മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമെന്ന റെക്കോർഡ് വിരാട് കോലിക്കൊപ്പം പങ്കുവച്ച് കെ.എൽ. രാഹുൽ. ഐപിഎൽ 15–ാം സീസണിനു മുന്നോടിയായി പുതിയ ടീമുകളിലൊന്നായ ലക്നൗ കെ.എൽ. രാഹുലിനെ 17 കോടി രൂപയ്ക്ക് ടീമിലെത്തിച്ചു. ലക്നൗ ടീമിന്റെ ക്യാപ്റ്റനായാണ് രാഹുലിന്റെ വരവ്. ഐപിഎലിൽ 2018 സീസൺ മെഗാ താരലേലത്തിനു മുന്നോടിയായി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ കോലിയെ നിലനിർത്തിയത് 17 കോടി രൂപയ്ക്കാണ്. ഈ റെക്കോർഡിനൊപ്പമാണ് ഇപ്പോൾ രാഹുലും.
രാഹുലിനു പുറമേ ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയ്നിസ്, യുവ ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയ് എന്നിവരെയും ലക്നൗ സ്വന്തമാക്കി. സ്റ്റോയ്നിസിനെ 9.2 കോടി രൂപയ്ക്കും ബിഷ്ണോയിയെ 4 കോടി രൂപയ്ക്കുമാണ് ലക്നൗ ടീമിലെത്തിച്ചത്.
ഇതോടെ, അടുത്ത മാസം നടക്കുന്ന മെഗാ താരലേലത്തിൽ കളിക്കാരെ വാങ്ങുന്നതിനായി ലക്നൗവിന്റെ കൈവശം ബാക്കിയുള്ളത് 59.89 കോടി രൂപയാണ്. ലക്നൗ ടീമിന്റെ ഉടമകളായ ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ തലവൻ സഞ്ജീവ് ഗോയങ്കയാണ് വാങ്ങിയ താരങ്ങളുടെ പേരും അവർക്കായി ചെലവഴിച്ച തുകയും പുറത്തുവിട്ടത്.
ലക്നൗവിനൊപ്പം ഇത്തവണ ഐപിഎലിൽ അരങ്ങേറുന്ന അഹമ്മദാബാദ് ടീം ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി നിയോഗിച്ചു. താരത്തെ 15 കോടി രൂപയ്ക്കാണ് അഹമ്മദാബാദ് സ്വന്തമാക്കിയത്. വിദേശ താരമായി അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനെയും അതേ തുകയ്ക്ക് ടീമിലെത്തിച്ചു. എട്ടു കോടി രൂപയ്ക്ക് വാങ്ങിയ മുൻ കൊൽക്കത്ത താരം ശുഭ്മൻ ഗില്ലാണ് മൂന്നാമൻ. ഇനി 52 കോടി രൂപയുമായാണ് അഹമ്മദാബാദ് ലേലത്തിന് എത്തുന്നത്.
English Summary: Lucknow makes KL Rahul joint-highest-paid player in IPL history