ADVERTISEMENT

മുംബൈ∙ ഐപിഎൽ 15–ാം സീസണിനു മുന്നോടിയായുള്ള മെഗാ താരലേലത്തിനായി റജിസ്റ്റർ ചെയ്യാൻ അനുവദിച്ച സമയം പൂർത്തിയാകുമ്പോൾ, സ്വദേശികളും വിദേശികളുമായി ആകെ റജിസ്റ്റർ ചെയ്തത് 1214 താരങ്ങളാണ്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡാണ് (ബിസിസിഐ) റജിസ്റ്റർ ചെയ്ത താരങ്ങളുടെ എണ്ണം പുറത്തുവിട്ടത്. 20 ലക്ഷം അടിസ്ഥാന വിലയിട്ട താരങ്ങൾ മുതൽ 2 കോടി വരെ വിലയിട്ട താരങ്ങളുടെ പട്ടികയും പുറത്തുവന്നിട്ടുണ്ട്. ഇനി ലേലത്തിനു മുന്നോടിയായി താരങ്ങളുടെ പട്ടികയിൽനിന്ന് ടീമുകൾ തിരഞ്ഞെടുക്കുന്നവരെ മാത്രം ഉൾപ്പെടുത്തി ചുരുക്കപ്പട്ടിക തയാറാക്കുന്നതാണ് അടുത്ത ഘട്ടം. അതിനുശേഷം ഫെബ്രുവരി 12, 13 തീയതികളിലായി താരലേലം.

അതിനിടെ, ഐപിഎലിന്റെ കഴിഞ്ഞ സീസണിലും ആഭ്യന്തര ക്രിക്കറ്റിലും മിന്നുന്ന പ്രകടനവുമായി ശ്രദ്ധ നേടിയിട്ടും ഇത്തവണ താരലേലത്തിൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന വിലയിട്ട രണ്ടു താരങ്ങൾ ശ്രദ്ധ നേടുകയാണ്. ഇതുവരെ ദേശീയ ടീമിൽ കളിക്കാൻ അവസരം ലഭിച്ചിട്ടില്ലെങ്കിലും ദേശീയ ടീമിലേക്ക് പലവട്ടം തിരഞ്ഞെടുക്കപ്പെട്ട ആവേശ് ഖാനും തമിഴ്നാടിന്റെ മിന്നും താരം ഷാരൂഖ് ഖാനുമാണ് 20 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട് ഞെട്ടിച്ചിരിക്കുന്നത്. റോബിൻ ഉത്തപ്പ, അമ്പാട്ടി റായഡു, ആഷ്ടൺ ആഗർ, ക്രെയ്ഗ് ഓവർട്ടൻ, മർച്ചന്റ് ഡി ലാൻഗേ തുടങ്ങിയവർ അടിസ്ഥാന വിലയായി 2 കോടി തിരഞ്ഞെടുത്ത സ്ഥാനത്താണ് ഇവർ 20 ലക്ഷവുമായി ഞെട്ടിക്കുന്നത്. അടിസ്ഥാന വില കുറച്ചിട്ടെങ്കിലും ഇത്തവണ ഐപിഎൽ താരലേലത്തിൽ മത്സരിച്ചുള്ള വിളി പ്രതീക്ഷിക്കുന്ന താരങ്ങളാണ് ഇരുവരും.

കഴിഞ്ഞ ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി തകർപ്പൻ പ്രകടനം കാഴ്ചവച്ച് ശ്രദ്ധ നേടിയ താരമാണ് ആവേശ് ഖാൻ. ഡെത്ത് ഓവറുകളിൽ റൺസ് വഴങ്ങുന്നതിൽ പുലർത്തുന്ന കടുത്ത നിയന്ത്രണംകൊണ്ട് കയ്യടി നേടിയ ആവേശ് ഖാൻ, കഴിഞ്ഞ സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ 24 വിക്കറ്റുമായി രണ്ടാമനുമായി. 7.37 എന്ന മികച്ച ഇക്കോണമി റേറ്റും കാത്തുസൂക്ഷിച്ചായിരുന്നു ഈ വിക്കറ്റ് വേട്ട എന്നോർക്കണം. 32 വിക്കറ്റുമായി ഒന്നാമതെത്തിയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം ഹർഷൽ പട്ടേൽ അടിസ്ഥാന വിലയായി ഇത്തവണ രണ്ടു കോടി രൂപ തിരഞ്ഞെടുത്തപ്പോഴാണ് ആവേശ് ഖാൻ തന്റെ അടിസ്ഥാന വില ‘മിനിമ’ത്തിൽ ഒതുക്കിയത്.

കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സ് 5.25 കോടി രൂപയ്ക്ക് വാങ്ങിയ താരമായ ഷാരൂഖ് ഖാൻ, ഇത്തവണ ആഭ്യന്തര ക്രിക്കറ്റിലെ ചില മിന്നും പ്രകടനങ്ങളും സമ്മാനിക്കുന്ന തിളക്കത്തിനിടെയാണ് അടിസ്ഥാന വിലയായി 20 ലക്ഷം തിരഞ്ഞെടുത്തത്. വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ തമിഴ്നാടിനായി കർണാടകയ്ക്കെതിരെ ഷാരൂഖ് ഖാൻ വിജയം നേടിയ രീതി കയ്യടി നേടിയിരുന്നു.

ഐപിഎലിൽ കഴിഞ്ഞ സീസണിൽ 11 മത്സരങ്ങളിൽനിന്ന് 21.85 ശരാശരിയിൽ 153 റൺസാണ് ഷാരൂഖ് ആകെ സ്കോർ ചെയ്തത്. എന്ന മികച്ച സ്ട്രൈക്ക് റേറ്റുമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഏത് ഐപിഎൽ ടീമും മോഹിക്കുന്ന ബാറ്റിങ് പ്രകടനവുമായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കയ്യടി നേടിയത്.

English Summary: IPL 2022 auction: Avesh Khan, Shahrukh Khan's base price leaves fans stunned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com