ഇന്ത്യൻ ടീം അഴിച്ചുപണിഞ്ഞു; താരങ്ങള്‍ മാറി, ഇനി കളി മാറുമോ?

ravi-bishnoi
രവി ബിഷ്ണോയ്, ദീപക് ഹൂഡ, കുൽദീപ് യാദവ്
SHARE

മുംബൈ ∙ ഈ വർഷത്തെ ട്വന്റി20 ലോകകപ്പും അടുത്ത വർഷത്തെ ഏകദിന ലോകകപ്പും ലക്ഷ്യമിട്ടുള്ള പരീക്ഷണങ്ങൾക്കു തുടക്കമിട്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അഴിച്ചുപണികൾ. വെസ്റ്റിൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിലാണു മാറ്റങ്ങൾ. പരുക്കിൽനിന്നു മോചിതനായ രോഹിത് ശർമയാണ് ഇരുടീമുകളുടെയും ക്യാപ്റ്റൻ. രോഹിത്തിന്റെ അഭാവത്തിൽ ദക്ഷിണാഫ്രിക്കയിൽ ടീമിനെ നയിച്ച കെ.എൽ.രാഹുൽ 2 ഫോർമാറ്റിലും വൈസ് ക്യാപ്റ്റനാകും. 3 മത്സരങ്ങൾ വീതമാണ് ഏകദിന, ട്വന്റി20 പരമ്പരയിലുള്ളത്. ആദ്യ ഏകദിനം ഫെബ്രുവരി 6ന്. ആദ്യ ട്വന്റി20 16ന്.

സ്പിന്നർ ആർ.അശ്വിൻ ഇരുടീമുകളിലുമില്ല. ഇരുപത്തൊന്നുകാരൻ ലെഗ് സ്പിന്നർ രവി ബിഷ്ണോയിയാണ് ഇരുടീമുകളിലുമുള്ള പുതുമുഖം. ഇരുപത്താറുകാരൻ ദീപക് ഹൂഡ ആദ്യമായി ഏകദിന ടീമിലെത്തി. ഋഷഭ് പന്താണു വിക്കറ്റ് കീപ്പർ. കുൽദീപ് യാദവ് ഏകദിന ടീമിൽ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടീമിലുണ്ടായിരുന്ന വെങ്കടേഷ് അയ്യരെ ഏകദിനത്തിൽനിന്ന് ഒഴിവാക്കിയെങ്കിലും ട്വന്റി20 ടീമിലുണ്ട്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർക്കു വിശ്രമം അനുവദിച്ചു. പേസർമാരായ ആവേശ് ഖാനും ഇരു ടീമിലുമുണ്ട്. ഹർഷൽ പട്ടേൽ ട്വന്റി20 ടീമിൽ മാത്രം. ഋതുരാജ് ഗെയ്ക്‌വാദും ശിഖർ ധവാനും ട്വന്റി20 ടീമിലില്ല. ഭുവനേശ്വർ കുമാർ ഏകദിന ടീമിലില്ല. പരുക്കുമൂലം ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെയും പരിഗണിച്ചില്ല.

വീണ്ടും ‘കുൽച’

കഴിഞ്ഞ ജൂലൈയിൽ ശ്രീലങ്കയിൽ കളിച്ചതിനുശേഷം ഇതാദ്യമായാണ് ഇടംകൈ സ്പിന്നർ കുൽദീപ് ഇന്ത്യൻ ടീമിലെത്തുന്നത്. ഇതോടെ കുൽദീപ് –യുസ്‍‌വേന്ദ്ര ചെഹൽ ‘കുൽച’ കൈക്കുഴ സ്പിൻ സഖ്യം ഒരിക്കൽക്കൂടി ഏകദിനത്തിലും ട്വന്റി20യിലും ഇന്ത്യയ്ക്കായിറങ്ങും. 2017നും 19നും ഇടയിൽ കുൽച സഖ്യം ഒട്ടേറെ മത്സരങ്ങളിൽ ഇന്ത്യയ്ക്കു മേൽക്കൈ നേടിക്കൊടുത്തിരുന്നു. ദക്ഷിണാഫ്രിക്കയിൽ മധ്യ ഓവറുകളിൽ സ്പിന്നർമാരുടെ മോശം പ്രകടനം ഇന്ത്യയ്ക്കു തിരിച്ചടിയായിരുന്നു.

രവി ബിഷ്ണോയ്

2020ൽ അണ്ടർ 19 ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിൽ നിന്നു ആദ്യമായി സീനിയർ ടീമിലെത്തുന്ന താരമാണ് ലെഗ് സ്പിന്നർ രവി ബിഷ്ണോയ്. 21 വയസ്സുള്ള ബിഷ്ണോയ് ടീമിലെ പ്രായംകുറഞ്ഞ അംഗവുമാണ്. 

ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്‌വാദ്, ശിഖർ ധവാൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദീപക് ചാഹർ, ഷാർദുൽ ഠാക്കൂർ, യുസ്‌വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, വാഷിങ്ടൻ സുന്ദർ, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ

ട്വന്റി20 ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കടേഷ് അയ്യർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദീപക് ചാഹർ, ഷാർദുൽ ഠാക്കൂർ, രവി ബിഷ്ണോയ്, യുസ്‌വേന്ദ്ര ചെഹൽ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ

English Summary: India Team Selection for Windies Series; Updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA