ADVERTISEMENT

ന്യൂഡൽഹി ∙ ഒത്തുകളിക്കാർ സമീപിച്ച വിവരം അറിയിക്കാൻ വൈകിയതിന്റെ പേരിൽ സിംബാബ്‍വെ താരം ബ്രണ്ടൻ ടെയ്‍ലറിന് വിലക്ക് ഏർപ്പെടുത്താൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഒരുങ്ങുമ്പോൾ, സുപ്രധാനമായൊരു പ്രശ്നം ഉയർത്തിക്കാട്ടി ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ രംഗത്ത്. ഭാര്യയും നാലു കുട്ടികളുമുള്ള ടെയ്‌ലർ, എന്തു ധൈര്യത്തിലാണ് ഒത്തുകളിക്കാർ സമീപിച്ച വിവരം ഐസിസിയെ അറിയിക്കുകയെന്ന് ഗംഭീർ ചോദിച്ചു. ഒത്തുകളിക്കാർ വലിയൊരു മാഫിയയാണെന്നിരിക്കെ, അവരെക്കുറിച്ച് അറിയിക്കുന്നവർക്ക് എന്തു സുരക്ഷയാണുള്ളതെന്നും ഗംഭീർ ചോദിച്ചു. ‘ടൈംസ് ഓഫ് ഇന്ത്യ’യിൽ എഴുതിയ കോളത്തിലാണ് ഗംഭീർ ഗൗരവമേറിയ ഈ വിഷയം ഉന്നയിച്ചത്.

2019ൽ ഒരു ഇന്ത്യൻ ബിസിനസുകാരൻ വാതുവയ്പ് ആവശ്യവുമായി തന്നെ സമീപിച്ചെന്ന് സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കൂടിയായ ബ്രണ്ടൻ ടെയ്‌ലർ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) അറിയിക്കാൻ വൈകിയതിന്റെ പേരിൽ താൻ വിലക്കു നേരിടാനൊരുങ്ങുകയാണെന്നും ടെയ്‌ലർ പറഞ്ഞു. സമൂഹമാധ്യത്തിലൂടെ ഇന്ത്യൻ ബിസിനസുകാരന്റെ പേരു വെളിപ്പെടുത്താതെയാണ് ടെയ്‌ലറുടെ കുറ്റസമ്മതം.

‘2019 ഒക്ടോബറിൽ ഒരു പരസ്യക്കരാർ സംസാരിക്കുന്നതിനും സിംബാബ്‌വെയിൽ ഒരു ട്വന്റി20 ലീഗ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും വേണ്ടിയാണ് ഞാൻ അയാളെ കണ്ടത്. മീറ്റിങ്ങിനിടെ എനിക്ക് 15,000 യുഎസ് ഡോളർ നൽ‌കി. ലഹരി മരുന്നായ കൊക്കെയ്നും നൽകി. ഞാൻ അതു രുചിച്ചു നോക്കി. പിറ്റേന്ന് ആ ചിത്രം വച്ച് അവരെന്ന ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു.  ആ സമയത്ത് സിംബാബ്‌െവ ക്രിക്കറ്റ് ബോർഡ് കളിക്കാർക്ക് 6 മാസത്തെ പ്രതിഫലം നൽകിയിരുന്നില്ല. എല്ലാം കൂടിയായപ്പോൾ എനിക്ക് അവരോടു സമ്മതം മൂളേണ്ടി വന്നു’– ടെയ്‌ലർ വിശദീകരിച്ചു. സിംബാബ്‌വെയ്ക്കു വേണ്ടി 205 ഏകദിനങ്ങളും 34 ടെസ്റ്റുകളും 45 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ടെയ്‌ലർ. സിംബാബ്‌വെയിൽ തിരിച്ചെത്തിയ ശേഷം  മാനസികാരോഗ്യ ചികിത്സയ്ക്കു വിധേയനാവേണ്ടി വന്നുവെന്നും ‌4 മാസങ്ങൾക്കു ശേഷമാണ് ഐസിസിയെ അറിയിച്ചതെന്നും ടെയ്‌ലർ പറഞ്ഞു.

ഈ സാഹചര്യത്തിലാണ്, ഒത്തുകളിക്കാരേക്കുറിച്ച് വിവരം നൽകുന്നവർക്ക് എന്തു സുരക്ഷയാണ് ഉള്ളതെന്ന് ഗംഭീർ ചോദ്യമുന്നയിച്ചത്.

‘കടുത്ത നിരാശയിലും ദേഷ്യത്തിലും ഞാൻ ടെയ്‌ലറിന്റെ പ്രസ്താവന മുഴുവൻ വായിക്കുകയായിരുന്നു. ആദ്യം വായിച്ചപ്പോൾ എനിക്ക് യാതൊരു ദേഷ്യവും തോന്നിയില്ല. വീണ്ടും വായിച്ചപ്പോഴും ഒന്നും തോന്നിയില്ല. പക്ഷേ, മൂന്നാം തവണയും അതു വായിച്ചപ്പോൾ തീർത്തും വ്യത്യസ്തമായ അനുഭവമാണ് എനിക്കുണ്ടായത്. ഞാൻ ടെയ്‌ലറിനെ പിന്തുണയ്ക്കുകയാണെന്ന് ദയവു ചെയ്ത് കരുതരുത്’ – ഗംഭീർ കുറിച്ചു.

‘നാലു കുട്ടികളുടെ പിതാവായ, തന്റെ കുടുംബാംഗങ്ങളുടെ സുരക്ഷയെക്കുറിച്ച് ആകുലനായ ടെയ്‍ലറിനെ, ഒത്തുകളിക്കാർ സമീപിച്ച വിവരം ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിക്കുന്നതിൽ വീഴ്ച വരുത്തുന്നതിലേക്കു നയിച്ച കാരണങ്ങളേക്കുറിച്ചാണ് ഞാൻ പറയുന്നത്. ആത്യന്തികമായി ടെയ്‍ലർ ഒരു കായിക താരം മാത്രമാണ്. അല്ലാതെ കുപ്രസിദ്ധനായ ക്രിമിനലൊന്നുമല്ല. ഇതു പറയാൻ കാരണമുണ്ട്. ആയുധധാരികളായ ആറ് അക്രമികൾ ഹോട്ടൽ റൂമിൽ അതിക്രമിച്ചു കയറി അദ്ദേഹം നിരോധിത വസ്തു ഉപയോഗിക്കുന്ന വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ, അദ്ദേഹം നിസഹായനാണ്. ക്രിമിനലല്ലാത്തതിനാൽ അദ്ദേഹത്തെ സഹായിക്കാൻ യാതൊരു സംവിധാനങ്ങളുമില്ല’ – ഗംഭീർ ചൂണ്ടിക്കാട്ടി.

‘ഈ ഒത്തുകളിക്കാർ ഒറ്റപ്പെട്ടു നിൽക്കുന്നവരാണെന്ന് ഒരു തരത്തിലും കരുതാനാകില്ല. മിക്കപ്പോഴും അവർ വലിയൊരു സംഘത്തിൽ അംഗങ്ങളായിരിക്കും. ഒത്തുകളിക്കാർ സമീപിച്ച വിവരം വെളിപ്പെടുത്തിയതിന് ടെയ്‍ലറിനെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ അക്രമികൾ ലക്ഷ്യം വച്ചാൽ എന്തു ചെയ്യും? ഒത്തുകളിക്കാർ സമീപിച്ച വിവരം വെളിപ്പെടുത്തിയാൽ കളിക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എന്തു സുരക്ഷയാണുള്ളത്? പ്രാദേശിക തലത്തിൽ അവരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട സംവിധാനങ്ങൾ എന്തെങ്കിലുമുണ്ടോ?’ – ഗംഭീർ ചോദിച്ചു.

‘ടെയ്‌ലർ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും ഒത്തുകളിക്കാൻ സമീപിച്ചവരുടെ സമ്മർദ്ദത്തിനു വഴങ്ങിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഏറ്റുപറച്ചിലിൽനിന്ന് വ്യക്തമാണ്. ഇത് സത്യമാണെങ്കിൽ അധികാരികൾ അദ്ദേഹത്തോടു കുറച്ചുകൂടി കനിവു കാട്ടണം. അദ്ദേഹം കുറ്റം ചെയ്തെങ്കിൽ തീർച്ചയായും നിയമം അതിന്റെ വഴിക്കു പോകട്ടെ’ – ഗംഭീർ കുറിച്ചു.

English Summary: Give fixing whistleblowers more security: Gautam Gambhir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com