പെട്ടെന്നു സംഭവിച്ച ദുരന്തമല്ല, കുറച്ചായി തോൽവി തന്നെ; ടീം ഇന്ത്യയ്ക്ക് എന്തുപറ്റി?

CRICKET-ODI-RSA-IND
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ 3–ാം ഏകദിനത്തിൽ ഔട്ടായി മടങ്ങുന്ന ദീപക് ചാഹർ.
SHARE

2021ൽ ഓസ്ട്രേലിയയെയും ഇംഗ്ലണ്ടിനെയും അവരുടെ മണ്ണിൽ കീഴടക്കിയ ടീം ഇന്ത്യ 3 ആഴ്ചയ്ക്കിടെ ഈ വിധം തകർന്നു പോയതെങ്ങനെ? പെട്ടെന്നു സംഭവിച്ച ദുരന്തമല്ല ഇത്...

കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഫേവറിറ്റുകളിൽ ഒന്നായിരുന്ന ഇന്ത്യ സെമിയിൽ അടിതെറ്റിയപ്പോഴും ആരാധകർ ഇത്രമേൽ തകർന്നു പോയിരുന്നില്ല. ന്യൂസീലൻഡിനെതിരെ വെറും കാൽമണിക്കൂറിൽ പറ്റിയ അബദ്ധങ്ങളും പിഴവുകളുമാണ് എല്ലാം തുലച്ചതെന്നും അവർ ആശ്വസിച്ചു. രണ്ടര വർഷം പിന്നിടുമ്പോൾ ഇതേ ആരാധകർ അന്തംവിട്ടു നിൽക്കുകയാണ്. ലോകം ജയിക്കാനിരുന്നവർ തോൽവിയിൽനിന്നു തോൽവിയിലേക്കു കൂപ്പുകുത്തുന്നു.

2022 പിറന്നതിനു ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 5 രാജ്യാന്തര മത്സരങ്ങളിൽ - 2 ടെസ്റ്റും 3 ഏകദിനങ്ങളും - നാണംകെട്ട തോൽവി ഏറ്റുവാങ്ങി. 2021ൽ ഓസ്ട്രേലിയയെയും ഇംഗ്ലണ്ടിനെയുമൊക്കെ അവരുടെ മണ്ണിൽച്ചെന്നു കീഴടക്കിയ ടീം 3 ആഴ്ചകൾക്കിടെ ഇങ്ങനെ തകർന്നു പോയതെങ്ങനെ?

∙ വടംവലിയോ പ്രശ്നം?

മുൻ നായകൻ വിരാട് കോലിയും ഇന്ത്യൻ ക്രിക്കറ്റ് ബോർഡും തമ്മിലുള്ള വടംവലിയും പിന്നാലെ കോലിയുടെ രാജിയുമൊക്കെയാണു പരാജയ കാരണമെന്നു കരുതുന്നവരുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കു തൊട്ടുപിന്നാലെ കോലി ക്യാപ്റ്റൻ സ്ഥാനം രാജിവച്ചതിനെത്തുടർന്നു ടീമിലുണ്ടായ അസ്വാരസ്യമാണ് ഏകദിന പരമ്പരയിൽ 3 കളികളിലെയും തോൽവിക്കു കാരണമെന്നു വാദിക്കാം. കോലിയെന്ന ആക്രമണോത്സുക നായകന്റെ അസാന്നിധ്യം ഏകദിനങ്ങളിൽ പ്രകടമായിരുന്നു. പകരം ടീമിനെ നയിച്ച കെ.എൽ.രാഹുലിന്റെ ശരീരഭാഷയാകട്ടെ, ഒരു പുൽക്കൊടിയെപ്പോലും പ്രചോദിപ്പിച്ചതുമില്ല.

∙ വിഷയം പുതിയതല്ല

2019ലെ ലോകകപ്പിനു ശേഷം ഇന്ത്യ കളിച്ച 24 ഏകദിനങ്ങളിലെ ഫലം മറ്റൊരു സൂചനയാണു നൽകുന്നത്. 12 തോൽവിയും 11 ജയവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത് (ഒരു കളി ഉപേക്ഷിച്ചു). 2020 മുതലുള്ള മത്സരഫലങ്ങൾ കൂടുതൽ വ്യക്തമായ സൂചന നൽകുന്നു. 18 കളികളിൽ 11ലും പരാജയം.

ടെസ്റ്റ് മത്സരങ്ങളിൽ ഉജ്വല വിജയങ്ങൾ കാഴ്ചവയ്ക്കുന്നതിനു സമാന്തരമായി ഏകദിന മത്സരങ്ങളിൽ ഇന്ത്യയുടേതു നിറംകെട്ട പ്രകടനമായി. അതാരും ശ്രദ്ധിച്ചിരുന്നില്ല. ആ പോരായ്മ ഒടുവിൽ ദക്ഷിണാഫ്രിക്കയിലെ നാണക്കേടിൽ കലാശിച്ചപ്പോഴാണ് ആരാധകർക്കും വിദഗ്ധർക്കുമൊക്കെ നേരം വെളുത്തതെന്നു മാത്രം.

∙ ഇനിയെന്ത്?

മധ്യനിരയിലെ ആശയക്കുഴപ്പത്തിനു പരിഹാരം കാണുകയെന്നതാകും അടുത്ത മാസം വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന പരമ്പരയിൽ കോച്ച് രാഹുൽ ദ്രാവിഡ് നേരിടുന്ന പ്രധാന വെല്ലുവിളി. ടെസ്റ്റ് മത്സരങ്ങളിൽ മിന്നിത്തിളങ്ങുന്ന ഇന്ത്യൻ പേസർമാർ ഏകദിനങ്ങളിൽ ആ നിലവാരത്തിന് അടുത്തെങ്ങുമെത്താത്തതും വിസ്മയകരമാണ്.

മധ്യ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്താൻ കഴിവുള്ള സ്പിന്നർമാർ ഇപ്പോൾ ഇന്ത്യൻ നിരയിലില്ലാത്തതും ദ്രാവിഡിനെ ചിന്താധീനനാക്കും. ശാർദൂൽ ഠാക്കൂറും ദീപക് ചാഹറും പുറത്തെടുത്ത ഓൾറൗണ്ട് മികവു മാത്രമാകും ഒരുപക്ഷേ, ദ്രാവിഡ് ഓർക്കാൻ ഇഷ്ടപ്പെടുന്ന കാര്യം.

English Summary: What is happening to team India?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS