ADVERTISEMENT

ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തോൽവിക്കു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ഓപ്പണറും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. രോഹിത് ശർമയുടെ അഭാവത്തിലാണു കർണാടക സ്വദേശിയായ രാഹുൽ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്. 

‘മത്സരത്തിൽ ഇന്ത്യൻ ബോളർമാരുടെ പ്രകടനം മോശമായിരുന്നു എന്നു കരുതുന്നില്ല. ചിലപ്പോഴൊക്കെ, ബാറ്റർമാരുടെ പ്രകടനത്തെയും അംഗീകരിക്കേണ്ടിവരും. തെംബ ബവൂമ മികച്ച ഫോമിലാണ്. ടെസ്റ്റ് പരമ്പരയിലെ ഉജ്വല ഫോം ഏകദിനത്തിലേക്കു നീട്ടിയെടുക്കാനും ബവൂമയ്ക്കു സാധിച്ചു. 

എന്നാൽ ആക്രമണോത്സുക ഫീൽഡ് ഒരുക്കുന്നതിൽ രാഹുൽ പരാജയപ്പെട്ടു. ഏയ്ഡൻ മാർക്രം പുറത്തായതിനു പിന്നാലെ യുസ്‌വേന്ദ്ര ചെഹൽ ബോളിങ്ങിന് എത്തിയപ്പോൾ സ്ലിപ്പ്, ഗള്ളി അല്ലെങ്കിൽ ഗള്ളി പോയിന്റ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഞാൻ പ്രതീക്ഷിച്ചു. അതുപോലെ അശ്വിൻ ബോളിങ്ങിനെത്തിയപ്പോൾ ലെഗ് സ്ലിപ്പിലോ ഷോട്ട് ലെഗിലോ ഫീൽഡറെ വിന്യസിക്കാമായിരുന്നു.

ബാറ്ററുടെ വിക്കറ്റ് ലഭിക്കുന്നതിനായല്ല ഇത്, മറിച്ച് തനിക്കായി ഒരുക്കുന്ന ഫീൽഡിന് അനുസരിച്ചാണ് ബോളർ പന്തെറിയുന്നത്’– സ്റ്റാർ സ്പോർട്സ് ചാനലിലെ ഷോയ്ക്കിടെ ഗംഭീർ അഭിപ്രായപ്പെട്ടു.

ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബവൂമയുടെ ബാറ്റിങ്ങിനെ പ്രശംസിക്കാനും ഗംഭീർ മറന്നില്ല. ‘ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിര നോക്കൂ. ക്വിന്റന്‍ ഡി കോക്ക്, ഏയ്‌ഡൻ  മാർക്രം, റസ്സി വാൻ ഡർ ദസ്സൻ, ഡേവിഡ് മില്ലർ.. എല്ലാവരും വമ്പൻ അടിക്കാരാണ്. അതുകൊണ്ടുതന്നെ, നങ്കൂരമിട്ടുനിന്ന് മറ്റു ബാറ്റർമാരെ ബന്ധിപ്പിക്കുന്ന റോൾ ഒരു താരം കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണ്. ബവൂമ ഇതു ഭംഗിയായി നടപ്പാക്കുന്നു’– ഗംഭീർ പറഞ്ഞു. 

 

English Summary: 'Bowler will only bowl according to the field set for him': Gambhir points out big flaw in Rahul's captaincy in 1st ODI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com