മോഹിപ്പിച്ചു, പിന്നെ പടിക്കൽ കലമുടച്ച് ചാഹർ (54); തോൽവി പരമ്പര സമ്പൂർണം!

deepak-chahar-sad
ഇന്ത്യ തോൽവി വഴങ്ങിയപ്പോൾ ദീപക് ചാഹറിന്റെ നിരാശ (ട്വിറ്റർ ചിത്രം)
SHARE

കേപ് ടൗൺ∙ അനുഭവങ്ങളിൽനിന്ന് പാഠം പഠിക്കാതെ മധ്യനിര ഒരിക്കൽക്കൂടി കയ്യൊഴിഞ്ഞതോടെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി. അവസാന ഓവറുകളിൽ ദീപക് ചാഹർ നടത്തിയ ഒറ്റയാൾ പോരാട്ടം ആവേശകരമാക്കിയ മത്സരത്തിൽ നാലു റൺസിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 49.5 ഓവറിൽ 287 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 49.2 ഓവറിൽ 283 റൺസിനും എല്ലാവരും പുറത്തായി. ദക്ഷിണാഫ്രിക്കയുടെ വിജയം 4 റൺസിന്. തകർപ്പൻ സെഞ്ചുറിയുമായി ദക്ഷിണാഫ്രിക്കയുെട ടോപ് സ്കോററായ ക്വിന്റൻ ഡികോക്കാണ് കളിയിലെ കേമൻ. പരമ്പരയുടെ താരവും ‍ഡികോക്ക് തന്നെ.

ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ വിജയ മാർജിനാണ് ഇത്. 2015ൽ കാൺപുരിൽ അഞ്ച് റൺസിന് ജയിച്ചതായിരുന്നു ഇതിനു മുൻപ് ചെറിയ വിജയ മാർജിൻ. ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. പാക്കിസ്ഥാനു ശേഷം 20 ഏകദിന പരമ്പരകളിൽ സമ്പൂർണ വിജയം നേടുന്ന ആദ്യ ടീമായി ദക്ഷിണാഫ്രിക്ക മാറി. മൂന്നോ അതിലധികമോ മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങുന്നത് ഇത് അഞ്ചാം തവണ മാത്രമാണ്. ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ആദ്യത്തെ മൂന്ന് ഏകദിനങ്ങളും തോൽക്കുന്ന ആദ്യ താരമായി കെ.എൽ. രാഹുലും നാണക്കേടിന്റെ പട്ടികയിൽ ഇടംപിടിച്ചു.

ഒന്നുമില്ലായ്‌മയിൽനിന്ന് ഇന്ത്യയെ വിജയത്തിന്റെ വക്കിലെത്തിച്ച ദീപക് ചാഹറിന്റെ സ്പെഷൽ ഇന്നിങ്സാണ് മത്സരത്തെ ആവേശകരമാക്കി മാറ്റിയത്. ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിച്ച ഘട്ടത്തിൽ ക്രീസിലെത്തിയ ചാഹർ തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയതാണ്. കരിയറിലെ രണ്ടാം അർധസെഞ്ചുറി കുറിച്ച ചാഹർ ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന് കരുതിയെങ്കിലും ലുങ്കി എൻഗിഡി ചതിച്ചു. താരം എറിഞ്ഞ 48–ാം ഓവറിലെ ആദ്യ പന്തിൽ ആവേശം വിനയായതോടെ ചാഹർ 54 റൺസുമായി പുറത്തായി. 34 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതമാണ് ചാഹർ 54 റൺസെടുത്തത്. പിന്നാലെ ജസ്പ്രീത് ബുമ്ര (15 പന്തിൽ 12), യുസ്‌വേന്ദ്ര ചെഹൽ (ആറു പന്തിൽ 2) എന്നിവരെ പുറത്താക്കി ദക്ഷിണാഫ്രിക്ക വിജയം പിടിച്ചു.

ദീപക് ചാഹറിനു പുറമേ മുൻനിരയിൽ അർധസെഞ്ചുറികളുമായി തിളങ്ങിയ വിരാട് കോലി (65), ഓപ്പണർ ശിഖർ ധവാൻ (61) എന്നിവരുടെ പ്രകടനവും ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി. ഒരിക്കൽക്കൂടി ഉത്തരവാദിത്തോടെ കളിച്ച ഇരുവരും രണ്ടാം വിക്കറ്റിൽ 98 റൺസ് കൂട്ടുകെട്ടും തീർത്തു. 73 പന്തുകൾ നേരിട്ട ധവാൻ അഞ്ച് ഫോറും ഒരു സിക്സും സഹിതമാണ് 61 റൺസെടുത്തത്. ക്ഷമയോടെ ക്രീസിൽ നിന്ന കോലി 84 പന്തിൽ അഞ്ച് ഫോറുകളോടെ 65 റൺസെടുത്തു.

ഇരുവരും പുറത്തായശേഷം മധ്യനിരയിൽ ശ്രേയസ് അയ്യരും സൂര്യകുമാർ യാദവും പ്രതീക്ഷ നൽകിയെങ്കിലും അനാവശ്യ ഷോട്ടിനു ശ്രമിച്ച് ഇരുവരും വിക്കറ്റ് കളഞ്ഞു. അയ്യർ 34 പന്തിൽ രണ്ടു ഫോറുകൾ സഹിതം 26 റൺസെടുത്തു. ആക്രമിച്ചു കളിച്ച സൂര്യകുമാർ യാദവ് 32 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 39 റൺസെടുത്തു. പരമ്പരയിൽ സൂര്യകുമാറിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

അതേസമയം, ക്യാപ്റ്റൻ കെ.എൽ. രാഹുൽ (9) ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയുടെ ടോപ് സ്കോററായ പന്ത് ഇത്തവണ ഗോൾഡൻ ഡക്കായി. നേരിട്ട ആദ്യ പന്തിൽ പെഹ്‌ലൂക്‌വായോയാണ് പന്തിനെ പുറത്താക്കിയത്. ആദ്യ പന്തിൽത്തന്നെ ബൗണ്ടറിക്ക് ശ്രമിച്ച പന്തിനെ സിസാന്ദ മഗാല പിടികൂടി. പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച ജയന്ത് യാദവും നിരാശപ്പെടുത്തി. സമ്പാദ്യം ആറു പന്തിൽ രണ്ടു റൺസ്. പ്രസിദ്ധ് കൃഷ്ണ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡി 10 ഓവറിൽ 56 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.ആൻഡിൽ പെഹ്‌ലൂക്‌വായോ ഏഴ് ഓവറിൽ 40 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റെടുത്തു. ഡ്വെയിൻ പ്രിട്ടോറിയസ് 9.2 ഓവറിൽ 53 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി. സിസാന്ദ മഗാല, കേശവ് മഹാരാജ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

∙ ഒടുവിൽ ‘എറിഞ്ഞുവീഴ്ത്തി’, പക്ഷേ...

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 49.5 ഓവറിൽ 287 റൺസിന് പുറത്താക്കി. ഈ പരമ്പരയിൽ ആദ്യമായാണ് ഇന്ത്യ ആതിഥേയരെ ഓൾഔട്ടാക്കുന്നത്. പരമ്പരയിലെ മിന്നുന്ന ഫോം ഇത്തവണ സെഞ്ചുറിയാക്കി രൂപാന്തരപ്പെടുത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൻ ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 130 പന്തുകൾ നേരിട്ട ഡികോക്ക് 124 റണ്‍സെടുത്തു. 12 ഫോറും രണ്ടു സിക്സും സഹിതമാണ് ഡികോക്ക് 17–ാം ഏകദിന സെഞ്ചുറി കുറിച്ചത്. ഇന്ത്യയ്‌ക്കെതിരെ താരത്തിന്റെ ആറാം സെഞ്ചുറിയുമാണിത്.

ഇതുൾപ്പെടെ ഒരുപിടി റെക്കോർഡുകളും ഡികോക്ക് സ്വന്തമാക്കി. ഏകദിനത്തിൽ ഒരേ ടീമിനെതിരെ വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരമായി ഡികോക്ക് മാറി. മുന്നിലുള്ളത് വെസ്റ്റിൻഡീസിനെതിരെ 14 ഇന്നിങ്സുകളിൽനിന്ന് 1000 കടന്ന ഹാഷിം അംല, ഇംഗ്ലണ്ടിനെതിരെ 15 ഇന്നിങ്സുകളിൽനിന്ന് 1000 കടന്ന വിവിയൻ റിച്ചാർഡ്സൻ എന്നിവർ മാത്രം. ഇന്ത്യയ്‌ക്കെതിരെ തന്നെ 16 ഇന്നിങ്സുകളിൽനിന്ന് 1000 കടന്ന ഓസീസ് താരം സ്റ്റീവ് സ്മിത്തിനൊപ്പമാണ് ഡികോക്ക്.

ഡികോക്കിനു പുറമേ പരമ്പരയിലെ മിന്നുന്ന ഫോം തുടർന്ന റാസ്സി വാൻഡർ ദസ്സനും ദക്ഷിണാഫ്രിക്കൻ സ്കോർ ബോർഡിലേക്ക് ശ്രദ്ധേയമായ സംഭാവന ഉറപ്പാക്കി. വാൻഡർ ദസ്സൻ അർധസെഞ്ചുറി നേടി. 59 പന്തുകൾ നേരിട്ട ദസ്സൻ നാലു ഫോറും ഒരു സിക്സും സഹിതം 52 റൺസെടുത്തു. നാലാം വിക്കറ്റിൽ ഡികോക്ക് – ദസ്സൻ സഖ്യം പടുത്തുയർത്തിയ 144 റൺസ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ നട്ടെല്ല്. ഈ പരമ്പരയിൽ ഇതാദ്യമായാണ് ദസ്സൻ പുറത്താകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഒന്നാം ഏകദിനത്തിൽ പുറത്താകാതെ 129, രണ്ടാം ഏകദിനത്തിൽ പുറത്താകാതെ 37 എന്നിങ്ങനെയായിരുന്നു ദസ്സന്റെ സ്കോറുകൾ.

അവസാന ഓവറുകളിൽ മികച്ച ബാറ്റിങ് കെട്ടഴിച്ച ഡേവിഡ് മില്ലർ (39), ഡ്വെയിൻ പ്രിട്ടോറിയസ് (25 പന്തിൽ 20) എന്നിവരാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 287ൽ എത്തിച്ചത്. അതേസമയം, ഓപ്പണർ ജന്നേമൻ മലാൻ (ആറു പന്തിൽ ഒന്ന്), ക്യാപ്റ്റൻ തെംബ ബാവുമ (12 പന്തിൽ എട്ട്), ആൻഡിൽ പെഹ്‌ലൂക്‌വായോ (11 പന്തിൽ നാല്), കേശവ് മഹാരാജ് (അഞ്ച് പന്തിൽ ആറ്), സിസാന്ദ മഗാല (0) എന്നിവർ നിരാശപ്പെടുത്തി.

ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നു വിക്കറ്റ് വീഴ്ത്തി. 9.5 ഓവറിൽ 59 റൺസ് വഴങ്ങിയാണ് പ്രസിദ്ധ് മൂന്നു വിക്കറ്റ് പിഴുതത്. ജസ്പ്രീത് ബുമ്ര 10 ഓവറിൽ 52 റൺസ് വഴങ്ങിയും ദീപക് ചാഹർ എട്ട് ഓവറിൽ 53 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒൻപത് ഓവറിൽ 47 റൺസ് വഴങ്ങിയ യുസ്‌വേന്ദ്ര ചെഹലും ഒരു വിക്കറ്റ് വീഴ്ത്തി.

∙ സ്വന്തം നാട്ടിൽ വാൻഡർ ദസ്സന്റെ ഏറ്റവും ഒടുവിലെ 5 ഏകദിന ഇന്നിങ്സുകൾ

123*(134)
60(37)
129*(96)
37*(38)
52(59)

∙ ഇന്ത്യയ്ക്കെതിരെ കൂടുതൽ ഏകദിന സെഞ്ചുറികൾ

7 സനത് ജയസൂര്യ (85 ഇന്നിങ്സുകൾ)
6 ക്വിന്റൻ ഡികോക്ക് (16 ഇന്നിങ്സുകൾ) *
6 എ.ബി. ഡിവില്ലിയേഴ്സ് (32 ഇന്നിങ്സുകൾ)
6 റിക്കി പോണ്ടിങ് (59 ഇന്നിങ്സുകൾ)
6 കുമാർ സംഗക്കാര (71 ഇന്നിങ്സുകൾ)

∙ ഒരേ എതിരാളികൾക്കെതിരെ വേഗത്തിൽ 6 സെഞ്ചുറി കുറിച്ചവർ

16 ക്വിന്റൻ ഡികോക്ക്, ഇന്ത്യയ്‌ക്കെതിരെ
23 വീരേന്ദർ സേവാഗ്, ന്യൂസീലൻഡിനെതിരെ
23 ആരോൺ ഫിഞ്ച്, ഇംഗ്ലണ്ടിനെതിരെ
26 സയീദ് അൻവർ, ശ്രീലങ്കയ്‌ക്കെതിരെ

∙ കൂടുതൽ ഏകദിന സെഞ്ചുറികൾ നേടിയ സ്ഥിരം വിക്കറ്റ് കീപ്പർമാർ

23 കുമാർ സംഗക്കാര
17 ക്വിന്റൻ ഡികോക്ക്
16 ആദം ഗിൽക്രിസ്റ്റ്
10 എ.ബി. ഡിവില്ലിയേഴ്സ്/ ഷായ് ഹോപ്പ്/ മഹേന്ദ്രസിങ് ധോണി

∙ ഇന്ത്യയ്ക്ക് ടോസ്, ഫീൽഡിങ്

നേരത്തെ, ‘വൈറ്റ് വാഷ്’ ഒഴിവാക്കുകയെന്ന ലക്ഷ്യവുമായി മൂന്നാം ഏകദിനത്തിന് ഇറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ് പരമ്പര അടിയറവു വച്ച ഇന്ത്യ, നാലു മാറ്റങ്ങളുമായാണ് ഇന്ന് ഇറങ്ങിയത്. വെങ്കടേഷ് അയ്യർ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, ഷാർദുൽ ഠാക്കൂർ എന്നിവർക്കു പകരം സൂര്യകുമാർ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹർ എന്നിവർ ടീമിലെത്തി. ദക്ഷിണാഫ്രിക്കൻ നിരയിൽ ഒരു മാറ്റമുണ്ട്. ടബേരാസ് ഷംസിക്കു പകരം ഡ്വെയിൻ പ്രിട്ടോറിയസ് ടീമിലെത്തി.

English Summary: South Africa vs India, 3rd ODI - Live Cricket Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS