ADVERTISEMENT

മെൽബൺ∙ കോവിഡ് വ്യാപനവും പരുക്കും കനത്ത തിരിച്ചടിയായതോടെ വെള്ളിയാഴ്ച നടക്കുന്ന ബിഗ് ബാഷ് ലീഗ് (ബിബിഎൽ) ഫൈനലിൽ 11 താരങ്ങളെ ഇറക്കാൻ സിഡ്നി സിക്സേഴ്സ് ബുദ്ധിമുട്ടുമ്പോൾ, പ്രശ്നങ്ങളുടെ ഗൗരവം വെളിപ്പെടുത്തിയും ക്രിക്കറ്റ് ഓസ്ട്രേലിയയ്‌ക്കിട്ട് ‘ഒന്നു കൊട്ടിയും’ അവരുടെ ഓസീസ് താരം ഡാൻ ക്രിസ്റ്റ്യൻ രംഗത്ത്. പെർത്ത് സ്കോച്ചേഴ്സിനെതിരെ നടക്കുന്ന കലാശപ്പോരാട്ടത്തിൽ സിഡ്നി സിക്സേഴ്സിനായി കളത്തിലിറങ്ങി ‘സഹായിക്കുന്നവർക്ക്’ മത്സരശേഷം ബീയർ നൽകാമെന്ന് ഓഫർ ചെയ്തിരിക്കുകയാണ് ക്രിസ്റ്റ്യൻ. ട്വിറ്ററിലൂടെയാണ് ക്രിസ്റ്റ്യൻ വ്യത്യസ്തമായ ഈ ഓഫർ നൽകിയിരിക്കുന്നത്.

‘മെൽബണിലുള്ള എല്ലാവർക്കുമായി ഒരു അറിയിപ്പ്. നാളെ രാത്രി ഒരു ക്രിക്കറ്റ് മത്സരം കളിക്കാൻ അവസരം. എന്റെ ടീം കോവിഡ് ബാധിതരല്ലാത്ത, പരുക്കില്ലാത്ത 11 താരങ്ങളെ കളത്തിലിറക്കാൻ ബുദ്ധിമുട്ടുകയാണ്. മത്സരത്തിനു മുന്നോടിയായി വാംഅപ്പ് 6.30ന് മാർവൽ സ്റ്റേഡിയത്തിൽ ആരംഭിക്കും. മത്സരശേഷം ബീയർ സൗജന്യം. താൽപര്യമുള്ളവർ ബന്ധപ്പെടുക (ടെസ്റ്റ് ക്രിക്കറ്റേഴ്സിനെ വേണ്ട)’ – ഇതായിരുന്നു ക്രിസ്റ്റ്യന്റെ ട്വീറ്റ്. ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സ് ഉൾപ്പെടെയുള്ളവർ ട്വീറ്റിന് രസകരമായ പ്രതികരണം കുറിച്ചിട്ടുണ്ട്. നാല് ഓവർ ബോൾ ചെയ്യാൻ നൽകുമെന്ന് ഉറപ്പു നൽകിയാൽ കളിക്കാൻ തയാറാണ്’ എന്നായിരുന്നു ഡിവില്ലിയേഴ്സിന്റെ മറുപടി.

കഴിഞ്ഞ ദിവസം നടന്ന ചാലഞ്ചർ പോരാട്ടത്തിൽ അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സിനെ തോൽപ്പിച്ചാണ് സിഡ്നി സിക്സേഴ്സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഈ മത്സരത്തിനു തൊട്ടുമുൻപ് വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഫിലിപ്പിന് കോവിഡ് സ്ഥിരീകരിച്ചതോടെ സഹപരിശീലകൻ ജയ് ലെന്റനെ ഉൾപ്പെടെ ഇറക്കിയാണ് സിഡ്നി ടീം കളിച്ചത്. എന്നാൽ, ഓപ്പണറായി പരീക്ഷിച്ച ഹെയഡൻ കേറിന്റെ അപ്രതീക്ഷിത ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിൽ സിഡ്നി നാലു വിക്കറ്റ് വിജയത്തോടെ ഫൈനലിൽ കടന്നു. 58 പന്തുകൾ നേരിട്ട ഹെയ്ഡൻ കേർ 10 ഫോറും രണ്ടു സിക്സും സഹിതം 98 റൺസുമായി പുറത്താകാതെ നിന്നു. കേറിന്റെ മികവിൽ 168 റൺസ് വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിലാണ് സിഡ്നി മറികടന്നത്.

അതേസമയം, വെള്ളിയാഴ്ച നടക്കേണ്ട ഫൈനലിൽ കളിപ്പിക്കാനും 11 പേരെ തികയ്ക്കാൻ പാടുപെടുകയാണ് സിഡ്നി. ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ ഉപനായകൻ സ്റ്റീവ് സ്മിത്ത് സിഡ്നിക്കായി കളിക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ അനുമതി നൽകിയില്ല. കോവിഡിന്റെ സാഹചര്യത്തിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന ലോക്കൽ റീപ്ലേസ്മെന്റ് പ്ലേയർ പൂളിൽനിന്നു മാത്രമേ പകരക്കാരനെ അനുവദിക്കൂ എന്നാണ് ബോർഡിന്റെ നിലപാട്.

സിഡ്നി ടീമിൽ ഓൾറൗണ്ടർ മോയ്സസ് ഹെൻറിക്വസ്, സ്റ്റീവ് ഒക്കീഫി, ജോർദാൻ സിൽക്, ഡാൻ ഹ്യൂഗ്സ് എന്നിവരാണ് പരുക്കുമൂലം പുറത്തിരിക്കുന്നവർ. ഇവർക്കു പുറമെ ജാക്ക് എഡ്‌വാർഡ്, മിക്കി എഡ്‌വാർഡ്, ജോഷ് ഫിലിപ്പ് തുടങ്ങിയവർ കോവിഡ് നിമിത്തവും കളത്തിനു പുറത്താണ്. ഈ സാഹചര്യത്തിലാണ് പകരക്കാരെ അനുവദിക്കാനും ‘മസിൽ പിടിക്കുന്ന’ ക്രിക്കറ്റ് ഓസ്ട്രേലിയയെ ‘കൊട്ടി’ ക്രിസ്റ്റ്യന്റെ ട്വീറ്റ്. 

English Summary: Sydney Sixers star Dan Christian offers 'free beer' for help in final, takes dig at Cricket Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com