മസ്കത്ത്∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് പടിയിറങ്ങിയ വിരാട് കോലി 2–3 മാസത്തേക്ക് സജീവ ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി രംഗത്ത്. ടീമിനായി സർവവും സമർപ്പിച്ച് കളിക്കുന്ന താരമായി കോലി തുടരണമെന്ന് ആവശ്യപ്പെട്ട ശാസ്ത്രി, കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഇനിയും സമ്പൂർണ മികവോടെ കളിക്കാൻ കോലിക്ക് സാധിക്കുമെന്നും അഭിപ്രായപ്പെട്ടു. ക്രിക്കറ്റിൽനിന്നുള്ള ഒരു ഇടവേള ശക്തമായി തിരിച്ചെത്താൻ കോലിയെ സഹായിക്കുമെന്നാണ് ശാസ്ത്രിയുടെ വിലയിരുത്തൽ.
പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് അക്തറുമായി അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിനായി നടത്തിയ സംഭാഷണത്തിലാണ് കോലിക്ക് ഒരു ഇടവേള അഭികാമ്യമാണെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടിയത്.
‘ഇപ്പോൾ കോലി കടുത്ത സമ്മർദ്ദം നേരിടുന്നുണ്ട്. ഓരോരുത്തരും അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഒരു മനുഷ്യനും സമ്പൂർണനല്ല. ക്രിക്കറ്റിലെ മഹാൻമാരായ താരങ്ങൾ പോലും ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത് നാം കണ്ടിട്ടുണ്ട്. സുനിൽ ഗാവസ്കറും സച്ചിൻ തെൻഡുൽക്കറും എം.എസ്. ധോണിയും അക്കൂട്ടത്തിലുണ്ട്. അദ്ദേഹം 94 ടെസ്റ്റുകൾ കളിച്ചു. ഇനിയും 10–15 ടെസ്റ്റുകൾ കളിക്കാൻ കഴിയുമായിരുന്നു. പക്ഷേ, അതിനു നിൽക്കാതെ മാറിക്കൊടുത്തു’ – ശാസ്ത്രി ചൂണ്ടിക്കാട്ടി.
‘33 വയസ്സായെന്ന സത്യം കോലി മനസ്സിലാക്കുന്നുണ്ടാകും. ഇനിയും കുറഞ്ഞത് അഞ്ച് വർഷമെങ്കിലും സജീവമായി തുടരാൻ കോലിക്കാകും. ശാന്തമായി ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു സമയം ഒരു കളിയെക്കുറിച്ച് മാത്രം ചിന്തിച്ച് മുന്നോട്ടുപോയാൽ കോലിക്ക് മികവു കാട്ടാം. ഇടയ്ക്ക് 2–3 മാസത്തേക്ക് ക്രിക്കറ്റിൽനിന്ന് ഇടവേളയെടുക്കുന്നതും നല്ലതായിരിക്കും. ഒരു പരമ്പരയിൽനിന്ന് പൂർണമായും വിട്ടുനിൽക്കുന്നത് ഉപകാരപ്പെടും’ – ശാസ്ത്രി പറഞ്ഞു.
‘ഇടവേളയ്ക്കുശേഷം തിരിച്ചെത്തി 3–4 വർഷം രാജാവിനേപ്പോലെ കളിക്കാം. മനസ് ശുദ്ധിയാക്കി തന്റെ ഉത്തരവാദിത്തം എന്തെന്ന് കൃത്യമായി തിരിച്ചറിഞ്ഞ് മുന്നോട്ടു പോകാൻ കോലിക്കാകും. അതാണ് ഇനി കോലിയിൽനിന്ന് ഞാൻ പ്രതീക്ഷിക്കുന്നത്. കളത്തിൽ വന്ന് മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുക. കളത്തിൽ അദ്ദേഹത്തിന് ബാക്കിവയ്ക്കാനാകുന്ന മികച്ച ഓർമകൾ കൂടിയാകും അത്’ – ശാസ്ത്രി പറഞ്ഞു.
ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിൽ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത് നല്ല തീരുമാണെങ്കിലും ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവയ്ക്കാനുള്ള കോലിയുടെ തീരുമാനം ഞെട്ടിച്ചെന്ന് ശാസ്ത്രി വെളിപ്പെടുത്തി.
‘ബയോ സെക്യുർ ബബ്ളിലെ തുടർച്ചയായ ജീവിതം മടുപ്പിക്കും. കോലിയേയും മടുപ്പു ബാധിച്ചിട്ടുണ്ടാകും. ഇത്തരമൊരു സാഹചര്യത്തിൽ മൂന്നു ഫോർമാറ്റിലും ടീമിനെ നയിക്കുന്നത് എളുപ്പമല്ല. കളിയിൽനിന്ന് മാറിനിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥ വരും.’
‘ഏകദിന, ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഉപേക്ഷിച്ച കോലിയുടെ തീരുമാനം നന്നായി എന്നേ ഞാൻ പറയൂ. പക്ഷേ, ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ച കോലിയുടെ തീരുമാനം എന്നെ വിസ്മയിപ്പിച്ചു. കാരണം, കോലിക്കു കീഴിൽ അഞ്ച് വർഷത്തോളമായി ഒന്നാം നമ്പർ ടീമാണ് ഇന്ത്യ. ഒരു പരമ്പരയിലെ തോൽവിയുടെ പേരിൽ രാജിവയ്ക്കേണ്ട കാര്യമുണ്ടോ എന്നാണ് ഞാൻ ചിന്തിച്ചത്.’
‘പക്ഷേ, ഇക്കാര്യത്തിൽ ആ വ്യക്തിയുടെ തീരുമാനത്തെ പിന്തുണയ്ക്കാനാണ് എനിക്കിഷ്ടം. കാരണം, അദ്ദേഹത്തിന്റെ മനസ്സിലുള്ളതെന്താണെന്ന് നമുക്കറിയില്ല. ഒരുപക്ഷേ, ഇതു മതി എന്ന് അദ്ദേഹത്തിന്റെ ശരീരം പറഞ്ഞിട്ടുണ്ടാകും. ക്യാപ്റ്റനെന്ന നിലയിൽ സാധ്യമായതിന്റെ പരമാവധി കോലി നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളിൽനിന്ന് 40 വിജയമെന്നത് ചെറിയ കാര്യമല്ല’ – ശാസ്ത്രി വിശദീകരിച്ചു.
English Summary: Virat Kohli can take 2-3 month's break, it will do him a world of good: Ravi Shastri