ADVERTISEMENT

മസ്കത്ത് ∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിൽ ഒരു പന്തുപോലും എറിയുന്നത് കണ്ടില്ലെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ തോൽവിയെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോഴാണ് കളികളൊന്നും കണ്ടില്ലെന്ന് ശാസ്ത്രി പ്രതികരിച്ചത്. നിലവിൽ ഒമാനിൽ നടക്കുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ് ശാസ്ത്രി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയെങ്കിലും അതുകൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. ഈ തോൽവി ഒരു താൽക്കാലിക പ്രതിഭാസമാണെന്നും ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഒരു പരമ്പര തോറ്റു കഴിയുമ്പോൾത്തന്നെ ആരാധകർ വിമർശിക്കാൻ തുടങ്ങും. ഒരു ടീമിനും എല്ലാ കളികളും ജയിക്കാനാകില്ല. കളിയിൽ ജയവും തോൽവിയുമുണ്ടാകും’ – അടുത്ത കാലം വരെ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്ന ശാസ്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിൽ ഒരു പന്തുപോലും എറിയുന്നതു കണ്ടിട്ടില്ലെങ്കിലും, ഈ തോൽവിയോടെ ഇന്ത്യൻ ടീം തകർന്നടിഞ്ഞുവെന്ന് വിശ്വസിക്കുന്നില്ലെന്നും ശാസ്ത്രി വ്യക്തമാക്കി.

‘ഒരു ടീമിന്റെ നിലവാരം എങ്ങനെയാണ് ഒറ്റയടിക്ക് മോശമാകുക? കഴിഞ്ഞ അഞ്ച് വർഷത്തോളമായി ലോകത്തെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യ. ഇക്കാലമത്രയും 65 ശതമാനം വിജയനിരക്കുള്ള ഒരു ടീമെന്ന നിലയിൽ ഇത്ര ആശങ്കപ്പെടാൻ എന്തിരിക്കുന്നു? നമ്മുടെ എതിർ ടീമുകളാണ് സത്യത്തിൽ ആശങ്കപ്പെടേണ്ടത്’ – ശാസ്ത്രി പറഞ്ഞു.

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിയാനുള്ള വിരാട് കോലിയുടെ തീരുമാനം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമെന്ന നിലയിൽ ബഹുമാനിക്കപ്പെടേണ്ടതാണെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു.

‘അത് കോലിയുടെ തീരുമാനമാണ്. അതിനെ നാം ബഹുമാനിച്ചേ തീരൂ. എല്ലാറ്റിനും ഒരു സമയമുണ്ട്. ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു തോന്നിയപ്പോൾ നായകസ്ഥാനം ഉപേക്ഷിച്ച എത്രയോ താരങ്ങളുണ്ട്. സച്ചിൻ തെൻഡുൽക്കറും സുനിൽ ഗാവസ്കറും മഹേന്ദ്രസിങ് ധോണിയുമെല്ലാം അക്കൂട്ടത്തിലുണ്ട്. ഇപ്പോൾ അവർക്കൊപ്പം കോലിയും ചേർന്നിരിക്കുന്നു’ – ശാസ്ത്രി പറഞ്ഞു.

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞശേഷം കളത്തിൽ വിരാട് കോലിയുടെ ശരീരഭാഷയ്ക്ക് മാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ശാസ്ത്രിയുെട മറുപടി ഇങ്ങനെ: ‘ഞാൻ മുൻപു പറഞ്ഞതുപോലെ ഈ പരമ്പരയിൽ ഒരു പന്ത് എറിയുന്നതുപോലും ഞാൻ കണ്ടിട്ടില്ല. പക്ഷേ, വിരാട് കോലിയിൽ അത്തരത്തിൽ ഒരു മാറ്റമുണ്ടാകുമെന്ന് ഞാൻ കരുതുന്നുമില്ല.’

‘ഏഴു വർഷത്തോളം ടീമിനൊപ്പം തുടർന്ന ശേഷമാണ് ഞാൻ ഒരു ഇടവേള എടുത്തത്. അതുവരെ ടീമിനൊപ്പമുണ്ടായിരുന്നു. ഒരു കാര്യം പറയാം, വായിൽ തോന്നുന്നതെല്ലാം പൊതുജനമധ്യത്തിൽ വിളിച്ചുകൂവാൻ ഞാനില്ല. ടീമിനൊപ്പമുള്ള സേവനം അവസാനിപ്പിച്ചശേഷം ഞാൻ പൂർണമായും മാറിനിൽക്കുകയാണ്. എന്റെ കളിക്കാരേക്കുറിച്ച് പൊതുസമൂഹത്തിനു മുൻപാകെ ചർച്ച നടത്താൻ താൽപര്യമില്ല’ – ശാസ്ത്രി വ്യക്തമാക്കി.

English Summary: You can't win every game, it's a temporary phase for Team India: Ravi Shastri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com