ADVERTISEMENT

കേപ്ടൗൺ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ സമ്പൂർണ പരാജയം (3–0) ഇന്ത്യയുടെ കണ്ണു തുറപ്പിക്കാൻ പോന്നതെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. ഏകദിന മത്സരങ്ങളിലെ താരങ്ങളുടെ പരിചയക്കുറവ്, ചില പ്രമുഖ താരങ്ങളുടെ പരുക്ക്, മധ്യ ഓവറുകളിൽ വരുത്തിയ അടിസ്ഥാനപരമായ പിഴവുകൾ എന്നിവയാണ് ഇന്ത്യയുടെ പരാജയത്തിലേക്കു വഴിതെളിച്ചതെന്നു പറഞ്ഞ ദ്രാവിഡ്, 2023 ലോകകപ്പിനു മുൻപ് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുമെന്ന് ഉറപ്പും നൽകി.

‘ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര ഞങ്ങളുടെ കണ്ണു തുറപ്പിച്ചു. പരിശീലക സ്ഥാനം ഏറ്റതിനു ശേഷമുള്ള ആദ്യ ഏകദിന പരമ്പരയായിരുന്നു ഇത്. മാത്രമല്ല, കഴിഞ്ഞ ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യ അധികം ഏകദിന മത്സരങ്ങൾ കളിച്ചിട്ടുമില്ല. കഴിഞ്ഞ വർഷം മാർച്ചിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ ഇതിനു മുൻപ് ഏകദിനം കളിച്ചതെന്നാണ് എന്റെ ഓർമ’.

‘അടുത്ത ഏകദിന ലോകകപ്പിനു മുൻപു ടീം കെട്ടിപ്പടുക്കാൻ അത്യാവശ്യം സമയമുള്ളതു നമ്മുടെ ഭാഗ്യമെന്നു കരുതാം. ഏകദിന മത്സരങ്ങളുടെ നാളുകളാണ് ഇനി വരാനിരിക്കുന്നത്. മെച്ചപ്പെടാനുള്ള ഏറ്റവും മികച്ച അവസരമായാണ് ഇതിനെ കാണുന്നത്. ഞങ്ങൾ മെച്ചപ്പെടുമെന്ന കാര്യത്തിൽ സംശയമേ വേണ്ട’.

‘മധ്യ ഓവറുകളിലെ ബാറ്റിങ് ഞങ്ങൾ തീർച്ഛയായും മെച്ചപ്പെടുത്തും. സത്യം പറഞ്ഞാൽ, ടീമിനെ ബാറ്റു കൊണ്ടു സഹായിച്ച ചില ഓൾറൗണ്ടർമാർ ഇക്കുറി ടീം സിലക്‌ഷനു ലഭ്യമായിരുന്നില്ല. ബാറ്റിങ് നിരയുടെ ആഴത്തെ ഇതു ബാധിച്ചു. ഇവർ മടങ്ങിയെത്തുമ്പോൾ ബാറ്റിങ് നിര കൂടുതൽ കരുത്തുറ്റതാകും’.

‘പക്ഷേ, ഇതൊക്കെ പറയുമ്പോഴും, ആദ്യം ബാറ്റു ചെയ്ത 2 മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക 290 റൺസിനടുത്തേ നേടിയിരുന്നുള്ളു എന്നം ഓർക്കണം. ഈ 2 കളികളിലെയും 30–ാം ഓവറിലെ പ്രകടനംവച്ചു നോക്കുമ്പോൾ നമ്മളായിരുന്നു ജയിക്കേണ്ടത്. പക്ഷേ മോശം ഷോട്ടുകളിലൂടെ വിക്കറ്റുകൾ നഷ്ടമാക്കിയതോടെ നമ്മൾ തോൽവിയും ഏറ്റുവാങ്ങി. സമ്മർദത്തെ അതിജീവിക്കാൻ ടീമിനു സാധിച്ചില്ല’.

‘ക്യാപ്റ്റൻ എന്ന നിലയില്‍ കെ.എൽ. രാഹുലിന്റെ പ്രകടനവും മികച്ചതായിരുന്നു. വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു രാഹുലിന്റേത്. പക്ഷേ, മത്സരഫലം അനുകൂലമല്ലാത്ത സാഹചര്യത്തിൽ രാഹുൽ ഇനിയും പഠിക്കേണ്ടതുണ്ട്’.

‘ക്യാപ്റ്റൻ എന്ന നിലയിലുള്ള രാഹുലിന്റെ റോൾ ആരംഭിച്ചിട്ടേയുള്ളു. ടീമിലെ വിഭവങ്ങളെ ഏറ്റവും അനുയോജ്യമായ രീതിയിൽ ഉപയോഗിക്കുക എന്നതാണു ക്യാപ്റ്റന്റെ കടമ. കാര്യങ്ങൾ വളരെ വേഗം മനസ്സിലാക്കി പഠിച്ചെടുക്കുന്ന ആളാണു കെ.എൽ. രാഹുൽ’– മത്സരശേഷം ദ്രാവിഡ് പറഞ്ഞു.

English Summary: Eye-opener for us" - Rahul Dravid reacts to visitors' 3-0 whitewash in India vs South Africa ODIs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com