ADVERTISEMENT

ന്യൂഡൽഹി∙ വാർത്താ സമ്മേളനത്തിൽ വിവാദ പ്രസ്താവനകൾ നടത്തിയതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിക്കെതിരെ കാരണം കാണിക്കൽ നോട്ടിസ് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ തള്ളി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് ഗാംഗുലി വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎൻഐ ഉൾപ്പെടെയുള്ളവരോട്, ‘സത്യമല്ല’ എന്ന ഒറ്റ വാചകത്തിലാണ് ഗാംഗുലി പ്രതികരണം അറിയിച്ചത്.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുന്നോടിയായി നടത്തിയ വിവാദ വാർത്താ സമ്മേളനത്തിന്റെ പേരിലാണ് കോലിക്ക് ഗാംഗുലി കാരണം കാണിക്കൽ നോട്ടിസ് നല്‍കാനൊരുങ്ങിയതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ വിഷയത്തിൽ ഇടപെട്ടു പ്രശ്നം പരിഹരിക്കുകയായിരുന്നെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി. ടീം ഇന്ത്യ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനൊരുങ്ങുന്ന സമയമായതിനാൽ ഇത്തരം നടപടികൾ പ്രകടനത്തെ ബാധിക്കുമെന്നതിനാലാണ് ജയ് ഷാ ഇടപെട്ടതെന്നും വിശദീകരിച്ചിരുന്നു.

ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതും ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയതുമായി ബന്ധപ്പെട്ടു താനും ബിസിസിഐയും തമ്മിലുണ്ടായ ആശയവിനിമയത്തിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതായി കോലി വെളിപ്പെടുത്തിയതാണ് ഗാംഗുലിയെ ചൊടിപ്പിച്ചത്. 2021 സെപ്റ്റംബറിൽ ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് കോലിയോട് ആവശ്യപ്പെട്ടിരുന്നെന്നാണു ഗാംഗുലിയുടെ നിലപാട്.

എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം രാജി വയ്ക്കരുതെന്ന് ബിസിസിഐയിലെ ആരും പറഞ്ഞിട്ടില്ലെന്നായിരുന്നു കോലിയുടെ വാദം. കാരണം കാണിക്കൽ നോട്ടിസ് എന്ന തീരുമാനവുമായി ഗാംഗുലി മുന്നോട്ടുപോയപ്പോഴും ജയ്ഷാ ഇടപെട്ടു പ്രശ്നം പരിഹരിക്കുകയായിരുന്നെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനത്തു തുടരാമെന്നായിരുന്നു കോലിയുടെ താൽപര്യം. എന്നാൽ കോലിയെ മാറ്റി രോഹിത് ശർമയെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി ബിസിസിഐ നിയമിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതോടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനവും കോലി നാടകീയമായി രാജിവച്ചു.

ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്കു പുറപ്പെടും മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിരാട് കോലി വിവാദ പരാമര്‍ശങ്ങൾ നടത്തിയത്. ‘ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം രാജി വയ്ക്കുന്നതിനു ഞാൻ ബിസിസിഐയെ സമീപിച്ചിരുന്നു. എന്റെ നിലപാട് ബിസിസിഐയെ അറിയിച്ചപ്പോൾ യാതൊരു എതിർപ്പുമുണ്ടായില്ല’– വാർത്താ സമ്മേളനത്തിൽ കോലി പറഞ്ഞു. എന്നാൽ ബോർഡ് അംഗങ്ങൾ കോലിയോടു ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി ചീഫ് സിലക്ടർ ചേതൻ ശർമ പിന്നീട് പ്രതികരിച്ചു.

English Summary: There is no plan to show-cause Virat Kohli: Sourav Ganguly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com