ADVERTISEMENT

പുകവലിവിരുദ്ധ പരസ്യചിത്രത്തിൽ മുൻപു രാഹുൽ ദ്രാവിഡ് പറഞ്ഞതു തന്നെയായിരിക്കും ഇപ്പോൾ ഇന്ത്യൻ പരിശീലകനായ ദ്രാവിഡിനോടു ടീമിലെ യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് മനസ്സിൽ പറയുക: ‘നന്നായി കളിച്ചിട്ടും ഇങ്ങനെ പുറത്തിരുത്തുന്നത് എന്തൊരു കഷ്ടമാണ്.’

കഴിഞ്ഞ ഐപിഎൽ സീസണിലും തുടർന്നു വിജയ് ഹസാരെ ഏകദിന ടൂർണമെന്റിലും ടോപ് സ്കോററായി കരുത്തുകാട്ടിയിട്ടും ഋതുരാജിന്റെ രാജ്യാന്തര ഏകദിന അരങ്ങേറ്റ മോഹം ദക്ഷിണാഫ്രിക്കയിൽ യാഥാർഥ്യമായില്ല. ആദ്യ 2 മത്സരങ്ങളിലും താരത്തെ പുറത്തിരുത്തിയ ടീം മാനേജ്മെന്റ് അപ്രധാനമായ അവസാന ഏകദിനത്തിലും അദ്ദേഹത്തെ പരിഗണിച്ചില്ല. മറ്റു 4 പേർക്ക് അവസരം നൽകുകയും ചെയ്തു.

കഴിഞ്ഞ ഐപിഎലിലെ ടോപ് സ്കോററായ ഋതുരാജിനു ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം ലഭിച്ചില്ല. പിന്നാലെ നടന്ന ഇന്ത്യ–ന്യൂസീലൻഡ് ട്വന്റി20 പരമ്പരയിൽ ടീമിലുൾപ്പെടുത്തിയെങ്കിലും റിസർവ് ബെഞ്ചിലിരുത്തി. കഴിഞ്ഞ ഡ‍ിസംബറിൽ നടന്ന വിജയ് ഹസാരെ ടൂർണമെന്റിലാണു മഹാരാഷ്ട്ര താരം കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. കളിച്ച 5 മത്സരങ്ങളിൽ നാലിലും സെഞ്ചുറി. ഇതിന്റെ ബലത്തിലാണു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ടീമിൽ‌ ഇടം നേടിയത്.

രോഹിത് ശർമയ്ക്കു പരുക്കേറ്റതോടെ ഓപ്പണിങ്ങിൽ പുതിയ താരത്തെ പരീക്ഷിക്കാനുള്ള അവസരമായിരുന്നു ഇന്ത്യയ്ക്ക് ഈ പരമ്പര. എന്നാൽ, ബാറ്റിങ്ങിൽ 5–ാം സ്ഥാനക്കാരനായ കെ.എൽ.രാഹുൽ‌ 3 മത്സരങ്ങളിലും ഓപ്പണറായെത്തിയതു ഗെയ്ക്‌വാദിന്റെ മോഹങ്ങൾക്കു തിരിച്ചടിയായി.

∙ ഗെയ്ക്‌വാദ് @ വിജയ് ഹസാരെ 2021

മത്സരം 5

റൺസ് 603

ശരാശരി 150.75

സെഞ്ചുറി: 4

∙ ഗെയ്ക്‌വാദ് @ ഐപിഎൽ 2021

മത്സരം– 16

റൺസ്– 635

ശരാശരി 45.36

സെഞ്ചുറി–1

English Summary: Ruturaj Gaikwad coninues to be omitted from Indian team despite of blistering domestic form

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com