ക്കൊപ്പം ശാർദൂൽ 51 റൺസാണു ചേർത്തത്. 

ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡി, പെഹ്‌ലുക്‌വായോ, തബ്രേസ് ഷംസി എന്നിവർ 3 വിക്കറ്റ് വീതവും ഏയ്ഡൻ മാർക്രം, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

∙ ദക്ഷിണാഫ്രിക്കയിൽ കോലിയുടെ അവസാന ഏഴ് ഏകദിന ഇന്നിങ്സുകൾ

112 (119)
46* (50)
160* (159)
75 (83)
36 (54)
129* (96)
51 (63)

∙ ‘ഇരട്ടസെഞ്ചുറി’ക്കരുത്തിൽ ദക്ഷിണാഫ്രിക്ക

നേരത്തെ, ഇരട്ടസെഞ്ചുറി കൂട്ടുകെട്ടും ‘ഇരട്ട സെഞ്ചുറി’കളുമായി ക്യാപ്റ്റൻ തെംബ ബാവുമയും റാസ്സി വാൻഡർ ദസ്സനും പടനയിച്ചതോടെയാണ് ഇന്ത്യയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലെത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 296 റൺസ്. 68 റൺസിനിടെ മൂന്നു വിക്കറ്റ് പിഴുത് മികച്ച തുടക്കമിട്ട ഇന്ത്യയ്ക്ക്, നാലാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടുമായി മിന്നിയ വാൻഡർ ദസ്സൻ – ബാവുമ കൂട്ടുകെട്ടാണ് തിരിച്ചടിയായത്. ഇരുവരും സെഞ്ചുറിയും നേടി. 184 പന്തുകൾ നീണ്ട കൂട്ടുകെട്ടിൽ ഇരുവരും പടുത്തുയർത്തിയത് 204 റൺസ്. പാളിൽ ഇതിനു മുൻപു നടന്ന 13 ഏകദിനങ്ങളിൽ വിജയകരമായി പിന്തുടർന്ന ഉയർന്ന വിജയലക്ഷ്യം 248 റൺസ് മാത്രമാണ്. 2001ൽ ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയാണ് 248 റൺസ് പിന്തുടർന്നു ജയിച്ചത്.

129 റൺസെടുത്ത റാസ്സി വാൻഡർ ദസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ആക്രമിച്ചു കളിച്ച വാൻഡർ ദസ്സൻ 96 പന്തിൽ ഒൻപതു ഫോറും നാലു സിക്സും സഹിതമാണ് 129 റൺസെടുത്തത്. ഏകദിനത്തിൽ ദസ്സന്റെ ഉയർന്ന സ്കോറാണിത്. ‌തെംബ ബാവുമ 110 റൺസെടുത്ത് പുറത്തായി. 143 പന്തിൽ എട്ടു ഫോറുകൾ സഹിതമാണ് ബാവുമ 110 റൺസെടുത്തത്. ഏകദിനത്തിൽ ഇരുവരുടെയും രണ്ടാം സെഞ്ചുറിയാണിത്. മത്സരത്തിന്റെ 18–ാം ഓവറിൽ എയ്ഡൻ മർക്രം പുറത്തായതിനു പിന്നാലെ ക്രീസിൽ ഒരുമിച്ച ഇരുവരും 49–ാം ഓവറിലാണ് പിരിയുന്നത്. അതിനിടെ നേരിട്ടത് 184 പന്തുകൾ! അടിച്ചുകൂട്ടിയത് 204 റൺസും.

dussen-bavuma

ഓപ്പണർമാരായ ക്വിന്റൻ ഡികോക്ക് (41 പന്തിൽ 27), ജന്നേമൻ മലാൻ (10 പന്തിൽ ആറ്), എയ്ഡൻ മർക്രം (11 പന്തിൽ നാല്) എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ പുറത്തായത്. ഇന്ത്യയ്ക്ക് ലഭിച്ച നാലു വിക്കറ്റുകളിൽ രണ്ടെണ്ണം ജസ്പ്രീത് ബുമ്രയുംഒരു വിക്കറ്റ് രവിചന്ദ്രൻ അശ്വിനും സ്വന്തമാക്കി. ഒരെണ്ണം അരങ്ങേറ്റ മത്സരം കളിക്കുന്ന ഓൾറൗണ്ടർ വെങ്കടേഷ് അയ്യരുടെ വക റണ്ണൗട്ടാണ്.

നാലാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീർത്ത തെംബ ബാവുമ – വാൻഡർ ദസ്സൻ സഖ്യം, ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ നാലാം വിക്കറ്റിൽ ദക്ഷിണാഫ്രിക്കയുടെ ഉയർന്ന കൂട്ടുകെട്ട് എന്ന റെക്കോർഡും സ്വന്തമാക്കി. 2013ൽ സെഞ്ചൂറിയനിൽ 171 റൺസ് കൂട്ടുകെട്ട് തീർത്ത് ഡികോക്ക് – ഡിവില്ലിയേഴ്സ് സഖ്യം സ്ഥാപിച്ച റെക്കോർഡാണ് വഴിമാറിയത്. 1996ൽ ഷാർജയിൽ 154 റൺസ് കൂട്ടുകെട്ട് തീർത്ത ഗാരി കിർസ്റ്റൻ – ഹാൻസി ക്രോണ്യ കൂട്ടുകെട്ട് മൂന്നാം സ്ഥാനത്തുണ്ട്.

മാത്രമല്ല, ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഏതൊരു വിക്കറ്റിലുമായി ദക്ഷിണാഫ്രിക്കയുടെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടു കൂടിയാണിത്. 2000ൽ കൊച്ചിയിൽ ഓപ്പണിങ് വിക്കറ്റിൽ ഗാരി കിർസ്റ്റൻ – ഹെർഷൽ ഗിബ്സ് സഖ്യം നേടിയ 235 റൺസ് മാത്രമാണ് മുന്നിലുള്ളത്. 2013ൽ സെഞ്ചൂറിയനിൽ 194 റൺസ് കൂട്ടുകെട്ട് തീർത്ത ഹാഷിം അംല – ഡികോക്ക് സഖ്യം മൂന്നാമതും 2005ൽ കൊൽക്കത്തയിൽ ഓപ്പണിങ് വിക്കറ്റിൽ 189 റൺസ് കണ്ടെത്തിയ ഗ്രെയിം സ്മിത്ത് – ഹാൾ സഖ്യം നാലാമതുമുണ്ട്.

∙ ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ ഉയർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടുകൾ

206 സലിം മാലിക്ക് – മുഹമ്മദ് യൂസഫ്, സെഞ്ചൂറിയൻ, 2009
204 തെംബ ബാവുമ – റാസ്സി വാൻഡർ ദസ്സൻ, പാൾ, 2022
202 സ്റ്റുവാർട്ട് കാർലിസ്ൽ – സീൻ എർവിന്, അഡ്‌ലെയ്‌ഡ്, 2004
200 റോസ് ടെയ്‍ലർ – ടോം ലാതം, മുംബൈ, 2017

∙ ഏകദിനത്തിൽ അഞ്ചാം നമ്പറിലോ അതിനു താഴെയോ ബാറ്റു െചയ്ത് ഉയർന്ന വ്യക്തിഗത സ്കോർ

139* എയ്ഞ്ചലോ മാത്യൂസ്, റാഞ്ചി, 2014
129* വാൻഡർ ദസ്സൻ, പാൾ, 2022
124 റൂവൻ പവൽ, സിംഗപ്പുർ, 1999
119 കയ്റൻ പൊള്ളാർഡ്, ചെന്നൈ, 2011

∙ ഏകദിനത്തിൽ പാളിലെ ഉയർന്ന വ്യക്തിഗത സ്കോർ

176 എ.ബി. ഡിവില്ലിയേഴ്സ് ബംഗ്ലദേശിനെതിരെ, 2017
146 സച്ചിൻ തെൻഡുൽക്കർ കെനിയയ്‌ക്കെതിരെ, 2001
129* വാൻഡർ ദസ്സൻ ഇന്ത്യയ്‌ക്കെതിരെ, 2022
123* ഹെൻറിച് ക്ലാസ്സൻ ഓസ്ട്രേലിയയ്‌ക്കെതിരെ, 2020

 

English Summary: KL Rahul Set To Achieve Major First For India In 1st ODI vs South Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com