405 റൺസടിച്ച ഇന്ത്യ യുഗാണ്ടയെ 79ൽ ഒതുക്കി; ക്വാർട്ടറിൽ കാത്തിരുന്ന ‘ശത്രു’, ബംഗ്ലദേശ്!

uganda-vs-india
യുഗാണ്ടയ്‌ക്കെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ (ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ടറൂബ (ട്രിനിഡാഡ്)∙ ക്യാപ്റ്റൻ ഉൾപ്പെടെ പ്രമുഖ താരങ്ങൾ കോവിഡ് ബാധിച്ച് ഐസലേഷനിലായതോടെ ടീമിനെ ഇറക്കാൻ ബുദ്ധിമുട്ടിയെങ്കിലും, കളത്തിൽ അതൊന്നും ബാധിക്കാതെ തകർത്തടിച്ചും തകർത്തെറിഞ്ഞും ഇന്ത്യ കൂറ്റൻ വിജയത്തോടെ അണ്ടർ 19 ലോകകപ്പിന്റെ സൂപ്പർ ലീഗിൽ. ഇന്ത്യയുടെ സർവാധിപത്യം കണ്ട മത്സരത്തിൽ 326 റൺസിന് ദുർബലരായ യുഗാണ്ടയേയാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 405 റൺസ്. മറുപടി ബാറ്റിങ്ങിൽ തകർന്നടിഞ്ഞ യുഗാണ്ട 19.4 ഓവറിൽ 79 റൺസിന് എല്ലാവരും പുറത്തായി.

ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയേയും രണ്ടാം മത്സരത്തിൽ അയർലൻഡിനെയും തോൽപ്പിച്ച ഇന്ത്യ, ഗ്രൂപ്പ് ജേതാക്കളായാണ് സൂപ്പർ ലീഗിലേക്ക് മുന്നേറിയത്. ക്വാർട്ടർ പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ബംഗ്ലദേശാണ് ഇന്ത്യയുടെ എതിരാളികൾ. ഈ മാസം 29നാണ് മത്സരം. കഴിഞ്ഞ തവണ വിവാദം നിറഞ്ഞ ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചാണ് ബംഗ്ലദേശ് കിരീടം ചൂടിയത്.

യുഗാണ്ടയ്‌ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ ആൻക്രിഷ് രഘുവൻഷി (144), രാജ് ബാവ (പുറത്താകാതെ 162) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റൻ സ്കോറിന് സഹായകമായത്. ആൻക്രിഷ് 120 പന്തിൽ 22 ഫോറും നാലു സിക്സും സഹിതമാണ് 144 റൺസെടുത്തത്. ടൂർണമെന്റിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോറും കുറിച്ച രാജ് ബാവ, 108 പന്തിൽ 14 ഫോറും എട്ടു ഫോറും സഹിതമാണ് 162 റൺസെടുത്തത്.

85 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക്, മൂന്നാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. 136 പന്തിൽ ഇരുവരും അടിച്ചുകൂട്ടിയത് 206 റൺസാണ്.

ഹർനൂർ സിങ് (14 പന്തിൽ 15), ക്യാപ്റ്റൻ നിഷാന്ത് സിന്ധു (27 പന്തിൽ 15), കൗശൽ ടാംബെ (12 പന്തിൽ 15), ദിനേഷ് ബാണ (14 പന്തിൽ 22), അനീഷ്വർ ഗൗതം (ഒൻപത് പന്തിൽ പുറത്താകാതെ 12) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. യുഗാണ്ടയ്ക്കായി ക്യാപ്റ്റൻ പസ്കാൽ മുരുംഗി 10 ഓവറിൽ 72 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുഗാണ്ട നിരയിൽ ആകെ തിളങ്ങിയത് അവരുടെ ടോട്ടൽ സ്കോറിന്റെ പകുതിയോളം ഒറ്റയ്ക്ക് കണ്ടെത്തിയ ക്യാപ്റ്റൻ ‍മുരുംഗി മാത്രം. 45 പന്തുകൾ നേരിട്ട മുരുംഗി ഏഴു ഫോറുകളോടെ 34 റൺസെടുത്തു. മുരുംഗിക്കു പുറമേ യുഗാണ്ട നിരയിൽ രണ്ടക്കം കണ്ടത് 22 പന്തിൽ 11 റൺസെടുത്ത റൊണാൾഡ് ഓപ്ലോ മാത്രം. യുഗാണ്ട നിരയിൽ അഞ്ച് പേർ ‘സംപൂജ്യ’രായി. മൂന്നു പേർ അഞ്ച് റൺസ് വീതമെടുത്തു.

4.4 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ക്യാപ്റ്റൻ നിഷാന്താണ് യുഗാണ്ടയെ തകർത്തത്. രാജ്‌വർധൻ ഹൻഗർഗേക്കർ മൂന്ന് ഓവറിൽ എട്ട് റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. വാസു വാട്സ്, വിക്കി ഓസ്ട്‌വാൽ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

English Summary: India U19 vs Uganda U19, 22nd Match, Group B - Live Cricket Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA